HOME
DETAILS
MAL
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്
backup
January 28 2020 | 03:01 AM
റിയാദ്: മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച പ്രഖ്യാപിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇസ്‌റാഈൽ-ഫലസ്തീൻ സമാധാന കരാർ നേരത്തെ തന്നെ ഫലസ്തീൻ തള്ളിക്കളഞ്ഞിരുന്നു. നേരത്തെ പ്രതീക്ഷിച്ചതിൽ നിന്നും ചില കാര്യങ്ങളിൽ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ചൊവ്വാഴ്ച കരാർ പുറത്ത് വിടുമെന്നും ട്രംപ് വ്യക്തമാക്കി. അമേരിക്കൻ സന്ദർശനം നടത്തുന്ന ഇസ്‌റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുമായി വൈറ്റ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ഫലസ്തീനികൾക്ക് പിന്തുണ ലഭിക്കുന്ന ആത്യന്തിക വിധിയായിരിക്കും ഇതെന്നും ജിഎംടി സമയം 0500 നായിരിക്കും ഇത് പുറത്ത് വരികയെന്നും ട്രംപ് വാർത്താ മാധ്യമങ്ങളോട് വ്യക്തമാക്കി.
ഇത് വളരെ വലിയ പദ്ധതിയാണ്. ഇസ്രായേലും ഫലസ്തീനികളും തമ്മിലുള്ള സമാധാന നിർദ്ദേശമായിരിക്കും ഇതിൽ ഉൾപ്പെടുക. എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങൾ കാണും. ഞങ്ങൾക്ക് പ്രധാനമന്ത്രിയുടെയും മറ്റ് പാർട്ടികളുടെ പിന്തുണയുണ്ട്. ആത്യന്തികമായി ഞങ്ങൾക്ക് ഫലസ്തീനികളുടെ പിന്തുണ ലഭിക്കുമെന്ന് ഞങ്ങൾ കരുതുന്നു, അത് നാളെ കാണാമെന്നും ട്രംപ് പറഞ്ഞു. നൂറ്റാണ്ടിന്റെ അവസരമായിരിക്കാം കരാറെന്ന് ഇസ്‌റാഈൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി.
അതേസമയം, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ മിഡിൽ ഈസ്റ്റ് സമാധാന പദ്ധതി പ്രഖ്യാപിച്ചാൽ ഇസ്രയേലുമായുള്ള ബന്ധം നിർവചിക്കുന്ന ഓസ്ലോ കരാറിലെ പ്രധാന വ്യവസ്ഥകളിൽ നിന്ന് പിന്മാറുമെന്ന് പലസ്തീൻ അധികൃതർ ഞായറാഴ്ച വ്യക്തമാക്കിയിരുന്നു. ട്രംപ് തന്റെ പദ്ധതി അനാവരണം ചെയ്താൽ “ഇടക്കാല കരാറിൽ നിന്ന് പിന്മാറാനുള്ള” അവകാശം പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷനിൽ നിക്ഷിപ്തമാണെന്ന് ചീഫ് പലസ്തീൻ ചർച്ച സെയ്ബ് എറികാറ്റ് പറഞ്ഞു. മിഡിൽ ഈസ്റ്റ് സമാധാന പദ്ധതി വിജയിക്കില്ലെന്നും ഫലസ്തീൻ അക്രമങ്ങൾ രൂക്ഷമാകാൻ ഇടയാക്കുമെന്ന് ഹമാസ് നേതാവ് ഇസ്മായിൽ ഹനിയ്യയും പറഞ്ഞു.
മധ്യേഷ്യയിലെ ഏറ്റവും പ്രധാന പ്രശ്‌നമായ ഫലസ്തീന്‍-ഇസ്‌റാഈല്‍ സമാധാന ചര്‍ച്ചകളുടെ മാര്‍ഗരേഖ മിനുക്കു പണിയുടെ അവസാന ഘട്ടത്തിലാണെന്നും 2018 ൽ അമേരിക്ക വ്യക്തമാക്കിയിരുന്നു. ജറൂസലം ഇസ്‌റാഈൽ തലസ്ഥാനമായി അംഗീകാരിച്ചതിനു പിന്നാലെയായിരുന്നു അന്ന് അമേരിക്കയുടെ പ്രതികരണം. ‘അന്തിമ കരാര്‍’ എന്ന് മുദ്രകുത്തിയ ഇസ്രായേല്‍-ഫലസ്തീന്‍ സമാധാന കരാറിന് ഇടനിലക്കാരനാകാമെന്ന് വാഗ്ദാനം ചെയ്താണ് 2017-ല്‍ ട്രംപ് അധികാരത്തിലെത്തിയത്. എന്നാല്‍, ഫലസ്തീനികളെ പ്രകോപിപ്പിക്കുന്ന നിരവധി തീരുമാനങ്ങളാണ് അദ്ദേഹം എടുത്തത്. അതില്‍ കോടിക്കണക്കിന് ഡോളര്‍ ധനസഹായം വെട്ടിക്കുറയ്ക്കുകയും ഇസ്രായേലിന്‍റെ വെസ്റ്റ് ബാങ്ക് സെറ്റില്‍മെന്‍റുകള്‍ നിയമവിരുദ്ധമായി അമേരിക്ക കണക്കാക്കില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."