റോഹിങ്ക്യൻ മുസ്ലിം വംശഹത്യം; അന്താരാഷ്ട്ര കോടതിയുടെ നിർദേശം പൂർണ്ണമായി നടപ്പാക്കണമെന്ന് ഒ.ഐ.സി
ജിദ്ദ: റോഹിങ്ക്യൻ മുസ്ലിം വംശഹത്യക്കെതിരെ മ്യാൻമർ ഭരണകൂടം അടിയന്തര നടപടി സ്വീകരിക്കണമെന്ന അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ നിർദേശം പൂർണ്ണമായി നടപ്പാക്കാണ് തയ്യാറാകണമെന്നും ഒ.ഐ.സി. അന്തർദേശീയ സമൂഹം സ്ഥിതിഗതികൾ സൂക്ഷ്മമമായി നിരീക്ഷിക്കണമെന്നും ഒ.ഐ.സി നേതൃത്വം ആവശ്യപ്പെട്ടു.
വൈകിയാണെങ്കിലും റോഹിങ്ക്യൻ മുസ്‍ലിം ജനതക്ക് നീതി ഉറപ്പാക്കാൻ അന്താരാഷ്ട്ര കോടതിയുടെ ഇടപെടൽ വഴിയൊരുക്കുമെന്ന പ്രതീക്ഷയിലാണ് ഒ.ഐ.സി നേതൃത്വം. റോഹിങ്ക്യൻ സമൂഹത്തെ വംശഹത്യ ചെയ്യാൻ ആസൂത്രിത നീക്കങ്ങളാണ് മ്യാൻമറില്‍ നടന്നതെന്ന കോടതി കണ്ടെത്തൽ ഗൗരവ പൂർണമായ നടപടി സ്വീകരിക്കാൻ അന്താരാഷ്ട്ര സമൂഹത്തെ പ്രേരിപ്പിക്കണമെന്ന് പ്രസ്താവനയിൽ ഒ.ഐ.സി ചൂണ്ടിക്കാട്ടി. ഉത്തരവ് നടപ്പാക്കുന്നതിനായി എന്തെല്ലാം നടപടികളെടുത്തു എന്നതിനെപ്പറ്റി നാലു മാസത്തിനകം റിപ്പോർട്ട് നൽകണമെന്നതുൾപ്പെടെയുള്ള കോടതി തീർപ്പിനെയും ഒ.ഐ.സി സ്വാഗതം ചെയ്തു.
ആഫ്രിക്കൻ രാജ്യമായ ഗാംബിയയാണ് യു.എൻ കോടതിയെ സമീപിച്ചത്. 57 അംഗ ഇസ്‍ലാമിക സഹകരണ സംഘടന ഇതിന് പിന്തുണ നൽകുകയും ചെയ്തു. 1948ലെ വംശഹത്യ ഉടമ്പടിയിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചതാണ്. എന്നിരിക്കെ, കോടതി വിചാരണ നടപടികളിൽനിന്ന് ഒഴിഞ്ഞുമാറാൻ മ്യാന്മറിനാകില്ല.
നേരത്തെ, ബോസ്നിയൻ മുസ്‍ലിംകൾക്കെതിരെ സെർബിയ നടത്തിയ വംശഹത്യ കേസിലും യു.എൻ കോടതി വിചാരണ നടത്തിയിരുന്നു. മ്യാന്മർ ഭരണകൂടത്തിനെതിരെ നിരവധി രാജ്യങ്ങൾ രംഗത്തു വന്നിരിക്കെ, റോഹിങ്ക്യകളുടെ സുരക്ഷ ഉറപ്പാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഒ.ഐ.സി നേതൃത്വം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."