നാവികരഹസ്യങ്ങള്‍ ചോര്‍ത്തിയ കേസ്; ഉദ്യോഗസ്ഥരെ പുറത്താക്കിയ നടപടി സുപ്രിം കോടതി ശരിവച്ചു
ന്യൂഡല്‍ഹി: ഇന്ത്യയുടെ നാവിക സേനാ രഹസ്യങ്ങള്‍ ചോര്‍ത്തിയ കേസില്‍ മുതിര്‍ന്ന നാവിക സേനാ ഉദ്യോഗസ്ഥരെ പിരിച്ചുവിട്ട കേന്ദ്രസര്‍ക്കാരിന്റെ നടപടി സുപ്രിംകോടതി ശരിവച്ചു. കമാണ്ടര്‍ വി.കെ ഝാ, കമാന്‍ഡര്‍ വീരേന്ദ്ര റാണ എന്നിവരെ പിരിച്ചുവിട്ട നടപടിയും ഇവരെ പട്ടാളക്കോടതി വിചാരണക്ക് വിധേയമാക്കിയ നേവി ട്രൈബൂണലിന്റെയും നടപടിയാണ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ശരിവച്ചത്.
സര്‍ക്കാരിന്റെയും സൈനിക കോടതിയുടെയും നടപടി ചോദ്യംചെയ്ത് നാവിക ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രിംകോടതിയുടെ ഉത്തരവ്. തങ്ങള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാതെയാണ് പിരിച്ചുവിട്ടതെന്ന് ഇരുവരും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഇതു സംബന്ധിച്ച എല്ലാ ഔദ്യോഗിക ഫയലുകളും പരിശോധിച്ച ശേഷമാണ് ട്രൈബ്യുണല്‍ തീരുമാനമെടുത്തത്. ഈ സാഹചര്യത്തില്‍ പിരിച്ചു വിടല്‍ നടപടിയില്‍ അനുചിതമായി ഒന്നുമില്ലെന്നും സുപ്രിംകോടതി ചൂണ്ടിക്കാട്ടി.
രാജ്യസുരക്ഷയെ ബാധിക്കുന്ന രഹസ്യങ്ങളാണ് ഇരുവരും ചോര്‍ത്തിയതെന്ന് കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ ആര്‍. ബാലസുബ്രഹ്്മണ്യം കോടതിയില്‍ ചൂണ്ടിക്കാട്ടി. ഇവരെക്കൂടാതെ മുന്‍ നാവിക സേനാ ഓഫിസര്‍ കുല്‍ഭൂഷണ്‍ പ്രഷാര്‍, മുന്‍ എയര്‍ഫോഴ്‌സ് വിങ് കമാന്‍ഡര്‍ സാംബാ ജീ എല്‍. സുര്‍വേ, ആയുധ ഇടപാടുകാരന്‍ അഭിഷേക് വര്‍മ തുടങ്ങിയവരാണ് മറ്റു പ്രതികള്‍.
നാവികസേനയുടെ 700 പേജ് വരുന്ന വിവരങ്ങള്‍ ഇവര്‍ ചോര്‍ത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് 2005 ഒക്ടോബറിലാണ് ഇരുവരെയും സര്‍വിസില്‍ നിന്ന് പിരിച്ചുവിട്ടത്.
നാവിക സേനയുടെ അന്വേഷണം പൂര്‍ത്തിയായതിന് പിന്നാലെ കേസ് സി.ബി.ഐക്ക് കൈമാറി. കേസുമായി ബന്ധപ്പെട്ട ഏഴു പേരെ സിബി.ഐ അറസ്റ്റ് ചെയ്തു.
രഹസ്യങ്ങള്‍ ചോര്‍ന്നതായും ഔദ്യോഗിക രഹസ്യ നിയമത്തിന്റെ ലംഘനം നടന്നതായും കണ്ടെത്തിയ സി.ബി.ഐ, രാജ്യസുരക്ഷയെ ബാധിക്കുന്ന ഗൗരവമുള്ള വിവരങ്ങളാണ് ഇരുവരും ചോര്‍ത്തി നല്‍കിയതെന്നും വ്യക്തമാക്കി.
2005 മെയില്‍ രഹസ്യ രേഖകളടങ്ങിയ പെന്‍ഡ്രൈവ് കണ്ടെത്തിയതോടെയാണ് യുദ്ധമുറിയിലുണ്ടായ ചോര്‍ച്ച വെളിച്ചത്തുവരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."