'ഒരുദിവസം പൊട്ടിവീണ ആളല്ല താന്‍; ഊരിപ്പിടിച്ച കത്തികള്‍ക്കിടയിലൂടെ നടന്നിട്ടുണ്ട്'
മംഗളൂരു: ഒരുദിവസം ആകാശത്തുനിന്ന് പെട്ടിവീണ ആളല്ല താനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മംഗളൂരുവില്‍ സി.പി.എം ദക്ഷിണ കാനറ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മതസൗഹാര്‍ദ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കര്‍ണാടകയില്‍ കാലുകുത്താനനുവദിക്കില്ലെന്ന സംഘ്പരിവാര്‍ ഭീഷണിക്ക് മറുപടിയായാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
ആര്‍.എസ്.എസുകാരെ കണ്ടുതന്നെയാണ് വളര്‍ന്നത്. പൊലിസ് കാവല്‍ ഇല്ലാത്ത കാലത്തുപോലും ഒന്നും ചെയ്യാന്‍ സാധിച്ചിട്ടില്ല. ഊരിപ്പിടിച്ച കത്തിക്കും വാളിനുമിടയിലൂടെയാണ് അക്കാലത്ത് നടന്നുപോയത്. മുഖ്യമന്ത്രി ആയതിനാലാണ് മറ്റ് സംസ്ഥാനങ്ങളില്‍ പോകുമ്പോള്‍ അവിടെയുള്ള സര്‍ക്കാരുകള്‍ പറയുന്നത് അനുസരിച്ചത്. മുഖ്യമന്ത്രി അല്ലാത്ത പിണറായി വിജയനായിരുന്നെങ്കില്‍ എല്ലായിടത്തും എത്തുമായിരുന്നു. ഇന്ദ്രനായാലും ചന്ദ്രനായാലും എന്നെ ഒരിടത്തും തടയാനാവില്ല.
സംഘ്പരിവാറുകാര്‍ പരസ്പരം കൊല്ലുന്ന കാഴ്ചയാണ് രാജ്യത്ത് കാണാനാകുന്നത്. ഹിറ്റ്‌ലറെ സ്വീകരിച്ചതും പുകഴ്ത്തിയതും ആര്‍.എസ്.എസ് മാത്രമാണ്. സ്വാതന്ത്ര്യസമരത്തെ വഞ്ചിച്ച പാരമ്പര്യമാണ് അവര്‍ക്കുള്ളത്. രാജ്യത്തുനടന്ന എല്ലാ കലാപങ്ങള്‍ക്കുപിന്നിലും ആര്‍.എസ്.എസിന് പങ്കുണ്ട്. എക്കാലത്തും വര്‍ഗീയത വച്ചുപുലര്‍ത്തുന്ന ആര്‍.എസ്.എസ് തീരുമാനിക്കുന്ന കാര്യങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നത്. അസഹിഷ്ണുതയുടെ മൂര്‍ത്തീഭാവമായ ഈ സംഘടനയെ പ്രധാനമന്ത്രിക്കുപോലും പേടിയാണ്. സംഘ്പരിവാര്‍ ഭീഷണികള്‍ക്കിടയിലും ആവശ്യമായ സുരക്ഷയൊരുക്കിയ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കും സര്‍ക്കാരിനും നന്ദി അറിയിച്ചാണ് പിണറായി പ്രസംഗം അവസാനിപ്പിച്ചത്.
ഉച്ചയ്ക്ക് മൂന്നോടെ ജ്യോതി സര്‍ക്കിളില്‍ നിന്നാരംഭിച്ച മതസൗഹാര്‍ദ റാലിയില്‍ കേരള, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നായി ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. കനത്ത പൊലിസ് കാവലിലാണ് പരിപാടികള്‍ നടന്നത്. എസ്.പിമാരുടെ നേതൃത്വത്തില്‍ 4,000ത്തോളം പൊലിസുകാരെ സുരക്ഷക്കായി നിയോഗിച്ചിരുന്നു. മംഗളൂരുവില്‍ സംഘ്പരിവാര്‍ പ്രഖാപിച്ച ബന്ദ് പരിപാടിയെ ബാധിച്ചില്ല. സംഘര്‍ഷം കണക്കിലെടുത്ത് പ്രദേശത്ത് നിരോധനാജ്ഞയും പ്രഖ്യാപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."