ഇറച്ചിക്കോഴി വില പിടിവിട്ട് പറക്കുന്നു
കോഴിക്കോട്: ഇറച്ചിക്കോഴിയുടെ വില വര്‍ധന റമദാന്‍ വിപണിയെ ബാധിക്കുന്നു. ഒരു കിലോ കോഴിയിറച്ചിക്ക് ഒരു മാസത്തിനിടെ അന്‍പത് രൂപ വരെയാണ് വര്‍ധിച്ചത്. ബ്രോയ്‌ലര്‍ കോഴിക്ക് 140 രൂപയുണ്ടായിരുന്നത് 200 രൂപയായി. ലഗോണിന് 60 രൂപയുണ്ടായിരുന്നത് 180 രൂപയായി വര്‍ധിച്ചു. സ്പ്രിങ് ഇനത്തിന് വിലയില്‍ വര്‍ധനവുണ്ടായിട്ടില്ലെങ്കിലും കിലോഗ്രാമിന് 240 രൂപക്കാണ് വിപണനം നടക്കുന്നത്.
വ്യാപാരികള്‍ക്ക് ബ്രോയ്‌ലര്‍ കോഴി കിലോഗ്രാമിന് 115 രൂപക്കും ലഗോണ്‍ 90 രൂപക്കുമാണ് ലഭിക്കുന്നത്. മുന്‍പ് ഇത് യഥാക്രമം 80, 90 രൂപയായിരുന്നു. തമിഴ്‌നാട്ടില്‍ നിന്ന് കോഴിയുടെ വരവു കുറഞ്ഞതാണ് വില വര്‍ധനവിനു പ്രധാന കാരണമെന്ന് വ്യാപാരികള്‍ പറയുന്നു. സംസ്ഥാനത്തിനകത്തും പുറത്തും കനത്ത ചൂടിനെ തുടര്‍ന്ന് ഉല്‍പാദനത്തില്‍ വലിയ കുറവുണ്ടായിട്ടുണ്ട്. മഹാരാഷ്ട്രയും ഇറച്ചിക്കോഴിക്കായി തമിഴ്‌നാടിനെ ആശ്രയിച്ചതായി വ്യാപാരികള്‍ പറയുന്നു. ഇതാണ് കേരളത്തിലേക്കുള്ള വരവ് കുറയാന്‍ കാരണം.
പെരുന്നാള്‍ അടുക്കുന്നതോടെ വില ഇനിയും വര്‍ധിക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. വിലവര്‍ധനവ് മാംസ വിപണിയെയും ബാധിക്കുന്നുണ്ട്. ബീഫിനും ചിക്കനും കാര്യമായ വിലവ്യത്യാസമില്ലാത്തതിനാല്‍ ഭൂരിഭാഗവും ബീഫിനെ ആശ്രയിക്കുകയാണ്.
നോമ്പുതുറ വിഭവങ്ങള്‍ക്ക് കോഴിയിറച്ചി ഒഴിച്ചുകൂടാനാവാത്തതിനാല്‍ വിലവര്‍ധനവ് കാര്യമാക്കാതെ വാങ്ങുന്നവരും കുറവല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."