കുട്ടനാടിനായി കൂട്ടയിടി; സ്ഥാനാര്‍ഥിയെ നിശ്ചയിച്ച് ജോസഫ്
സ്വന്തം ലേഖകന്‍
കോട്ടയം: കുട്ടനാട് സീറ്റിനെ ചൊല്ലി കേരള കോണ്‍ഗ്രസിലെ ജോസഫ് - ജോസ് വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം മുറുകി. കുട്ടനാട്ടില്‍ കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥി ജേക്കബ് എബ്രഹാം മത്സരിക്കുമെന്ന് പി.ജെ ജോസഫ് പ്രഖ്യാപിച്ചു.
സ്ഥാനാര്‍ഥിയെ നിശ്ചയിക്കാന്‍ അഞ്ചംഗ സമിതിയെ ജോസ് വിഭാഗം നിയോഗിച്ചതിനു പിന്നാലെയാണ് ജോസഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. കുട്ടനാട് സീറ്റില്‍ കഴിഞ്ഞ തവണ മത്സരിച്ചു തോറ്റ ജേക്കബ് എബ്രഹാമിന്റെ പേരാണ് പരിഗണനയില്‍ എന്നാണ് പി.ജെ ജോസഫ് കോട്ടയത്ത് വ്യക്തമാക്കിയത്.
ജേക്കബിന് വിജയ സാധ്യതയുണ്ടെന്നാണ് ജോസഫിന്റെ നിലപാട്. കുട്ടനാട് സീറ്റില്‍ യു.ഡി. എഫിന് ഒരു സ്ഥാനാര്‍ഥിയെ കുട്ടനാട്ടില്‍ ഉണ്ടാകൂ. ജോസ് വിഭാഗം പ്രഖ്യാപിക്കുന്ന സ്ഥാനാര്‍ഥി യു.ഡി.എഫ് സ്ഥാനാര്‍ഥി ആകില്ല. കുട്ടനാട് സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കില്ലെന്നും പി.ജെ ജോസഫ് പറഞ്ഞു.
യു.ഡി.എഫുമായി ചര്‍ച്ച നടത്തി സ്ഥാനാര്‍ഥി നിര്‍ണയം നടത്തും. രണ്ടില ചിഹ്നത്തില്‍ തന്നെ കുട്ടനാട്ടില്‍ സ്ഥാനാര്‍ഥി മത്സരിക്കും. കഴിഞ്ഞതവണ ജോസ് വിഭാഗം കുട്ടനാട്ടില്‍ വിമത നീക്കം നടത്തിയിരുന്നു. നെല്‍കര്‍ഷക യൂനിയന്റെ പേരില്‍ ജോസ് വിഭാഗം സ്ഥാനാര്‍ഥിയെ നിര്‍ത്തി. എന്നാല്‍ ഈ സ്ഥാനാര്‍ഥിക്ക് വെറും 250 വോട്ടു മാത്രമാണ് കിട്ടിയത്.
കേരള കോണ്‍ഗ്രസ് (എം) ഒന്നേയുള്ളൂ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ധാരണ യു. ഡി.എഫ് പാലിക്കുമെന്നാണ് കരുതുന്നത്. പാലായില്‍ ജോസഫ് വിഭാഗം സ്ഥാനാര്‍ഥിയെ തോല്‍പ്പിച്ചതല്ല, തോറ്റതാണ്. പാലായിലെ പോലുള്ള രീതികള്‍ കുട്ടനാട്ടില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ജോസഫ് പറഞ്ഞു. പ്രതിഛായയില്‍ തനിക്കെതിരേ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ ആഗ്രഹിക്കുന്നില്ല.പട്ടികള്‍ കുരച്ചുകൊണ്ടേയിരിക്കുമെന്നും പരിഹാസ രൂപേണ പി.ജെ ജോസഫ് പറഞ്ഞു.
അതിനിടെ ജോസഫിന്റെ പ്രഖ്യാപനത്തിനെതിരേ ജോസ് വിഭാഗം രംഗത്തെത്തി. കുട്ടനാട്ടിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ പി.ജെ ജോസഫിനെ ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗം സംസ്ഥാന ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."