സാഹിത്യ ഉത്സവത്തിന് ഒരുങ്ങി കോഴിക്കോട് ബീച്ച്
കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരള സാഹിത്യോത്സവത്തിന്റെ നാലാം എഡിഷനു കോഴിക്കോട് ഒരുക്കമായി. ഇനി നാലുനാള്‍ കോഴിക്കോട് കടപ്പുറം സാഹിത്യ സാസ്‌കാരിക കലാ മാമാങ്കത്തിന്റെ തിരക്കിലമരും. ഇന്നു വൈകിട്ട് ആറിന് എം.ടി വാസുദേവന്‍ നായര്‍ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, എം.കെ രാഘവന്‍ എം.പി, എ. പ്രദീപ്കുമാര്‍ എം.എല്‍.എ, ഡോ. എം.കെ മുനീര്‍ എം.എല്‍.എ, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, നോര്‍വേ നയതന്ത്രജ്ഞനായ അര്‍ണേറോയ് വാള്‍തര്‍, കലക്ടര്‍ ശീറാം സാംബശിവ റാവു പങ്കെടുക്കും.
കല, സാഹിത്യം, രാഷ്ട്രീയം, പരിസ്ഥിതി, വിദ്യാഭ്യാസം, ഭാഷ, ആരോഗ്യം, ശാസ്ത്രം, സാങ്കേതികത, വികസനം, നവകേരളം, ചലച്ചിത്രം, ലിംഗനീതി, ദലിത് ജീവിതം, ദേശീയത, ജനാധിപത്യം, ആത്മീയത, ചരിത്രം, നാടകം, തത്വചിന്ത തുടങ്ങി നൂറോളം വിഷയങ്ങള്‍ അടിസ്ഥാനമാക്കി ചര്‍ച്ചകള്‍, സംവാദങ്ങള്‍, അഭിമുഖങ്ങള്‍, പ്രഭാഷണങ്ങള്‍ എന്നിവ നടക്കും.
അമേരിക്ക, യു.കെ, ജര്‍മ്മനി, ബെല്‍ജിയം, കാനഡ, സ്‌പെയിന്‍, ശ്രീലങ്ക തുടങ്ങി ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള അഞ്ഞൂറിലേറെ കവികള്‍, ചിന്തകര്‍, എഴുത്തുകാര്‍ എന്നിവര്‍ വിവിധ സെഷനുകളില്‍ സംബന്ധിക്കും.
ഇതിനു പുറമെ കലാ സാംസ്‌കാരിക സായാഹ്നങ്ങള്‍, ചിത്രപ്രദര്‍ശനം, പുസ്തകോത്സവം, ചലച്ചിത്രോത്സവം, കവിയരങ്ങ്, കഥയരങ്ങ്, ഖവാലി, റഷ്യന്‍ മ്യൂസിക് ആന്‍ഡ് ഡാന്‍സ്, കഥകളി, സൂഫി റോക്ക് മ്യൂസിക്ക്, വയലിന്‍ കച്ചേരി എന്നിവയും നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."