കാര്‍ മോഷണ കേസില്‍ കസ്റ്റഡിയിലിരിക്കെ പൊലിസിനെ വെട്ടിച്ച് രക്ഷപ്പെട്ട മുഖ്യപ്രതി പിടിയിലായി
നിലമ്പൂര്‍: കാര്‍ മോഷണ കേസില്‍ കസ്റ്റഡിയിലായിരിക്കെ നിലമ്പൂര്‍ സ്‌റ്റേഷനില്‍ നിന്നും രക്ഷപ്പെട്ട മുഖ്യപ്രതിയെ പൊലിസ് പിന്‍തുടര്‍ന്ന് നാലു ദിവസത്തിനുശേഷം പിടികൂടി. മൂവാറ്റുപുഴ ചേലനക്കര കുന്നേല്‍ നിപുനെ(26)യാണ് ബാംഗ്ലൂരില്‍ നിന്നും മൈസൂരിലേക്ക് പോകുന്ന വഴി ശ്രീ രംഗപട്ടണത്തുവെച്ച് ടെമ്പോ ട്രാവലില്‍ സഞ്ചരിക്കവെ നിലമ്പൂര്‍ എസ്.ഐ കെ.എം സന്തോഷ് അറസ്റ്റു ചെയ്തത്. മൈസൂരില്‍ നിന്നും ഗോവയിലേക്ക് കടക്കാനായിരുന്നു ഉദ്ദേശ്യമെന്ന് പൊലിസ് പറഞ്ഞു.
മോഷ്ടിച്ച വാഹനവുമായി നിപുന്‍, മാവേലിക്കര സ്വദേശിയായ 26കാരി യുവതി, സൃഹൃത്ത് കൂടരഞ്ഞി കുളമ്പില്‍ സ്വാലിഹ്(26) എന്നിവരെ ഈ മാസം അഞ്ചിന് വൈകീട്ടോടെയാണ് മൂലേപ്പാടത്ത് വെച്ച് പൊലിസ് കസ്റ്റഡിയിലെടുത്തത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് മുഖ്യപ്രതിയായ നിപുന്‍ ബാത്ത് റൂമിലെ എക്‌സ്‌ഹോസ്റ്റ് ഫാന്‍ നീക്കി പൊലിസിനെ വെട്ടിച്ച് രക്ഷപ്പെട്ടത്. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് പ്രതിയെ പിന്‍തുടര്‍ന്ന് പൊലിസ് സ്‌ക്വാഡ് മാഹിയില്‍ എത്തിയെങ്കിലും ഇവിടെ നിന്നും നിപുന്‍ തന്ത്രപരമായി രക്ഷപ്പെട്ടിരുന്നു. പിന്നീട് നിലമ്പൂര്‍ എസ്.ഐ സന്തോഷിനു ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് പിന്‍തുടര്‍ന്ന് പൊലിസ് സംഘം ശ്രീരംഗ പട്ടണത്ത് വെച്ച് ടെമ്പോ ട്രാവലര്‍ വളഞ്ഞാണ് പ്രതിയെ പിടികൂടിയത്. പൊലിസിനെ കണ്ട പ്രതി ടെമ്പോ ട്രാവലറില്‍ നിന്നും ഇറങ്ങി ഓടാന്‍ ശ്രമിച്ചെങ്കിലും പൊലിസ് കീഴടക്കുകയായിരുന്നു
.
നിലമ്പൂര്‍ സ്‌റ്റേഷനില്‍ നിന്നും മുങ്ങി ചന്തക്കുന്നില്‍ നിര്‍ത്തിയിട്ട ബൈക്ക് മോഷ്ടിച്ചാണ് ഇയാള്‍ രക്ഷപ്പെട്ടത്. പെട്രോള്‍ തീര്‍ന്നതിനെ തുടര്‍ന്ന് ബൈക്ക് ആനക്കയത്ത് ഉപേക്ഷിച്ചതായും ഇത് കണ്ടെത്തിയിട്ടില്ലെന്നും പൊലിസ് പറഞ്ഞു. എസ്.ഐ സന്തോഷിന്റെ നേതൃത്വത്തില്‍ മൊബൈല്‍ ടവര്‍ ലോക്കേഷന്‍ മനസിലാക്കി പിന്‍തുടര്‍ന്ന പൊലിസ് മാഹിയില്‍വെച്ച് നിപുനിനെ കണ്ടുവെങ്കിലും പിടികൂടാനായിരുന്നില്ല.ഇവിടെ നിന്നും വെട്ടിച്ചുകടന്ന ഇയാളുടെ മൊബൈല്‍ ഫോണും, ബാഗും പൊലിസ് പിടികൂടികൂടിയിരുന്നു. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനായിരുന്നു പൊലിസ് തീരുമാനിച്ചിരുന്നതെങ്കിലും മൊബൈല്‍ പൊലിസിന്റെ കയ്യിലകപ്പെട്ടതോടെ ആ ഉദ്യമവും വിഫലമായി. ഇതിനിടെ മാഹിയില്‍ വെച്ച് ഒരു വീട്ടില്‍ നിന്നും 3500രൂപ, സ്‌കൂട്ടി, വീട്ടിലെ നോക്കിയ മൊബൈല്‍, ബാഗ് എന്നിവയും തട്ടിയെടുത്താണ് നിപുന്‍ കടന്നു കളഞ്ഞത്. മാഹിയില്‍ നിന്നും മോഷ്ടിച്ച സ്‌കൂട്ടി മാഹിയിലെ റെയില്‍വെ സ്‌റ്റേഷനില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. പ്രതി നേരത്തെ നല്‍കിയ മേല്‍ വിലാസം വ്യാജമായതും അന്വേഷണത്തിന് തിരിച്ചടിയായി. മൂവാറ്റുപുഴ, തൊടുപുഴ എന്നിവിടങ്ങളിലും ഇയാള്‍ക്കെതിരെ ഭവനഭേദനത്തിനു കേസുകളുണ്ട്. ഈ കേസുകളില്‍ കോടതിയുടെ വാറണ്ട് നിലവിലുണ്ട്. ഇതിനു പുറമെ കഞ്ചാവ് കേസുകള്‍ ഉണ്ടായിരുന്നെങ്കിലും പലതും തീര്‍പ്പാക്കിയതാണ്. നിലമ്പൂര്‍ പൊലിസില്‍ പിടിയിലായപ്പോള്‍ നിപുന്‍ എറണാകുളം പുല്ലേപ്പടി സ്വദേശി എന്ന വ്യാജ വിലാസമാണ് നല്‍കിയിരുന്നത്. കാറില്‍ വെച്ച് ഒപ്പം അറസ്റ്റ് ചെയ്ത മാവേലിക്കര സ്വദേശിനി മിഖാ സൂസന്‍ മാണിയുമായി നിപുന്‍ പ്രണയത്തിലായിരുന്നുവെന്ന് മൊഴി നല്‍കിയിട്ടുണ്ട്. കേസിലെ മറ്റൊരു പ്രതി കൂടരഞ്ഞി കുളമ്പില്‍ സ്വലിഹ് ബംഗളൂരുവില്‍ വെച്ചാണ് ഇവരുമായി പരിചയപ്പെടുന്നത്. നിലവിലെ കേസുകള്‍ക്കു പുറമെ കസ്റ്റഡിയിലിരിക്കെ സ്റ്റേഷനില്‍ നിന്നും രക്ഷപ്പെട്ടതിന് 225 ബി പ്രകാരവും, ചന്തക്കുന്നില്‍ നിന്നും ബൈക്ക് മോഷ്ടിച്ചതിനും കേസുണ്ട്. ഇയാളെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."