നിര്‍മാണസാമഗ്രികളും പണവും മൊബൈലും മോഷ്ടിച്ചയാള്‍ അറസ്റ്റില്‍
നിലമ്പൂര്‍: വീടുപണി നടക്കുന്ന സ്ഥലങ്ങളിലൂടെ മോട്ടോര്‍ ബൈക്കില്‍ കറങ്ങി കെട്ടിടം പണിക്കാരായ ഇതരസംസ്ഥാന തൊഴിലാളികളുടെ പണവും മൊബൈല്‍ ഫോണും മോഷ്ടിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. എരുമമുണ്ട സ്വദേശി മല്ലിയില്‍ റഫീഖി(32)നെയാണ് നിലമ്പൂര്‍ എസ്ഐ മനോജ് പറയറ്റ അറസ്റ്റ് ചെയ്തത്.
കെട്ടിടം തൊഴിലാളികള്‍ ജോലിക്കു കയറാനായി അഴിച്ചുവച്ച വസ്ത്രങ്ങളില്‍ നിന്നും പേഴ്സും പണവും മൊബൈല്‍ ഫോണും കവര്‍ന്നെടുക്കുകയാണ് പതിവ് രീതിയെന്ന് പൊലിസ് പറഞ്ഞു. മിക്കവാറും തൊഴിലാളികള്‍ ഹാളിലൊ മുന്‍ ഭാഗത്തെ മുറികളിലോ ആയിരിക്കും ഇവ സൂക്ഷിക്കുക. പ്രവൃത്തി മുകളിലേ നിലയിലോ വീടിന്റെ പിന്‍ഭാഗത്തോ ആണെങ്കില്‍ മോഷണം നടക്കുന്ന കാര്യം തൊഴിലാളികളുടെ ശ്രദ്ധയില്‍ പെടാറില്ല. ഇതരസംസ്ഥാന തൊഴിലാളികളാണെങ്കില് പരാതിപ്പെടാന്‍ സാധ്യതയില്ലാത്തതിനാലാണ് ഇവരെ ലക്ഷ്യം വയ്ക്കുന്നത്.
ഉച്ചക്ക് മൂന്നോടെ വടപുറം താളിപ്പൊയില്‍ റോഡില്‍ ഹാരിസ് എന്നയാളുടെ വീടുപണി നടക്കുന്ന സൈറ്റില്‍ പെയിന്റ് മേസ്തിരിയാണ് വൈറ്റ് വാഷിന് കരാര്‍ എടുക്കാന്‍ നോക്കാന്‍ വന്നതാണ് എന്ന് പരിചയപ്പെടുത്തി വീടു തേക്കുന്നവര്‍ താഴെ ജോലി ചെയ്യുമ്പോള്‍ മുകള്‍ നിലയിലേക്ക് കയറിപ്പോയി അവിടെ ബിഗ് ഷോപ്പറില്‍ പാന്റിന്റെ പോക്കറ്റില്‍ വെച്ചിരുന്ന 23000 രൂപ മോഷ്ടിക്കുകയായിരുന്നു. ഇതേ തരത്തില്‍ മുന്‍ വര്‍ഷങ്ങളില്‍ കുറ്റകൃത്യം നടത്തി പിടിയിലായ റഫീഖിന്റെ ഫോട്ടോ പൊലിസുദ്യോഗസ്ഥര്‍ കാണിച്ചത് അയല്‍വാസികള്‍ തിരിച്ചറിയുകയായിരുന്നു.
പ്രതിക്കെതിരേ വഴിക്കടവ്, സ്റ്റേഷനില്‍ രണ്ട് കേസും പോത്തുകല്ലില്‍ നാല് കേസും നിലമ്പൂരില്‍ ഒരു കേസും നിലവിലുണ്ട്. വീടുപണി സ്ഥലത്തു നിന്ന് പണവും ഫോണും മോഷ്ടിക്കുന്നതു കൂടാതെ സിമന്റും കമ്പിയും മോഷ്ടിച്ചതിനും ഇയാള്‍ക്കെതിരേ കേസ് നിലവിലുണ്ട്. മോഷ്ടിച്ച സിമന്റും കമ്പിയും സ്വന്തം വീടുപണിക്ക് ഉപയോഗിക്കുകയും ചെയ്തു. നിലമ്പൂര്‍ എ.എസ്.ഐ സജി, സി.പി.ഒമാരായ, രാജീവ്, വിമല്‍, അനീഷ് ചാക്കോ, ഡബ്ല്യൂ.സി.പി.ഒ സുമിത്ര എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."