സദാചാരം
തട്ടുകടയിലെ പഴകിയ എണ്ണയുടെ നിറമായിരുന്നു, സന്ധ്യയുടെ അടര്‍ത്തിമാറ്റിയ ഇരുട്ടിന്റെ അരണ്ട വെളിച്ചത്തിന്. പകലിന്റെ സൂര്യതാപമേറ്റ് പൊള്ളിയ റോഡിന്റെ വിരിമാറില്‍ സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചം പരന്നു.
'അതാ, അവള്‍'
ഞങ്ങള്‍ നാലു പേരിലെ ഒരുവന്‍ നിസംശയം ശബ്ദത്തിന്റെ കടവേര് ഇളക്കിപൊട്ടിച്ചു. ക്ലബിനു മുന്‍പില്‍ കാത്തുനിന്ന ഞങ്ങള്‍ അവളുടെ പര്‍ദയിട്ട ഇരുണ്ട രൂപം അകലെ നിന്ന് സ്‌ക്രീനിലെ നായിക നടിയെപോലെ റോഡിനരികു പറ്റി നടന്നു വരുന്നത് കണ്ടു. പതിവു പോലെ കൈയില്‍ ഭാരമുള്ള സഞ്ചിയുണ്ട്. ഭൂമിയുമായി മറ്റാര്‍ക്കുമില്ലാത്ത ഒരു ബന്ധം സ്വായത്തമാക്കിയതു പോലെയാണ് ആ കാലുകള്‍ ചലിക്കുന്നത്.
മറ്റൊന്നിലേക്കും ശ്രദ്ധയെറിയാതെ ഞങ്ങളുടെ മുന്നിലൂടെ മാന്‍പേട മിഴികള്‍ മാത്രം പുറത്തു കാണാവുന്ന അവള്‍ കടന്നു പോയപ്പോള്‍ ഞങ്ങള്‍ ടോര്‍ച്ചുമായി മുന്‍പ് തീരുമാനിച്ച പ്രകാരം കരുതലോടെ പിന്തുടര്‍ന്നു. അന്വേഷണത്തില്‍ അവള്‍ ഗ്രാമത്തിന്റെ ഉള്‍ഭാഗത്ത് വാടകയ്ക്കു താമസിക്കുന്ന ഏതോ ഒരുവന്റെ ഭാര്യയാണെന്നും പകല്‍ മുഴുവന്‍ ടൗണിലെ ഷോപ്പിലേക്ക് ജോലിക്ക് പോവുകയാണെന്നുമാണ് അറിഞ്ഞത്. വല്ലപ്പോഴും മാത്രമാണ് ജോലിക്കിടയില്‍ ഭര്‍ത്താവ് വീട്ടിലെത്തുന്നത്. നേരമിരുട്ടിയാല്‍ അവളുടെ തനിച്ചുള്ള ഈ യാത്രയിലെ ദുരൂഹതയുടെ കെട്ടുകളൊന്നൊന്നായി അഴിച്ച് തനിസ്വരൂപം വെളിച്ചത്തു കൊണ്ടു വരണം. ഒരു വ്യഭിചാരിയായാല്‍ കലക്കി. ആധികാരികമായി കണ്ടെത്തി സമൂഹസദ്യ പോലെ ഗ്രാമത്തില്‍ വിളമ്പുന്നതിന്റെ ഉന്മാദാവസ്ഥയിലായി ഞങ്ങള്‍. ഗ്രാമത്തിലെ ഇത്തരം ചില കുത്സിത ശ്രമങ്ങള്‍ മുന്‍പും ഞങ്ങള്‍ പൊളിച്ചടുക്കിയിട്ടുണ്ട്.
ഞങ്ങളുടെ ക്ലബ് കഴിഞ്ഞ വര്‍ഷത്തെ ലോക പരിസ്ഥിതിദിനത്തില്‍ റോഡരികില്‍ നട്ട വൃക്ഷത്തൈകളെ ടോര്‍ച്ച് വെളിച്ചത്തില്‍ ഒന്നൊന്നായി ശ്രദ്ധിച്ചു. എല്ലാം കരിഞ്ഞു പോയിരിക്കുന്നു. ജയിലറ പോലെ തീര്‍ത്ത നെറ്റും 'മരം ആഗോള താപനത്തിനൊരു മറുപടി' എന്ന പ്രസ്താവനയുള്ള ക്ലബിന്റെ പേരടങ്ങിയ ബോര്‍ഡും മാത്രമാണ് അവശേഷിച്ചിരിക്കുന്നത്. പിന്നീട് ഇതൊന്നും ശ്രദ്ധിക്കുകയുണ്ടായില്ല. അതിനു നേരവുമില്ല. ഈ വര്‍ഷത്തെ അതിരു കടന്ന വെയിലും അതിനു കാരണമായി.
വളവുകള്‍ തിരിഞ്ഞ് കുറേദൂരം കൂടി നടന്ന് അവള്‍ ഇരുട്ടത്ത് നിന്നു. പിന്നെ കൈയിലുള്ള മൊബൈല്‍ ടോര്‍ച്ച് ഓണാക്കി സഞ്ചിയില്‍ നിന്ന് വലിയൊരു കുപ്പിയെടുത്ത് മൂടി തുറന്ന് സമീപത്തുള്ള വൃക്ഷത്തൈയിന്റെ ചുവട്ടില്‍ വെള്ളമൊഴിച്ചു. പിന്നെ മറ്റൊരു കുപ്പിയെടുത്ത് കുറച്ചകലത്തിലുള്ള മറ്റൊരു വൃക്ഷത്തൈയിന്റെ ചുവട്ടിലും ഒഴിച്ചു.
ഞാന്‍ ടോര്‍ച്ചടിച്ചു നോക്കി. വെളിച്ചത്തിന്റെ വലയത്തില്‍ തളിര്‍ത്ത ഇലകളുമായി ആഹ്ലാദത്തോടെ മുകളിലേക്കു കുതിച്ചുയരാന്‍ വെമ്പല്‍കൊള്ളുന്ന രണ്ടു വൃക്ഷത്തൈകള്‍..!
പിന്നെ അവളുടെ മുഖത്തേക്ക് ടോര്‍ച്ച് ചലിപ്പിച്ചു. ഇരുട്ടിലെ നാലു പേരുടെ അനക്കങ്ങളില്‍ അനല്‍പ്പമായ പരിഭ്രമത്തോടെ ആ കണ്ണുകള്‍ അസാധാരണമായി പിടച്ചു. ധൃതിയില്‍ അവള്‍ തിരിച്ചു നടന്നു.
ഞങ്ങളില്‍ താട വീക്കം പോലെ നിരാശ വീങ്ങി. അന്യോന്യം ഒന്നുമുരിയാടാതെ അപരിചിതരായി അലസമായി തിരിച്ചു നടന്നു. ആ പ്രവൃത്തി അറിയുകയോ കാണുകയോ ചെയ്തിട്ടില്ലെന്ന ഭാവത്തില്‍ അവനവന്റെ മൊബൈലിലേക്ക് ഓരോരുത്തരും വേര്‍പ്പെടുമ്പോള്‍ എന്റെ ഉള്ളിലിരുന്ന് ആരോ ചോദിച്ചു:
''ആ മാന്‍പേട മിഴികള്‍ മാലാഖയുടേത് പോലെയില്ലേ...''
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."