ട്രാന്‍സ്‌ജെന്‍ഡര്‍ ക്ഷേമ പദ്ധതി സംസ്ഥാനതല ഉദ്ഘാടനം
തിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കായി സാമൂഹ്യനീതി വകുപ്പ് ആവിഷ്‌ക്കരിച്ച വിവിധ ക്ഷേമ പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ ഹസന്‍ മരക്കാര്‍ ഹാളില്‍ വച്ച് നിര്‍വഹിച്ചു.
തിരിച്ചറിയല്‍ കാര്‍ഡ് വിതരണം, ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായവര്‍ക്കുള്ള ധനസഹായം, ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം പോഷകാഹാരത്തിനും തുടര്‍ ചികിത്സയ്ക്കുമുള്ള സാമ്പത്തിക സഹായ വിതരണം, വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യം ലഭ്യമാക്കുന്ന പദ്ധതി, സ്വയംതൊഴില്‍ കണ്ടെത്തുന്നതിനുള്ള സാമ്പത്തിക സഹായം എന്നിവയുടെ ഉദ്ഘാടനമാണ് നടന്നത്.
ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് സമസ്ത മേഖലകളിലും പങ്കാളിത്തം ഉറപ്പു വരുത്തുന്നതിനുതകുന്ന വിധത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് സാമൂഹ്യനീതി വകുപ്പ് പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ പറഞ്ഞു. ഇന്ത്യയില്‍ ആദ്യമായി ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കായി നയം നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളം.ട്രാന്‍സ്‌ജെന്‍ഡര്‍ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി സാമൂഹ്യനീതി വകുപ്പ് വിപുലമായ ആക്ഷന്‍പ്ലാന്‍ തയാറാക്കുകയും വ്യക്തിഗത ക്ഷേമ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുകയും ചെയ്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് മറ്റുള്ളവരെപ്പോലെ സ്വന്തം കാലില്‍ നില്‍ക്കുന്നതിന് പുതിയ സ്വയംതൊഴില്‍ സംരംഭം ആരംഭിക്കാന്‍ ധനസഹായമായി ഒരു വ്യക്തിക്ക് പരമാവധി മൂന്നു ലക്ഷം രൂപവരെ സബ്‌സിഡി നിരക്കില്‍ വനിതാ വികസന കോര്‍പ്പറേഷന്‍ മുഖേന വായ്പ നല്‍കുവാന്‍ തീരുമാനിച്ചു.
ഇതിനായി 30 ലക്ഷം രൂപ വനിതാ വികസന കോര്‍പ്പറേഷന് കൈമാറുന്നതിനുള്ള ഭരണാനുമതി നല്‍കിയിരുന്നു. ഇവര്‍ക്ക് മതിയായ പരിശീലനവും നല്‍കിയിരുന്നു. നിയമപരമായി വിവാഹം ചെയ്ത ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്പതികള്‍ക്ക് 30,000 രൂപ വീതം വിവാഹ ധനസഹായം നല്‍കുന്നതിന് ഉത്തരവായിരുന്നു. സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലേയും അംഗീകൃത ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളിലേയും എല്ലാ കോഴ്‌സുകളിലും ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ഥികള്‍ക്ക് രണ്ട് അധിക സീറ്റുകള്‍ അനുവദിക്കാനും സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.
ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായ ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ക്ക് ധനസഹായം നല്‍കുന്നതിന് 20 ലക്ഷം രൂപയുടെ ഭരണാനുമതിയും നല്‍കിയിരുന്നുവെന്ന് മന്ത്രി പറഞ്ഞു.
കെ. മുരളീധരന്‍ എം.എല്‍.എ. അധ്യക്ഷനായി. ചടങ്ങില്‍ സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍ ഐ.എ.എസ് മുഖ്യപ്രഭാഷണം നടത്തി. പ്ലാനിങ് ബോര്‍ഡ് അംഗം ഡോ. മൃദുല്‍ ഈപ്പന്‍, സാമൂഹ്യനീതി വകുപ്പ് ഡയരക്ടര്‍ ജാഫര്‍മാലിക് ഐ.എ.എസ്, കൗണ്‍സിലര്‍ ഐ.പി ബിനു, ജെന്‍ഡര്‍ അഡൈ്വസര്‍ ടി.കെ ആനന്ദി, വനിത വികസന കോര്‍പറേഷന്‍ എം.ഡി ബിന്ദു വി.സി, ട്രാന്‍സ്‌ജെന്‍ഡര്‍ സെല്‍ സ്റ്റേറ്റ് കോഓര്‍ഡിനേറ്റര്‍ ശ്യാമ എസ്. പ്രഭ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."