നെഹ്‌റു സ്വാശ്രയ സംഘം തട്ടിപ്പ്; പ്രതികള്‍ അറസ്റ്റില്‍
പനമരം: പതിനഞ്ച് വര്‍ഷത്തോളമായി സ്വാശ്രയ സംഘത്തിന്റെ മറവില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ സംഘം പിടിയില്‍. പനമരം പഞ്ചായത്തില്‍ അഞ്ചുകുന്ന്-ഒന്നാം മൈയില്‍ കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന നെഹ്‌റു സ്വാശ്രയ സംഘം ഭാരവാഹികളായ മാങ്കാണി കോളനി സുരേഷ്, കുഞ്ഞിക്കണ്ണന്‍, രമേഷ് ഗോപാലന്‍, കാക്കാഞ്ചിറ കോളനിയിലെ സന്തോഷ് കുമാര്‍ എന്നിവരാണ് പിടിലായത്.
നിക്ഷേപകരുടെ പരാതിയില്‍ പൊലിസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് തട്ടിപ്പു സംഘം പിടിയിലായത്. ഒന്നേകാല്‍ കോടി രൂപയോളം സംഘം നിക്ഷേപകരില്‍ നിന്ന് തട്ടിയെടുത്തിട്ടുണ്ട്. കൂളിവയല്‍ സ്വദേശി സ്ഥലം വിറ്റ ഒന്നര ലക്ഷം രൂപ സംഘത്തില്‍ നിക്ഷേപിച്ചിരുന്നെങ്കിലും ഇതുവരെ തിരിച്ചുനല്‍കിയിരുന്നില്ല. പെട്ടെന്നുള്ള സാമ്പത്തിക ലാഭം ലക്ഷ്യമിട്ട് നിക്ഷേപം നടത്തിയവരാണ് വെട്ടിലായിരിക്കുന്നത്. പലിശയോ നിക്ഷേപിച്ച പണമോ തിരികെ ലഭിക്കാതായതോടെയാണ് നിക്ഷേപകര്‍ പരാതിയുമായി പൊലിസിനെയും വിജിലന്‍സിനേയും സമീപിച്ചത്. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് സംഘം പ്രവര്‍ത്തകര്‍ പിടിയിലായത്.
തുടക്കത്തില്‍ ഓണ ഫണ്ട് എന്ന പേരില്‍ സംഘം അനധികൃത പണപ്പിരിവ് ആരംഭിച്ചിരുന്നു. ആഴ്ചയില്‍ ഒരുദിവസം സംഘം ഭാരവാഹികള്‍ ഒരോ വീട്ടിലും കയറി ഒരു നിശ്ചിത പണപ്പിരിവ് നടത്തും. ആകര്‍ഷണീയമായ പലിശ വാഗ്ദാനം നല്‍കിയായിരുന്നു സംഘം പൊതുജനങ്ങളില്‍ നിന്ന് നിക്ഷേപം സ്വീകരിച്ചിരുന്നത്. ആദ്യകാലങ്ങളില്‍ നിക്ഷേപത്തിന് കൃത്യമായി പലിശ നല്‍കി ജനങ്ങളുടെ വിശ്വാസവും നേടികയും കൂടുതല്‍ പേരെ നിക്ഷേപത്തിലേക്ക് ആകര്‍ഷിച്ച് സംഘം വിപുലമാക്കുകയും ചെയ്തു.
ചുരുങ്ങിയ കാലം കൊണ്ടുതന്നെ വന്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയ സംഘം പ്രദേശത്ത് വാഹന സൗകര്യങ്ങള്‍ ഉള്‍പെടെയുള്ള സ്‌കൂളും ആരംഭിച്ചിരുന്നു. കൂടാതെ കുടക് മേഖലയില്‍ ഇഞ്ചിക്കൃഷിയിലും സംഘം മുതല്‍ മുടക്കിയിരുന്നു. ഇതില്‍ നിന്ന് ലഭിച്ച സാമ്പത്തിക നേട്ടവും നിക്ഷേപകര്‍ക്ക് ലഭിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം മീനങ്ങാടി സി.ഐ എം.വി പളനിയുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."