കോണ്‍ഗ്രസുകാരേ ഇപ്പോഴല്ലെങ്കില്‍ എപ്പോള്‍?
രാജ്യം വലിയ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് എന്ന ദേശീയ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പ്രാധാന്യം ചെറുതല്ല. ഫാസിസ്റ്റ് ശക്തികള്‍ അവരുടെ അജണ്ടകള്‍ നടപ്പാക്കുന്നതില്‍ പാരമ്യതയിലെത്തി നില്‍ക്കെ സ്വാതന്ത്ര്യ സമരകാലത്തെ ദേശീയ പ്രസ്ഥാനം എന്ന നിലയ്ക്ക് കോണ്‍ഗ്രസ് സടകുടഞ്ഞെഴുന്നേല്‍ക്കേണ്ട ഘട്ടമാണിത്. മോദി സര്‍ക്കാര്‍ തുടര്‍ച്ചയായി രണ്ടാമതും അധികാരത്തിലേറിയ സാഹചര്യത്തിലെങ്കിലും കോണ്‍ഗ്രസ് ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരണമെന്നാണ് ജനാധിപത്യ, മതേതര വിശ്വാസികളുടെ അഭിലാഷം.
നാലുവര്‍ഷത്തിനു ശേഷം വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിലേയ്ക്കുള്ള ചുവടുവയ്പ്പുകള്‍ തുടങ്ങേണ്ട സമയമാണിത്. പല കാരണങ്ങള്‍ കൊണ്ട് ദുര്‍ബലപ്പെട്ട പാര്‍ട്ടിയുടെ ഘടകങ്ങള്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്. തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തുമ്പോള്‍ മാത്രമുള്ള ഒരുക്കങ്ങള്‍ക്ക് പകരം നേരത്തെ ആസൂത്രണം നടത്തിയാല്‍ അനായാസ ജയത്തിലൂടെ അധികാരത്തിലെത്താന്‍ കോണ്‍ഗ്രസിന് ഇനിയും സാധിക്കും. ജനങ്ങള്‍ കൈവിട്ട ഇടങ്ങളിലെല്ലാം കോണ്‍ഗ്രസിനെ മോദി ഭരണത്തില്‍ പൊറുതിമുട്ടിയ ജനം കൈപിടിച്ചു ഉയര്‍ത്തുന്നത് നാം കണ്ടതാണ്.
വിവിധ സംസ്ഥാനങ്ങളിലേക്ക് ഈയിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനുണ്ടായ മുന്നേറ്റം തെളിയിക്കുന്നത് അതാണ്. പലപ്പോഴും മോദി വിരുദ്ധത വോട്ടായി കോണ്‍ഗ്രസിന്റെ പെട്ടിയില്‍ വീഴുന്നത് മാത്രം പ്രതീക്ഷിച്ചാല്‍ ഇനിയും കോണ്‍ഗ്രസ് പ്രതിസന്ധിയില്‍ അകപ്പെടും എന്നു പറയാതെ വയ്യ. കേന്ദ്ര സര്‍ക്കാരിനെതിരേ എല്ലാ വിഭാഗം ജനങ്ങളും ഒന്നിച്ച സാഹചര്യം കോണ്‍ഗ്രസിന് ഉയിര്‍ത്തെഴുന്നേല്‍ക്കാനുള്ള സുവര്‍ണാവസരമാണ്.
എന്നാല്‍ ഇപ്പോഴല്ലെങ്കില്‍ എപ്പോള്‍ എന്ന ബോധം ആ പാര്‍ട്ടിയുടെ സമുന്നതരായ പല നേതാക്കള്‍ക്കുമുണ്ടോയെന്ന കാര്യത്തില്‍ സംശയമുണ്ട്. പതിവു ഗ്രൂപ്പ് തര്‍ക്കങ്ങളും പാരവയ്പ്പുകളും പാര്‍ട്ടിയില്‍ നടക്കുന്നുണ്ടെന്നാണ് മാധ്യമ വാര്‍ത്തകളില്‍ നിന്ന് വായിച്ചെടുക്കാനാകുന്നത്. ദേശീയതലത്തിലും പ്രാദേശിക തലത്തിലും ഈ ബലാരിഷ്ടത കോണ്‍ഗ്രസിനെ വേട്ടയാടുന്നുണ്ട്. രാജ്യം ഫാസിസ്റ്റുകളില്‍ നിന്ന് സ്വാതന്ത്ര്യം തേടുമ്പോള്‍ അതിനുമുന്നില്‍ നിന്ന് പ്രവര്‍ത്തിക്കേണ്ട ഉത്തരവാദിത്തം രാഷ്ട്രനിര്‍മാണത്തില്‍ മുഖ്യ പങ്കുവഹിച്ച കോണ്‍ഗ്രസിനാണ്.
രാജ്യത്തിന്റെ ദേശീയതയിലുറച്ചു നിന്നു പ്രവര്‍ത്തിച്ച പാരമ്പര്യമാണ് കോണ്‍ഗ്രസിന്റേത്. സംഘ്പരിവാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഈയിടെ മാത്രമാണ് ദേശഭക്തിയുമായി രംഗത്തുവന്നത്. രാജ്യത്തിന്റെ ഒറ്റുകാരായിരുന്നവര്‍, രാഷ്ട്രപിതാവിനെ വധിച്ച വര്‍ഗീയവാദിയെ പൂജിക്കുന്നവര്‍, ദേശീയതയുടെ വക്താക്കളായി ചമയുമ്പോള്‍ അതു തുറന്നുകാട്ടാന്‍ കോണ്‍ഗ്രസിനെപോലുള്ള മതേതര പ്രസ്ഥാനങ്ങള്‍ ശക്തമായി മുന്നിട്ടിറങ്ങണം.
വിദ്യാര്‍ഥി പ്രസ്ഥാനം മുതല്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള സാഹചര്യമാണ് ഇപ്പോള്‍ കൈവന്നിരിക്കുന്നത്. നിലവിലെ ജനാധിപത്യ പ്രക്ഷോഭത്തില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുകയെന്നത് എളുപ്പമാണ്. കാരണം കോണ്‍ഗ്രസിനെപ്പോലുള്ള രാഷ്ട്രീയ പാര്‍ട്ടിയുടെ ആവശ്യകത എന്തെന്ന് ജനങ്ങളോട് പ്രത്യേകിച്ച് പറഞ്ഞു മനസിലാക്കേണ്ട സാഹചര്യം ഇന്നില്ല. രാജ്യത്തിന്റെ രക്ഷകന്റെ റോളില്‍ പാര്‍ട്ടി സ്വയം അവതരിക്കുകയേ വേണ്ടൂ. ഉറച്ച നിലപാടോടെ ജനങ്ങളുടെ ആധിയകറ്റാന്‍, അവര്‍ക്ക് താങ്ങായി നിന്നാല്‍ പാര്‍ട്ടിയെ ജനം ഹൃദയത്തിലേറ്റുമെന്നതില്‍ തര്‍ക്കമില്ലാത്ത വസ്തുതയാണ്.
പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ആദ്യം വേണ്ടത് ശക്തമായ നേതൃത്വമാണ്. പതിവു സമവാക്യങ്ങള്‍ക്കപ്പുറം യോഗ്യതയും കാര്യശേഷിയുമുള്ളവര്‍ പാര്‍ട്ടിയെ നയിക്കാന്‍ രംഗത്തുവരേണ്ടത് അനിവാര്യമാണ്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ താഴെതലം മുതല്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള പദ്ധതികള്‍ തയാറാക്കിയിരുന്നു. ഇത് ഊര്‍ജിതമായി നടപ്പാക്കുകയാണ് വേണ്ടത്. കെ.പി.സി.സിയിലേക്ക് ജംബോ പട്ടികയുമായാണ് ഇത്തവണ കേരള നേതാക്കള്‍ ഡല്‍ഹിയിലെത്തിയത്. അതു വെട്ടിച്ചുരുക്കിയാണ് ഒടുവില്‍ പട്ടികയ്ക്ക് ഹൈക്കമാന്‍ഡ് അംഗീകാരം നല്‍കിയത്. ഹൈക്കമാന്‍ഡിന്റെ നിര്‍ദേശം പാലിക്കാതെയാണ് പട്ടികയെന്നും ജംബോപട്ടികയെ കുറിച്ച് പാര്‍ട്ടി അധ്യക്ഷ വിയോജിപ്പ് പ്രകടിപ്പിച്ചതായും വാര്‍ത്തയുണ്ടായിരുന്നു.
കഴിഞ്ഞ നവംബറിലാണ് ഭാരവാഹി പട്ടികയുടെ ചര്‍ച്ച തുടങ്ങിയത്. ഏറെ തിരുത്തലുകള്‍ക്ക് ശേഷം 48 പേരുടെ പട്ടികയ്ക്കാണ് ഹൈക്കമാന്‍ഡ് ഇപ്പോള്‍ അംഗീകാരം നല്‍കിയിരിക്കുന്നത്. വൈസ് പ്രസിഡന്റുമാരേയും ജനറല്‍ സെക്രട്ടറിമാരെയുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇനി സെക്രട്ടറിമാരുടെ കൂടെ പട്ടിക വരുമ്പോള്‍ ഭാരവാഹികളുടെ എണ്ണം കൂടും എന്നതില്‍ തര്‍ക്കമുണ്ടാകില്ല. പാര്‍ട്ടിയെ നയിക്കാന്‍ ആരൊക്കെ ഏതൊക്കെ ചുമതലകളില്‍ ഇരിക്കണമെന്നത് ഓരോ പാര്‍ട്ടിയുടെയും ആഭ്യന്തര കാര്യമാണ്. വിമര്‍ശകരുടെയോ എതിര്‍ രാഷ്ട്രീയക്കാരുടെയോ ആഗ്രഹത്തിനനസുരിച്ച് പാര്‍ട്ടികള്‍ക്ക് ഭാരവാഹികളെ നിശ്ചയിക്കാനാവില്ല. എന്നാല്‍ പുറത്തുവന്ന ഈ പട്ടികയ്‌ക്കെതിരേ മുതിര്‍ന്ന നേതാക്കള്‍ തന്നെ പരസ്യമായി രംഗത്തു വരുമ്പോഴാണ് കോണ്‍ഗ്രസ് വീണ്ടും വിമര്‍ശിക്കപ്പെടുന്നത്.
മുന്‍ കെ.പി.സി.സി അധ്യക്ഷനും എം.പിയുമായ കെ. മുരളീധരന്‍ ഭാരവാഹി പട്ടികയില്‍ മോഹന്‍ ശങ്കറെ ഉള്‍പ്പെടുത്തിയതിനെതിരേയാണ് വിമര്‍ശനവുമായി രംഗത്തുവന്നത്. കെ.പി.സി.സി അധ്യക്ഷന്‍ തന്നെ ഇതിന് മറുപടി നല്‍കിയിട്ടും വിവാദങ്ങളും വാക്‌പോരും തീരുന്നില്ല. ഇപ്പോള്‍ ഉയരുന്ന വിവാദങ്ങള്‍ ആര്‍ക്കാണ് ദോഷം ചെയ്യുകയെന്നത് ഇനിയെങ്കിലും കോണ്‍ഗ്രസ് നേതൃത്വം തിരിച്ചറിയേണ്ടതുണ്ട്. അടുത്തമാസം 10 നുള്ളില്‍ സെക്രട്ടറിമാരെയും യു.ഡി.എഫ് കണ്‍വീനറെയും പ്രഖ്യാപിക്കാനിരിക്കെയാണ് പ്രഖ്യാപിച്ച ഭാരവാഹികളെ ചൊല്ലി വിവാദം തുടരുന്നതും. കാലത്തിന്റെ ചുവരെഴുത്തു വായിക്കാന്‍ ഇനിയെങ്കിലും തയാറായി കോണ്‍ഗ്രസ് ഉടന്‍ പടയ്ക്കുള്ളിലെ പോര് അവസാനിപ്പിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."