21 കോടിയുടെ വാര്‍ഷിക ജനകീയാസൂത്രണ പദ്ധതിക്ക് അംഗീകാരം
ഇരിങ്ങാലക്കുട : നഗരസഭ 2019 - 20 വാര്‍ഷിക ജനകീയാസൂത്രണ പദ്ധതിയായി 21 കോടിയുടെ പദ്ധതികള്‍ക്ക് കൗണ്‍സില്‍ അംഗീകാരം ലഭിച്ചു. ഉല്‍പാദന മേഖലയില്‍ 55 ലക്ഷം രൂപയും ശുചിത്വ മാലിന്യ സംസ്‌കരണം, ജലസംരക്ഷണം എന്നിവയ്ക്കായി 89 ലക്ഷം രൂപയും പാര്‍പ്പിട മേഖലയ്ക്ക് 1.80 കോടി രൂപയും വനിതാ ഘടക പദ്ധതിയായി 85 ലക്ഷം രൂപയും കുട്ടികള്‍, ഭിന്നശേഷി, ഭിന്നലിംഗക്കാര്‍ എന്നിവര്‍ക്കായി 39 ലക്ഷം രൂപയും വയോജനങ്ങള്‍ക്കായി 38 ലക്ഷം രൂപയും ജനറല്‍ വിഭാഗത്തില്‍ 76 ലക്ഷം രൂപയും പട്ടികജാതി വിഭാഗത്തില്‍ 37 ലക്ഷം രൂപയുമാണ് വകയിരുത്തിയിരിക്കുന്നത്.
ബഹുവര്‍ഷ പദ്ധതിയായി നിര്‍മിക്കുന്ന മാപ്രാണം ചാത്തന്‍ മാസ്റ്റര്‍ ഹാള്‍ പുനര്‍നിര്‍മാണത്തിനായി മൂന്ന് കോടി രൂപയില്‍ 2019 - 20 വര്‍ഷത്തില്‍ ഒന്നര കോടിയും 2018-19 വര്‍ഷത്തില്‍ അനുവദിച്ച 60 ലക്ഷം രൂപയും 2020-2021 വര്‍ഷത്തില്‍ 90 ലക്ഷം രൂപയും എസ്.സി ഫണ്ടില്‍ നിന്നും വകയിരുത്തും.
പഴയ ഫയര്‍സ്റ്റേഷന്‍ പരിസരത്ത് നിര്‍മിക്കുന്ന ഷീ ലോഡ്ജ് നിര്‍മാണത്തിന് 60 ലക്ഷവുമാണ് വകയിരുത്തിയിരിക്കുന്നത്. പട്ടികജാതി വികസന ഫണ്ടായി ലഭിച്ച മൂന്ന് കോടിയില്‍ ചാത്തന്‍ മാസ്റ്റര്‍ ഹാള്‍ നിര്‍മാണത്തിന് പുറമെ പാര്‍പ്പിട മേഖലയില്‍ 60 ലക്ഷവും 34-ാം വാര്‍ഡില്‍ സാംസ്‌കാരിക നിലയത്തിനായി 15 ലക്ഷവും വകയിരിത്തിയിട്ടുണ്ട്.
ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരത്തിനായി ഉടന്‍ തന്നെ പദ്ധതി രേഖ സമര്‍പ്പിക്കും. ജനകീയാസൂത്രണ പദ്ധതിയുടെ രേഖ കൗണ്‍സിലില്‍ മറ്റ് കൗണ്‍സിലര്‍മാര്‍ക്ക് നല്‍കാത്തത് എല്‍.ഡി.എഫ് അംഗം സി.സി ഷിബിന്‍ യോഗത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി. അടുത്തടുത്ത് വന്ന പണിമുടക്കും ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി പെരുമാറ്റ ചട്ടം നിലവില്‍ വന്നതുമാണ് അത്തരമൊരു പിശക് പറ്റാന്‍ ഇടയായതെന്ന് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കുര്യന്‍ ജോസഫ് മറുപടി പറഞ്ഞു. യോഗത്തില്‍ ചെയര്‍പേഴ്‌സന്‍ നിമ്യാ ഷിജു അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."