സംസ്ഥാന സര്‍ക്കാര്‍ പുനഃപരിശോധനാ ഹരജി നല്‍കി
കൊച്ചി: കോതമംഗലം മാര്‍ത്തോമ ചെറിയപള്ളി കേസില്‍ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പുനപരിശോധനാ ഹരജി നല്‍കി.
പള്ളിയുടെ ഭരണവും നിയന്ത്രണവും ഏറ്റെടുക്കണമെന്ന് നിര്‍ദേശിച്ച് എറണാകുളം ജില്ലാ കലക്ടര്‍ക്ക് 2019 ഡിസംബര്‍ മൂന്നിന് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് സംസ്ഥാന സര്‍ക്കാരിന്റെ ഹരജി. കോടതിവിധി നടപ്പാക്കുന്നതു സംബന്ധിച്ച് വിവരങ്ങള്‍ നേരിട്ട് ബോധിപ്പിക്കുന്നതിന് എറണാകുളം ജില്ലാ കലക്ടര്‍ എസ് സുഹാസിനോട് നേരിട്ട് ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നു. സുപ്രിംകോടതി വിധി നടപ്പാക്കാന്‍ തയാറാണെന്ന് കലക്ടര്‍ കോടതിയില്‍ അഭിഭാഷകന്‍ മുഖേന ബോധിപ്പിച്ചതിനെതുടര്‍ന്ന് നേരിട്ട് ഹാജരാവുന്നതില്‍ നിന്നൊഴിവാക്കിയിരുന്നു. എന്നാല്‍ വിധി നടപ്പാക്കുന്നതില്‍ കാലതാമസം ആരോപിച്ച് ഓര്‍ത്തഡോക്‌സ് സഭ ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് പ്രത്യേക ഹരജി കോടതിയില്‍ സമര്‍പ്പിച്ചു. ഹരജി പരിഗണിക്കവെ സുപ്രിംകോടതി വിധി നടപ്പാക്കുന്നതില്‍ കാലതാമസം ഉണ്ടാകുമെന്നും ധൃതി കൂട്ടേണ്ടതില്ലെന്നും കോടതി വാക്കാല്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ ആരോടും കോടതി പക്ഷഭേദം കാണിക്കില്ലെന്നും ജസ്റ്റിസ് പി.ബി സുരേഷ് വ്യക്തമാക്കി.
പള്ളിതര്‍ക്കം സംബന്ധിച്ചു സുപ്രിംകോടതി പുറപ്പെടുവിച്ച ഉത്തരവുമായി ഹൈക്കോടതി ഉത്തരവില്‍ വൈരുദ്ധ്യങ്ങളുള്ളതിനാല്‍ ഇതു പുനപരിശോധിക്കണമെന്നാണ് ഹരജിയിലെ ആവശ്യം. സര്‍ക്കാരിനു വേണ്ടി എറണാകുളം ജില്ലാ കലക്ടര്‍, മൂവാറ്റുപുഴ ആര്‍.ഡി.ഒ, മൂവാറ്റുപുഴ ഡിവൈ.എസ്.പി, കോതമംഗലം പൊലിസ് ഇന്‍സ്‌പെക്ടര്‍ എന്നിവരാണ് ഹരജിക്കാര്‍. പുനപരിശോധനാ ഹരജി തീര്‍പ്പാക്കുന്നതുവരെ കോടതിയുടെ നേരത്തെയുള്ള വിധി നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. സുപ്രിംകോടതി വിധിക്ക് വിരുദ്ധമായാണ് പള്ളിയുടെയും പരിസരത്തിന്റെയും ചുമതല ജില്ലാ കലക്ടര്‍ക്ക് നല്‍കണമെന്ന് പറഞ്ഞിട്ടുള്ളത്. ഒരു വിശ്വാസിയെയും പള്ളിയില്‍ നിന്നും സെമിത്തേരിയില്‍ നിന്നും ഒഴിവാക്കി നിര്‍ത്താനാവില്ല. സുപ്രിംകോടതി വിധി പ്രകാരം പള്ളിയിലെത്തുന്ന വിശ്വാസികളെ തിരിച്ചറിയുന്നതിന് ചില നടപടികള്‍ സ്വീകരിക്കേണ്ടത് ആവശ്യമാണെന്നും ഹരജിയില്‍ പറയുന്നു. പള്ളിയിലെത്തുന്ന വിശ്വാസികളെ കൃത്യമായി തിരിച്ചറിയുന്നതിന് നടപടി സ്വീകരിക്കണമെന്ന സുപ്രിംകോടതി വിധിക്ക് വിരുദ്ധമാണ് ഹൈക്കോടതിയുടെ ഉത്തരവ്. സുപ്രിംകോടതി വിധിയിലെ നിര്‍ദേശങ്ങള്‍ക്കനുസൃതമായല്ല ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. വിശ്വാസികളെ കൃത്യമായി തിരിച്ചറിയാനായില്ലെങ്കിലും ക്രമസമാധാന പ്രശ്‌നങ്ങളില്‍ ഇടപെടുന്നതിന് തടസമില്ലെന്ന് ഹരജിയില്‍ പറയുന്നു.
സിവില്‍ തര്‍ക്കത്തില്‍ ഉണ്ടാകുന്ന ക്രമസമാധാന പ്രശ്‌നങ്ങള്‍ അടക്കം ചൂണ്ടികാട്ടിയാണ് സര്‍ക്കാരിന്റെ പുന:പരിശോധനാ ഹരജി.
സിംഗിള്‍ ബഞ്ചിന്റെ ഉത്തരവിനെതിരേ യാക്കോബായ വിഭാഗവും പുനപരിശോധന ഹരജിയുമായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. പള്ളി തര്‍ക്കവുമായി ബന്ധപ്പെട്ട എല്ലാ ഹരജികളും 27ന് പരിഗണിക്കാനായി മാറ്റി. സുപ്രിം കോടതി വിധി നടപ്പാക്കുകതന്നെ ചെയ്യുമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."