യു.ഡി.എഫ് മനുഷ്യ ഭൂപടം നാളെ; വയനാട്ടിലെ ലോങ്മാര്‍ച്ചില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും
കൊച്ചി: യു.ഡി.എഫിന്റെ നേതൃത്വത്തില്‍ നാളെ മഹാത്മ ഗാന്ധി രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് ജില്ലകള്‍ കേന്ദ്രീകരിച്ച് സംഘടിപ്പിക്കുന്ന മനുഷ്യ ഭൂപടത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ എം.പി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വയനാട് ഒഴികെയുള്ള പതിമൂന്ന് ജില്ലകളിലും ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന മനുഷ്യ ഭൂപടവും വയനാട്ടില്‍ രാഹുല്‍ഗാന്ധി പങ്കെടുക്കുന്ന ഭരണഘടനാ സംരക്ഷണ ലോങ് മാര്‍ച്ചും നടക്കും.
രാവിലെ 11 മണിക്ക് ലോങ് മാര്‍ച്ച് ആരംഭിക്കും. കല്‍പ്പറ്റയില്‍ നിന്നാണ് മാര്‍ച്ച് ആരംഭിക്കുക. ത്രിവര്‍ണ നിറത്തിലുള്ള തൊപ്പികള്‍ അണിഞ്ഞാകും പ്രവര്‍ത്തകര്‍ മനുഷ്യ ഭൂപടത്തിന്റെ ഭാഗമാകുക. അശോക ചക്രത്തിനായി നീല തൊപ്പികള്‍ ധരിച്ചവര്‍ അണിനിരക്കും. മനുഷ്യ ഭൂപടത്തിനു പുറത്ത് പത്തു മീറ്റര്‍ ദൂരപരിധിയില്‍ ചതുരാകൃതിയില്‍ ദേശീയ പതാകകളുമായി പ്രവര്‍ത്തകര്‍ സംരക്ഷണ കവചവും ഒരുക്കും.
വൈകിട്ട് നാലു മണിക്ക് പ്രവര്‍ത്തകര്‍ അതാത് ഗ്രൗണ്ടുകളില്‍ എത്തിച്ചേരും. നാലരയ്ക്ക് പൊതുയോഗം ആരംഭിക്കും. വൈകിട്ട് 5.05 ന് ഭൂപടം സൃഷ്ടിക്കും. മഹാത്മാഗാന്ധി വെടിയേറ്റു വീണ 5.17 ന് ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ ചൊല്ലും. തുടര്‍ന്ന് പൊതുയോഗം തുടരും.
തിരുവനന്തപുരത്ത് എ.കെ. ആന്റണി ഉദ്ഘാടനം ചെയ്യും. കൊല്ലത്ത് വി.എം. സുധീരന്‍, പത്തനംതിട്ടയില്‍ ഷിബു ബേബിജോണ്‍, കോട്ടയത്തു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ആലപ്പുഴയില്‍ എം.എം. ഹസന്‍, ഇടുക്കിയില്‍ പി.ജെ.ജോസഫ്, എറണാകുളത്ത് പി.പി. തങ്കച്ചന്‍, തൃശൂരില്‍ ഡോ. എം.കെ. മുനീര്‍, മലപ്പുറത്ത് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, പാലക്കാട് കെ. ശങ്കരനാരായണന്‍, കണ്ണൂരില്‍ രമേശ് ചെന്നിത്തല, കാസര്‍കോട് യു.ടി ഖാദര്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്യും.
കോഴിക്കോട് ഉമ്മന്‍ചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനും പങ്കെടുക്കും. ഓരോ ജില്ലകളിലും ഏറ്റവും സൗകര്യ പ്രദവും വിശാലവുമായ ഗ്രൗണ്ടുകളിലാണ് മനുഷ്യ ഭൂപടം സംഘടിപ്പിക്കുന്നതെന്നും കണ്‍വീനര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."