ത്യാഗത്തിന്റെ നേരനുഭവമുള്ള നോമ്പോര്‍മ
ത്യാഗത്തിന്റെ നേരനുഭവമായാണ് ഞാന്‍ നോമ്പിനെ കാണുന്നത്. പലപ്പോഴും സക്കാത്ത് പൈസക്കായി വീട്ടിലെത്തുന്ന സാധുക്കളാണ് എന്നെ നോമ്പിന്റെ വരവറിയിക്കാറുള്ളത്. തട്ടമിട്ട് വരുന്ന ഉമ്മമാരുടെ പ്രാര്‍ഥനാ നിര്‍ഭരമായ മനസുകളെയാണ് ആ സമയത്ത് ഞാന്‍ കാണാറുള്ളത്. അതുകൊണ്ടു തന്നെ ഇതുവരെ അവരെയാരെയും ഞാന്‍ മടക്കിയയച്ചിട്ടുമില്ല. സമൂഹ നോമ്പുതുറയ്ക്ക് സ്ഥിരമായി പോകുന്ന ആളാണ് ഞാന്‍. അവിടെ വിഭവങ്ങള്‍ക്ക് മുന്നില്‍ ഇരിക്കുമ്പോഴാണ് നോമ്പു പിടിക്കുന്നവരുടെ മനഃശക്തിയുടെയും ത്യാഗത്തിന്റെയും അളവ് എനിക്ക് അനുഭവപ്പെടുന്നത്. വിഭവങ്ങളെല്ലാം മുന്നില്‍ നിരത്തി പള്ളിയിലെ ബാങ്ക് വിളിക്ക് കാതോര്‍ത്തിരിക്കുന്ന സഹോദരങ്ങളുടെ മുഖം എന്നും എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.
ഉമിനീര്‍ പോലും ഇറക്കാതെ ഈത്തപ്പഴവും കൈയില്‍ കരുതി കാത്തിരിക്കുന്ന മുസ്‌ലിം സഹോദരങ്ങളുടെ മനസിന്റെ ശക്തി അളക്കാന്‍ കഴിയുന്നതല്ലെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ഒരുനേരം പോലും ഭക്ഷണം കഴിക്കാനാകാതെ വിശപ്പടക്കി കഴിയുന്ന ആയിരക്കണക്കിന് ആളുകളുടെ പ്രതിരൂപമായാണ് നോമ്പു സമയത്ത് ഞാന്‍ അവരെ കാണുന്നത്. ത്യാഗത്തിന്റെ ആ സന്ദേശമാണ് എന്നെ നോമ്പിനോട് അടുപ്പിക്കുന്നത്. സാമൂഹ്യ സേവനങ്ങള്‍ക്ക് വേണ്ടി ദാനം ചെയ്യുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന മുസ്‌ലിം സഹോദരങ്ങളുടെ അടുക്കലേക്ക് പലതവണ മദ്യനിരോധന സമിതിക്ക് സംഭാവന ആവശ്യപ്പെട്ട് ഞാന്‍ പോയിട്ടുണ്ട്. പക്ഷേ ഒരിക്കല്‍ പോലും അവരാരും എന്നെ വെറും കൈയോടെ മടക്കി അയച്ചിട്ടില്ല. അവരുടെ മനസിന്റെ വിശാലത ഇതിലൂടെയാണ് ഞാന്‍ തൊട്ടറിഞ്ഞത്.
ദൈവത്തിന് സമര്‍പ്പിക്കപ്പെട്ട മാസത്തില്‍ ഇത്രയും കഠിനമായി ആചരിക്കുന്നതിനോടുള്ള ഐക്യദാര്‍ഢ്യവും സ്‌നേഹവും അറിയിക്കാനായി സംഘടനയുടെ പരിപാടികള്‍ നടക്കുന്ന ദിവസങ്ങളില്‍ ഞാന്‍ നോമ്പ് നോല്‍ക്കാറുണ്ട്. നോമ്പ് സുഖമുള്ള ഒരു അനുഭൂതിയാണെന്ന് ഞാന്‍ മനസിലാക്കിയത് അങ്ങിനെയാണ്. അധര്‍മങ്ങളില്‍ നിന്ന് വിട്ട് നിന്ന് മനസിനെ ശുദ്ധീകരിക്കുന്ന ഒരു മാസമായതിനാല്‍ തന്നെ സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും ശാന്തിയുടെയും ദിനങ്ങള്‍ നമുക്ക് സ്വപ്നം കാണാം. റമദാനില്‍ മാത്രമൊതുങ്ങാതെ എല്ലാ മാസവും അധര്‍മത്തില്‍ നിന്ന് വിട്ടുനിന്നാല്‍ ഈ ലോകത്ത് തന്നെ നമുക്കൊരു സ്വര്‍ഗം പണികഴിപ്പിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."