ജൂനിയര്‍ മുഹമ്മദലിയെയും യു.എസില്‍ തടഞ്ഞു
വാഷിങ്ടണ്‍: ജമൈക്കയില്‍ നിന്ന് യു.എസിലേക്ക് മടങ്ങിയ അന്തരിച്ച ബോക്സിങ് താരം മുഹമ്മദ് അലിയുടെ മകനെ ഫ്ളോറിഡ വിമാനത്താവളത്തില്‍ തടഞ്ഞു. മുഹമ്മദലി ജൂനിയര്‍ (44) നാണ് ദുരനുഭവം. വര്‍ണവെറിക്കെതിരായ രാഷ്ട്രീയ നിലപാടുകള്‍ കൊണ്ട് ശ്രദ്ധേയനായിരുന്നു മുഹമ്മദലി. മതവിശ്വാസത്തെ കുറിച്ചാണ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തതെന്ന് ജൂനിയര്‍ മുഹമ്മദലിയുടെ അഭിഭാഷകന് പറഞ്ഞു.
ഫിലാഡല്‍ഫിയയില്‍ ജനിച്ച ഇദ്ദേഹത്തിന് യു.എസ് പാസ്പോര്ട് ഉണ്ട്. മാതാവ് ഖാലിയ ഖമാച്ചോ അലിയോടൊപ്പം ജമൈക്കയില്‍ നിന്ന് തിരികെ വരികയായിരുന്നു മുഹമ്മദലി. അന്തരിച്ച മുഹമ്മദലിയുടെ രണ്ടാമത്തെ ഭാര്യയാണ് ഖാലിയ. ഫ്ളോറിഡയിലെ ഫോര്‍ട് ലോന്ഡെര്ഡെ വിമാനത്താവളത്തില്‍ ഫെബ്രുവരി ഏഴിനാണ് ഇവരെ തടഞ്ഞുവച്ചത്. അറബിക് പേരാണ് ഇവര്‍ക്ക് വിനയായത്. രണ്ടു മണിക്കൂറോളം ജൂനിയറിനെ ചോദ്യം ചെയ്തു.
യു.എസ് കസ്റ്റംസ് ഏജന്റുമാര്‍ക്കൊപ്പം മുഹമ്മദലിയും ഭാര്യയും നില്ക്കുന്ന ഫോട്ടോ കാണിച്ചതിനെ തുടര്‍ന്നാണ് ഖാലിയയെ ഉദ്യോഗസ്ഥര്‍ വിട്ടയച്ചത്. എന്നാല്‍ ജൂനിയര്‍ മുഹമ്മദലിക്ക് ഇത്തരം ഫോട്ടോ നല്‍കാനായില്ല.
നിങ്ങള്‍ മുസ്ലിമാണോ എന്ന് ആവര്‍ത്തിച്ച് ചോദിച്ചുവെന്ന് ജൂനിയര്‍ പറഞ്ഞു. പിതാവ് മുസ്ലിമായിരുന്നുവെന്ന് മറുപടി പറഞ്ഞപ്പോള്‍ കൂടുതല്‍ ചോദ്യങ്ങളായിരുന്നു. സംഭവത്തെ കുറിച്ച് മാധ്യമങ്ങളുടെ ചോദ്യങ്ങളോട് എയര്‍പോര്‍ട്, കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചില്ല. അന്തരിച്ച മുഹമ്മദലി 1964 ലാണ് ഇസ്ലാംമതം സ്വീകരിച്ചത്. ഏഴു പെണ്മക്കള് ഉള്‍പ്പെടെ ഒന്‍പതു മക്കളുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."