ജംഇയ്യത്തുല്‍ മുഅല്ലിമീന്റെ അമരക്കാരനായി മൂന്നാംതവണയും ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍
കമ്പളക്കാട്: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ ട്രഷററായി മൂന്നാം തവണയും എം.എം ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍ തെരഞ്ഞെടുക്കപ്പെട്ടു. ജില്ലയിലെ മദ്‌റസാ പ്രവര്‍ത്തരംഗത്തെ നിസ്തുല സേവനത്താല്‍ ശ്രദ്ധേയനായ ഇമ്പിച്ചിക്കോയ മുസ്‌ലിയാരെ കഴിഞ്ഞദിവസം ചേര്‍ന്ന സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗമാണ് മൂന്നാംതവണയും ട്രഷററായി തെരഞ്ഞെടുത്തത്.
മദ്‌റസാധ്യാപകരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ ഏകോപിപ്പിക്കുവാനും ഇവരെ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംഘടനാരംഗത്ത് സജീവമാക്കാനും ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞു. മദ്‌റസാ അധ്യാപനരംഗത്ത് ഇമ്പിച്ചിക്കോയ ഉസ്താദ് സേവനമനുഷ്ടിക്കാന്‍ തുടങ്ങിയിട്ട് 38 വര്‍ഷം പൂര്‍ത്തിയായി. കമ്പളക്കാട് അന്‍സാരിയ്യ മദ്‌റസയിലാണ് 38 വര്‍ഷവും അദ്ദേഹം അധ്യാപകനായി ജോലി നോക്കുന്നത്.
ഒരേ മദ്‌റസയില്‍ 4 പതിറ്റാണ്ടോളം അധ്യാപകനായി തുടരുന്ന അപൂര്‍വ്വം ഉസ്താദുമാരില്‍ ഒരാളാണ് ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍. കോഴിക്കോട് പാലാഴി സ്വദേശിയായ ഇദ്ദേഹം പാലാഴി, കുറ്റിക്കടവ് എന്നിവിടങ്ങളിലാണ് ദര്‍സ് പഠനം പൂര്‍ത്തിയാക്കിയത്. ഏഴിമല അഹമ്മദ് മുസ്‌ലിയാര്‍, തിരൂരങ്ങാടി അബ്ദുല്ലക്കുട്ടി ഹാജി, സഅദ് മുസ്‌ലിയാര്‍ കാഞ്ഞൂര് എന്നീ ഉസ്താദുമാരുടെ കീഴിലായിരുന്നു ദര്‍സ് പഠനം.
ദര്‍സ് പഠനത്തിന് ശേഷം ജില്ലയിലെത്തി. കമ്പളക്കാട് നിന്നായിരുന്നു വിവാഹം. അന്‍സാരിയ്യ മദ്‌റസയിലെ അധ്യാപകനായത് വിവാഹത്തിന് ശേഷമാണ്. കുടുംബസമേതം ഇപ്പോള്‍ കമ്പളക്കാട്ടാണ് താമസം. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ശിഷ്യഗണങ്ങളുള്ള മദ്‌റസ ഉസ്താദുമാരില്‍ പ്രധാനിയാണ് ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍.
സമസ്ത വിദ്യാഭായ്‌സ ബോര്‍ഡിന്റെ കീഴിലുള്ള മദ്‌റസ അധ്യാപകരുടെ സംഘടനയായ ജംഇയ്യത്തുല്‍ മുഅല്ലിമീനില്‍ ഒരു ലക്ഷത്തോളം അധ്യാപകരാണ് അംഗങ്ങളായുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."