മുതിര്‍ന്നവര്‍ക്ക് സാന്ത്വനമേകി സംഗീത കലാശാല
കോഴിക്കോട്: സംഗീതത്തോട് എല്ലാവര്‍ക്കും പ്രണയമാണ്. അതിന്റെ സ്വാധീന ശക്തി വിവരണാതീതമാണ്.
പ്രായഭേദമന്യേ ആരും സംഗീതത്തത്തില്‍ ആകൃഷ്ടരായേക്കും. പ്രത്യേകിച്ച് സംഗീതത്തെ ജീവവായുപോലെ പ്രണയിച്ച കോഴിക്കോട്ടുകാര്‍. അവരുടെ വലിയ ആശാകേന്ദ്രമാണ് പുതിയറയിലെ കലാശാല സംഗീത നിലയം. നിരവധി പഠിതാക്കളുണ്ടിവിടെ. എന്നാല്‍ എല്ലാ ശനിയാഴ്ച്ചയും ഇവിടെ സംഗീതം പഠിക്കാനെത്തുന്ന ചില വിദ്യാര്‍ഥികളുണ്ട്. പ്രായത്തിന്റെ അസ്വാരസ്യങ്ങളെ വകവെക്കാതെ, എല്ലാ ആഴ്ച്ചയിലും അവരിവിടെ ഒരുമിച്ച് കൂടും. അവരെ കണ്ടാല്‍ ആരും അത്ഭുതപ്പെട്ടേക്കും. കാരണംഅവര്‍ വെറും വിദ്യാര്‍ഥികളല്ല. വാര്‍ധക്യം തങ്ങളെ തളര്‍ത്താന്‍ ശ്രമിക്കുമ്പോഴും സംഗീതത്തിലൂടെ പുതുജീവിതം കണ്ടെത്താന്‍ ശ്രമിക്കുന്നവര്‍.
ജീവിതത്തിന്റെ സിംഹഭാഗവും ജീവിച്ച് തീര്‍ത്തവര്‍. ഒറ്റപ്പെടലിന്റെ വിരസതയില്‍ നിന്ന് സംഗീതത്തിന്റെ കൂട്ട്‌തേടിയെത്തിയവര്‍. അതെ, പുതിയറയിലെ ഈ സംഗീതശാലയെ വ്യത്യസ്ഥമാക്കുന്നത് മുതിര്‍ന്ന പൗരന്‍മാര്‍ക്ക് വേണ്ടി നടത്തപ്പെടുന്ന സൗജന്യ സംഗീത പഠന ക്ലാസാണ്.
ഗോപാലന്‍ മാസ്റ്റര്‍-ശീല ടീച്ചര്‍ ദമ്പതികളും അവരുടെ മക്കളായ ഷീബ ടീച്ചറും ഷീജ ടീച്ചറുമാണ് ഇതിനെ മുന്നോട്ടു നയിച്ചുകൊണ്ടിരിക്കുന്നത്. അവര്‍ക്ക് കരുത്തായി മാറാട് സ്വദേശി ഉദയകുമാര്‍ മാഷിന്റെ സേവനം കൂടി കൂട്ടിനെത്തുമ്പോള്‍ വിദ്യാര്‍ഥികള്‍ക്കിത് വലിയ അനുഭൂതിയാണ്. ഒരു വര്‍ഷം മുമ്പ് തുടക്കം കുറിച്ച ക്ലാസില്‍ നൂറ്റി അമ്പതിലധികം ആളുകളാണ് ഇതിനകം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ തൊണ്ണൂറിലധികമാളുകള്‍ ഇവിടുത്തെ സ്ഥിരം പഠിതാക്കളാണ്. ഇവരില്‍ കോഴിക്കോട്ടുകാര്‍ മാത്രമല്ല എന്നതും ശ്രദ്ധേയമാണ്.
ഇത്തരമൊരു സംരംഭം എത്രമാത്രം വിജയിക്കുമെന്ന് ആശങ്കയോടെയാണ് തുടക്കം കുറിച്ചതെങ്കിലും, പഠിതാക്കളുടെ ആവേശം എല്ലാ പ്രതീക്ഷകളേയും തകിടം മറിക്കുകയായിരുന്നു. ക്ലാസിന്റെ അനുഭവം പങ്ക് വെച്ചപ്പോള്‍ പഠിതാക്കള്‍ക്ക് പറയാനേറെയുണ്ടായിരുന്നു.
ഓരോരുത്തര്‍ക്കും വ്യക്തമായ ലക്ഷ്യമുണ്ടായിരുന്നു. 'മുതിര്‍ന്ന പൗരന്‍മാരുടെ ഒരു കൂട്ടായ്മ എന്നതിലുപരി മനസ്സിന്റെ ഏതോ ഒരു കോണില്‍ സംഗീതത്തോട് താല്‍പര്യം കാത്ത് സൂക്ഷിക്കുന്നവര്‍ക്ക് ഒരുമിച്ച് കൂടാനുള്ള അവസരമാണിതിലൂടെ രൂപപ്പെട്ടതെന്ന് കേരളാ പോലിസ് അസോസിയേഷന്‍ ഭാരവാഹിയായിരുന്ന ശ്രീകുമാര്‍ പറഞ്ഞു.
'മാനസികമായി വലിയ ഉന്മേഷം നല്‍കാനും റിട്ടയര്‍മെന്റ് ജീവിതം ആസ്വാദകരമാക്കാനും ഈ ക്ലാസ് കൊണ്ട് സാധിക്കുന്നുണ്ടെന്നും പയ്യാനക്കല്‍ ഹൈസ്‌കൂള്‍ പ്രിന്‍സിപ്പലായി വിരമിച്ച രമാഭായ് ടീച്ചര്‍ പറഞ്ഞു. ബി.എസ്.എന്‍.എല്ലില്‍ നിന്ന് വിരമിച്ച ബാലചന്ദ്ര മേനോനും ഓരോ ശനിയാഴ്ച്ചയും മുടങ്ങാതെ ക്ലാസിന് എത്തുന്നുണ്ട്. എല്ലാ വിഷമങ്ങളും മറന്ന് മനസ്സിന് സന്തോഷം നല്‍കാന്‍ സംഗീതത്തിനപ്പുറം മറ്റൊന്നില്ലെന്ന അഭിപ്രായമാണ് ബാലചന്ദ്രനുളളത്. പ്രതീക്ഷകള്‍ക്കൊപ്പം ആശങ്കളോടെയാണ് കഴിഞ്ഞ വര്‍ഷം ഇതിന് തുടക്കംകുറിച്ചത്. എന്നാല്‍ എല്ലാ ആശങ്കകളേയും അസ്ഥാനത്താക്കി വിജയകരമായി ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ ചാരിതാര്‍ഥ്യത്തിലാണ് ഇതിന്റെ അണിയറപ്രവര്‍ത്തകര്‍. ഒന്നാം വാര്‍ഷികം ഇന്ന് വൈകുന്നേരം നാലിന് ടൗണ്‍ഹാളില്‍ അതിവിപുലമായി നടത്തപ്പെടുന്നു. മേയര്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ കൈതപ്രം വിശ്വനാഥന്‍ നമ്പൂതിരി ഭദ്രദീപം തെളിയിക്കും. പ്രമുഖര്‍ സംബന്ധിക്കുന്ന പരിപാടിയില്‍ മുഴുവന്‍ സംഗീതപ്രേമികള്‍ക്കുമായി 'സംഗീതസന്ധ്യ'യും അരങ്ങേറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."