HOME
DETAILS
MAL
ഇറാഖിലെ യു.എസ് എംബസിക്ക് നേരെ വീണ്ടും റോക്കറ്റ് ആക്രമണം
backup
January 28 2020 | 05:01 AM
ബഗ്ദാദ്: ഇറാഖിലെ യു.എസ് എംബസിക്കു നേരെ വീണ്ടും റോക്കറ്റ് ആക്രമണം. ഞായറാഴ്ച രാത്രിയാണ് അഞ്ച് കത്യൂഷ റോക്കറ്റുകള്‍ ബഗ്ദാദിലെ യു.എസ് എംബസിക്കു നേരെ വന്നത്. ഇതില്‍ മൂന്നെണ്ണം എംബസിയില്‍ പതിച്ചതായും ഒന്ന് ഭക്ഷണഹാളില്‍ പതിച്ചെന്നും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. രാത്രിഭക്ഷണ സമയത്തായിരുന്നു ഇത്.
ആക്രമണത്തില്‍ ഒരാള്‍ക്കു പരുക്കേറ്റതായി യു.എസ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. എന്നാല്‍ ആളപായമുണ്ടാവുകയോ കൂടുതല്‍പേര്‍ക്ക് പരുക്കേല്‍ക്കുകയോ ചെയ്തതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. അതേസമയം ഇറാഖിലെ ഇറാന് അനുകൂല സായുധസംഘടനകളാണ് ഇതിനു പിന്നിലെന്ന് യു.എസ് ആരോപിച്ചു.
എംബസിക്ക് സംരക്ഷണം നല്കാന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ആവശ്യപ്പെട്ടു. ആക്രമണത്തെ അപലപിച്ച ഇറാഖ് പ്രധാനമന്ത്രി രാജ്യത്തെ യുദ്ധത്തിലേക്ക് വലിച്ചിഴക്കരുതെന്ന് ആവശ്യപ്പെട്ടു.
ഏതാനും മാസം മുന്‍പ് സമാനമായ റോക്കറ്റ് ആക്രമണത്തിലാണ് ഇറാഖ് സൈനികകേന്ദ്രത്തിലെ യു.എസ് കരാറുകാരന് കൊല്ലപ്പെട്ടത്. ഇതിനെ തുടര്‍ന്നാണ് യു.എസ് ഇറാന് പിന്തുണയുള്ള കതാഇബ് ഹിസ്ബുല്ല കേന്ദ്രങ്ങളില്‍ ആക്രമണം നടത്തുകയും ഇറാന് കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ വധിക്കുകയും ചെയ്തത്.
സെപ്റ്റംബര്‍ മുതല്‍ ഇതുവരെ ഇറാഖിലെ യു.എസ് സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും നേരെ 14 ആക്രമണങ്ങളാണ് ഇറാനോ ഇറാന് പിന്തുണയുള്ള സായുധ സംഘടനകളോ നടത്തിയതെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പറയുന്നു.
ഖാസിം സുലൈമാനിയെ വധിച്ചതിനു പ്രതികാരമായി ഇറാഖിലെ രണ്ട് യു.എസ് സൈനികകേന്ദ്രങ്ങള്‍ക്കു നേരെ ഇറാന് മിസൈല്‍ ആക്രമണം നടത്തിയിരുന്നു. ആക്രമണത്തെ തുടര്‍ന്ന് 34 യു.എസ് സൈനികര്‍ക്ക് തലച്ചോറിന് ക്ഷതം സംഭവിച്ചതായി പെന്റഗണ്‍ വെളിപ്പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."