കോണ്‍ഗ്രസ് പുനഃസംഘടനാ പട്ടിക 15ന്
വി.എസ് പ്രമോദ്#
തിരുവനന്തപുരം: കെ.പി.സി.സി പുനഃസംഘടനാ പട്ടിക 15ന് പുറത്തിറക്കിയേക്കും. കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവനില്‍ ഇന്നുചേരുന്ന നേതാക്കളുടെ യോഗത്തില്‍ തര്‍ക്കങ്ങള്‍ പരിഹരിക്കാനായാല്‍ പുതിയ കെ.പി.സി.സി ഭാരവാഹികളുടെ പട്ടിക ചൊവ്വാഴ്ച പുറത്തിറങ്ങും.
ഗ്രൂപ്പ് താല്‍പര്യങ്ങളും ഗ്രൂപ്പിതര താല്‍പര്യങ്ങളും പരിഗണിച്ചുകൊണ്ടുള്ള പട്ടികയാണ് തയാറാക്കിയിരിക്കുന്നത്. ആദ്യ പട്ടിക സംബന്ധിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ ഒരുവട്ടം ചര്‍ച്ച നടത്തിയിരുന്നു. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, പി.സി ചാക്കോ, കെ.സി വേണുഗോപാല്‍ എന്നിവരും ഇപ്പോഴത്തെ പട്ടിക സംബന്ധിച്ച് ചര്‍ച്ച നടത്തിയിട്ടുണ്ട്. എങ്കിലും പരിഹരിക്കപ്പെടാത്ത ചില തര്‍ക്കങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് ലിസ്റ്റ് പുറത്തുവിടാതിരിക്കുന്നത്.
25 അംഗ കമ്മിറ്റി മതിയെന്ന തരത്തിലുള്ള ചര്‍ച്ചയാണ് തുടക്കത്തില്‍ നടന്നതെങ്കിലും ഇപ്പോള്‍ ഭാരവാഹികളുടെ എണ്ണം 35ലേക്ക് എത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് ഐ ഗ്രൂപ്പിന്റെ പ്രതിനിധിയായി വി.എസ് ശിവകുമാര്‍, വിജയന്‍ തോമസ് എന്നിവരുടെയും എ ഗ്രൂപ്പില്‍നിന്ന് തമ്പാനൂര്‍ രവിയുടെ പേരുമാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കുള്ളത്.
ഒരു ജില്ലയില്‍നിന്ന് ഒരാള്‍ ജനറല്‍ സെക്രട്ടറിയായാല്‍ മതിയെന്നാണ് മുല്ലപ്പള്ളിയുടെ അഭിപ്രായം. പക്ഷേ രണ്ടുപേരെ അനുവദിച്ച് രണ്ടു ഗ്രൂപ്പില്‍നിന്നും ഒരോരുത്തരെ വച്ചാലും ഐ ഗ്രൂപ്പില്‍ പ്രശ്‌നമാകും. തന്നെ ജനറല്‍ സെക്രട്ടറിയാക്കിയില്ലെങ്കില്‍ ബി.ജെ.പിയില്‍ ചേരുമെന്നാണ് വിജയന്‍ തോമസിന്റെ ഭീഷണി.
ഭീഷണിക്കു വഴങ്ങേണ്ടതില്ലെന്നും പോകുന്നെങ്കില്‍ വിജയന്‍ തോമസ് പോകട്ടെയെന്നും തനിക്ക് ജനറല്‍ സെക്രട്ടറിയാകണമെന്നുമാണ് വി.എസ് ശിവകുമാറിന്റെ വാദം. രണ്ടുപേരും ഐ ഗ്രൂപ്പുകാരായതിനാല്‍ രമേശ് ചെന്നിത്തല ആകെ പ്രതിസന്ധിയിലായിട്ടുണ്ട്.
കൊല്ലത്തും ഐ ഗ്രൂപ്പിന്റെ നോമിനിയുടെ പേരിലാണ് തര്‍ക്കം. നിലവില്‍ കെ.പി.സി.സി സെക്രട്ടറിയായ ജ്യോതികുമാര്‍ ചാമക്കാലയെ ജനറല്‍ സെക്രട്ടറിയാക്കണമെന്നാണ് ചെന്നിത്തലയുടെ താല്‍പര്യം. പക്ഷേ കൊല്ലം ജില്ലയിലെ ഐ ഗ്രൂപ്പിലുള്ള മറ്റെല്ലാവരും ഇതിനെ എതിര്‍ക്കുന്നുണ്ട്. ഇതും തര്‍ക്കവിഷയമായി തുടരുകയാണ്.
വൈസ് പ്രസിഡന്റുമാര്‍ വേണമെന്ന ആവശ്യം ഹൈക്കമാന്‍ഡ് തള്ളിയിട്ടുണ്ട്. നിലവില്‍ വര്‍ക്കിങ് പ്രസിഡന്റുമാരുള്ളപ്പോള്‍ വൈസ് പ്രസിഡന്റുമാര്‍ വേണ്ടെന്ന് കെ.പി.സി.സിയെ ഹൈക്കമാന്‍ഡ് അറിയിച്ചിട്ടുണ്ട്.
എം.ഐ ഷാനവാസ് മരിച്ചതിനെ തുടര്‍ന്ന് വന്ന വര്‍ക്കിങ് പ്രസിഡന്റ് ഒഴിവിലേക്ക് മുസ്‌ലിം സമുദായത്തില്‍നിന്നു തന്നെയുള്ള ടി. സിദ്ധിഖ്, ഷാനിമോള്‍,ഉസ്മാന്‍ എന്നിവരെയാണ് പരിഗണിക്കുന്നത്. ഷാനിമോള്‍, ഉസ്മാനുമായുള്ള കെ.സി വേണുഗോപാലിന്റെ അകല്‍ച്ച വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനത്തേക്ക് ടി. സിദ്ധിഖിനുള്ള വഴിയാണ് തുറക്കുന്നത്. കെ.പി.സി.സിയില്‍ ഉള്‍പ്പെടുത്തേണ്ട 15 നിലവിലുള്ളതും മുന്‍ യൂത്ത് കോണ്‍ഗ്രസുകാരുമായവരുടെ പട്ടിക യൂത്ത് കോണ്‍ഗ്രസും നല്‍കിയിട്ടുണ്ട്.
സാധാരണ കെ.പി.സി.സി പുനഃസംഘടന നടക്കുമ്പോള്‍ എ ഗ്രൂപ്പിന്റെ പ്രതിനിധിയായി തമ്പാനൂര്‍ രവിയും ഐ ഗ്രൂപ്പില്‍നിന്നു ശൂരനാട് രാജശേഖരനുമാണ് കാലാകാലങ്ങളില്‍ ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്നതെങ്കില്‍ മുല്ലപ്പള്ളി ഇക്കാര്യത്തില്‍ മാറ്റമുണ്ടാക്കിയിട്ടുണ്ട്.
ചെന്നിത്തല, ഉമ്മന്‍ചാണ്ടി എന്നിവരുമായും പി.സി ചാക്കോ, കെ.സി വേണുഗോപാല്‍ എന്നിവരുമായി നേരിട്ടുള്ള ചര്‍ച്ചയാണ് പുനഃസംഘടനയുടെ കാര്യത്തില്‍ അദ്ദേഹം നടത്തിയത്.
മറ്റു സംസ്ഥാനങ്ങളിലെ സന്ദര്‍ശനത്തിനു ശേഷം രാഹുല്‍ഗാന്ധി തിരിച്ചെത്തുന്നതിനിടെ തര്‍ക്കങ്ങള്‍ പരിഹരിച്ചുള്ള അന്തിമ പട്ടിക കൈമാറുകയും ഈ മാസം 15നുതന്നെ അത് പുറത്തുവിടുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."