സാന്റ്ബാങ്ക്‌സ് തുരുമ്പെടുക്കുന്നു: ടൂറിസം പാക്കേജിനായി മുറവിളി
വടകര : ടൂറിസം മേഖലയിലെ കടത്തനാടിന്റെ പ്രതീക്ഷയായിരുന്ന വടകരയിലെ സാന്റ് ബാങ്ക്‌സില്‍ കോടികള്‍ മുടക്കി നിര്‍മിച്ച ഷെഡുകളും, ഗ്രാനൈറ്റ് കൊണ്ട് നിര്‍മിച്ച ഇരിപ്പിടങ്ങളും മറ്റും നശിക്കുന്നു. രണ്ട് കോടി രൂപ ചെലവിട്ടാണ് ഈ പ്രവൃത്തികള്‍ നടത്തിയത്. വിനോദ സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന സാന്റ്ബാങ്ക്‌സ് കൃത്യമായ പരിചരണമില്ലാത്തതിനാലാണ് നാശത്തിന്റെ പാതയിലായിരിക്കുന്നതെന്ന് നാട്ടുകാരും പ്രദേശത്തെ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും പറയുന്നത്.
കാട് പിടിച്ച് കിടന്നിരുന്ന സാന്റ്ബാങ്ക്‌സ് നവീകരിച്ച് വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ കോടിയേരി ബാലകൃഷ്ണന്‍ ടൂറിസം മന്ത്രിയായിരിക്കുന്ന കാലത്ത് സംസ്ഥാന ടൂറിസം വകുപ്പാണ് പദ്ധതി ആവിഷ്‌ക്കരിച്ചത്. അന്നത്തെ സര്‍ക്കാര്‍ ഇതിനായി രണ്ടു കോടിയോളം രൂപ വകയിരുത്തുകയും ചെയ്തിരുന്നു. ഇതിനിന്റെ ആദ്യഘട്ടമെന്ന നിലയില്‍ 95 ലക്ഷം രൂപ ചെലവഴിച്ച് പ്രവൃത്തികള്‍ ആരംഭിക്കുകയും ചെയ്തു.
രണ്ടാം ഘട്ടവും ഫണ്ട് നല്‍കിയതനുസരിച്ച് പ്രവൃത്തികള്‍ നടത്തിയിരുന്നു. എന്നാല്‍ പിന്നീട് ഒരു പ്രവര്‍ത്തനവും ഇവിടെ നടന്നിട്ടില്ല.
ആധുനിക രീതിയിലുള്ള റസ്‌റ്റോറന്റും മൂത്രപ്പുരയും കുട്ടികള്‍ക്ക് വേണ്ടി പാര്‍ക്കും നിര്‍മിക്കുമെന്നായിരുന്നു അധികൃതര്‍ പറഞ്ഞിരുന്നത്. സാന്റ്ബാങ്ക്‌സിന്റെ കിഴക്ക് ഭാഗത്തായി കെട്ടിടംപണിയുകയും കടലിനോട് ചേര്‍ന്ന നില്‍ക്കുന്ന ഭാഗത്തായി വഴിവിളക്കിനായി ധാരാളം ഇരുമ്പു തൂണുകള്‍ സ്ഥാപിക്കുകയും ചെയ്തു. ഈ തൂണുകളെല്ലാം തുരുമ്പെടുത്ത് നശിച്ചിരിക്കുകയാണ്. മാത്രമല്ല ഇതിന് മുകളിലായി സ്ഥാപിക്കാമെന്ന് പറഞ്ഞ ലൈറ്റും ഇതുവരെ സ്ഥാപിച്ചിട്ടില്ല. മത്സ്യബന്ധനത്തിനായി പോകുന്നവര്‍ക്ക് ഏറെ ആശ്വാസമേകാനായി ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചിരുന്നു. എന്നാല്‍ ടവര്‍ലൈറ്റും നാശത്തിന്റെ പാതയിലാണ്.
നടപ്പാതയില്‍ വിരിച്ച ടൈലുകള്‍ പലസ്ഥലത്തും തകര്‍ന്നു കിടക്കുകയാണ്. സന്ദര്‍ശകര്‍ക്ക് ഇരിക്കാനായി സ്ഥാപിച്ച ഗ്രാനൈറ്റ് ഇരിപ്പിടങ്ങളും തകര്‍ന്നു. ആഘോഷ ദിവസങ്ങളിലും, ദിവസേനയും ആയിരക്കണക്കിന് ആളുകളാണ് ഇവിടെ ഉല്ലാസത്തിനായി എത്തുന്നത്.
സന്ദര്‍ശകര്‍ക്ക് കുടിവെള്ളം പോലും ലഭ്യമാക്കാനുള്ള നടപടികള്‍ അധികൃതര്‍ കൈകൊണ്ടിട്ടില്ല. ടൂറിസത്തിന് ഏറെ പ്രാധാന്യം നല്‍കുമെന്ന് സര്‍ക്കാര്‍ പറയുമ്പോഴും ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ സാന്റ്ബാങ്ക്‌സിലെ നവീകരണ പ്രവൃത്തികള്‍ നടത്തിയിട്ടും അനുബന്ധമായ മറ്റു നടപടികള്‍ എടുക്കാത്തതില്‍ വ്യാപക പരാതി ഉയര്‍ന്നിരിക്കുകയാണ്.
സാന്റബാങ്ക്‌സിന്റെ പരിപാലനത്തിനായി ജനപ്രതിനിധികളടങ്ങിയ ഡി.എം.സി(ഡെസ്റ്റിനേഷന്‍ മാനേജ്‌മെന്റ് കൗണ്‍സില്‍) രൂപീകരിക്കുകയോ അല്ലാത്തപക്ഷം ഇരിങ്ങല്‍ സര്‍ഗാലയ മാതൃകയില്‍ യു.എല്‍.സിസിയെ നടത്തിപ്പിനായി ഏല്‍പ്പിക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വം ടൂറിസം മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു.
ഇതേ ആവശ്യം ഉന്നയിച്ച് പദ്ധതി ഏറ്റെടുക്കുന്നതിനായി യു.എല്‍.സി.സി പ്രസിഡന്റിനും കത്ത് നല്‍കിയിട്ടുണ്ട്. സാന്റ്ബാങ്ക്‌സ് നടത്തിപ്പ് ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജുമായി കൂട്ടിയോജിപ്പിച്ച് കൊണ്ട് ടൂറിസം പാക്കേജ് തയാറാക്കണമെന്ന് താഴെഅങ്ങാടി കോണ്‍ഗ്രസ് യൂനിറ്റ് യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. യോഗത്തില്‍ കെ.പി സുബൈര്‍ അധ്യക്ഷനായി. എന്‍വി ജലീല്‍, പി.എസ് രഞ്ജിത്ത്കുമാര്‍, കളത്തില്‍ പീതാംബരന്‍, ചിറക്കല്‍ അബൂബക്കര്‍, ടി അബ്ദുറഹിമാന്‍, ടി.പി രാജീവന്‍, എന്‍സി ഇബ്രാഹീം, കെവി അഹമ്മദ്, മീത്തല്‍ നാസര്‍, ടി സതീശന്‍, പെരിങ്ങാടി മുഹമ്മദ് ഹാജി, ആര്‍സി കുഞ്ഞബ്ദുള്ള, സികെ കോയമോന്‍, യു അബ്ദുറഹിമാന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."