നിയോം എയര്‍പോര്‍ട്ടില്‍ സഊദിയയുടെ ആദ്യ വിമാനമിറങ്ങി
#നിസാര്‍ കലയത്ത്
ജിദ്ദ: ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക പദ്ധതിയായ നിയോമില്‍ സഊദിയയുടെ ആദ്യ യാത്രാ വിമാനങ്ങളിറങ്ങി. നിയോമിലെ ശര്‍മ എയര്‍പോര്‍ട്ടിലാണു നിയോം പദ്ധതിയുമായി ബന്ധപ്പെട്ട 130 സ്റ്റാഫുകളെയും വഹിച്ച് കൊണ്ട് സഊദിയയുടെ രണ്ട് വിമാനങ്ങള്‍ ലാന്റ് ചെയ്തത്. വാര്‍ഷിക മീറ്റിംഗിനായിരുന്നു ഇവരെത്തിയത്.
മാസങ്ങളായി തങ്ങള്‍ ജോലി ചെയ്ത് കൊണ്ടിരിക്കുന്ന പദ്ധതിയുടെ പുരോഗമനം സ്റ്റാഫുകള്‍ക്ക് അനുഭവിച്ചറിയുകയായിരുന്നു ഈ ട്രിപ്പിന്റെ ലക്ഷ്യമെന്ന് നിയോം സി.ഇ.ഒ നള്‍മി അല്‍ നാസര്‍ അറിയിച്ചു.
സഊദിയുടെ ചെങ്കടല്‍ തീരത്ത്, ഈജിപ്ത്, ജോര്‍ദാന്‍ അതിര്‍ത്തി പ്രദേശങ്ങള്‍ ഉള്‍പ്പെടെ 26,500 ചതുരശ്ര കിലോമീറ്ററിലാണ് നിയോം പദ്ധതി നടപ്പിലാക്കുന്നത്. അമ്പതിനായിരം കോടി ഡോളര്‍ ആണ് പദ്ധതിയുടെ ചെലവ്. നിയോം പദ്ധതിയിലൂടെ സഊദി ഏറ്റവും വലിയ സാമ്പത്തിക, സാമൂഹിക വിപ്ലവത്തിനാണ് തയ്യാറെടുക്കുന്നത്. ഏറ്റവും കൂടുതല്‍ നിക്ഷേപ സാധ്യതകളും, തൊഴിലവസരങ്ങളും നല്‍കുന്ന പദ്ധതിയായിരിക്കും നിയോം. ജോലി ചെയ്യാന്‍ റോബോട്ടുകളും ഉണ്ടാകും. ഇതിന്റെ ഭാഗമായി ലോകത്ത് ആദ്യമായി ഒരു റോബോട്ടിന് സഊദി പൗരത്വം നല്‍കിയിരുന്നു. ലോകപ്രശസ്തമായ 'സോഫിയ' എന്ന റോബോട്ടിനാണ് പൗരത്വം നല്‍കിയത്.
ഊര്‍ജം, ജലവിതരണം, ബയോടെക്‌നോളജി, ഭക്ഷ്യോല്‍പ്പന്നങ്ങള്‍, ടൂറിസം തുടങ്ങി വിവിധ മേഖലകളില്‍ പുതിയ പദ്ധതികള്‍ ഇവിടെ ഉണ്ടാകും. സ്വകാര്യ നിക്ഷേപങ്ങള്‍ക്കും, സര്‍ക്കാര്‍ സഹായത്തോടെയുള്ള നിക്ഷേപങ്ങള്‍ക്കും അവസരമുണ്ടാകും. എണ്ണയിതര വരുമാനമാര്‍ഗം കണ്ടെത്താനുള്ള സഊദിയുടെ ഏറ്റവും വലിയ പദ്ധതിയായിരിക്കും നിയോം. പദ്ധതിയുടെ ആദ്യഘട്ടം 2025ഓടെ പൂര്‍ത്തിയാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."