വടക്കിന്റെ പൂരമിങ്ങെത്താറായി... പൂക്കുര്യകളുമായി മറുനാട്ടുകാരെത്തി
ചെറുവത്തൂര്‍: ഓണവും വിഷുവും പോലെ ഉത്തര കേരളത്തിന്റെ പൂരക്കാലത്തിലും പ്രതീക്ഷയര്‍പ്പിച്ചു മറുനാടന്‍ കച്ചവടക്കാര്‍. പൂരക്കാലം പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെ പൂക്കള്‍ പറിച്ചെടുക്കാനുള്ള പൂക്കുര്യകളുമായാണ് ആന്ധ്രയില്‍ നിന്നുള്ള സംഘം എത്തിയിരിക്കുന്നത്.
പാതയോരങ്ങളില്‍ പലയിടങ്ങളിലായി ഇത്തരം കച്ചവടക്കാരെ കാണാം. മീന മാസത്തിലെ പൂരം പൂക്കളുടെ കൂടി ഉത്സവമാണ്. ഗ്രാമകന്യകമാര്‍ കാമദേവ പൂജയ്ക്കായി പൂക്കള്‍ പറിച്ചെടുക്കുന്നതു പൂക്കുര്യകളിലാണ്. ഒരു മാസം പൂരോത്സവം നടക്കുന്ന ക്ഷേത്രങ്ങളില്‍ മാര്‍ച്ച് ആദ്യം പൂരത്തിനു തുടക്കമാകും. നൂറു മുതല്‍ മുകളിലോട്ടാണു പൂക്കുര്യകളുടെ വില.
വില്‍പന കേന്ദ്രങ്ങളില്‍ തന്നെ പൂക്കുര്യകള്‍ മെടഞ്ഞുണ്ടാക്കുകയാണ്. സ്ത്രീകളുടെ കരവിരുതിലാണ് ഇവ തയാറാകുന്നത്. പാതയോരങ്ങളില്‍ ഫര്‍ണിച്ചറുകളും മറ്റുമായി കഴിഞ്ഞ വര്‍ഷം വില്‍പനയ്ക്ക് എത്തിയപ്പോള്‍ സംഘത്തിലെ സ്ത്രീകള്‍ ചെറിയതോതില്‍ പൂക്കൂടകള്‍ മെടഞ്ഞു വില്‍പനയ്ക്കു വച്ചിരുന്നു.
എന്നാല്‍ പൂരക്കാലമായതോടെ ആവശ്യക്കാര്‍ കൂടുതലായി എത്തി. ഈ വിപണന സാധ്യത തിരിച്ചറിഞ്ഞാണ് ഇത്തവണ കൂടുതല്‍ പേര്‍ പൂക്കുര്യകളുമായി എത്തിയിരിക്കുന്നത്.
മാര്‍ച്ച് അവസാനം വരെ പാതയോരങ്ങളില്‍ തങ്ങാനാണ് ഇവരുടെ തീരുമാനം. വീടുകളില്‍ അലങ്കാരത്തിനായി ഇവ വാങ്ങുന്നവരും കുറവല്ല. പല ഡിസൈനുകളില്‍ പൂക്കൂടകള്‍ മെടഞ്ഞെടുക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."