ഹിഫ്ള് വിദ്യാര്‍ഥികള്‍ക്കുനേരെ കാസര്‍കോട്ട് സംഘ്പരിവാര്‍ അക്രമം
കുമ്പള (കാസര്‍കോട്): കുമ്പള ബംബ്രാണയില്‍ ഹിഫ്ള് കോളജ് വിദ്യാര്‍ഥികളെ സംഘ് പരിവാര്‍ ക്രിമിനല്‍ സംഘം അക്രമിച്ചു. സംഭവത്തില്‍ പരുക്കേറ്റ വിദ്യാര്‍ഥികളെ കുമ്പളയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിദ്യാര്‍ഥികളായ ഹസന് സെയ്ദ് (15), ബംബ്രാണയിലെ മുബാസ് എന്നിവര്‍ക്കാണ് അക്രമത്തില്‍ പരുക്കേറ്റത്. ബംബ്രാണ ജുമാമസ്ജിദിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ദാറുല്‍ ഉലൂം ഹിഫ്ള് കോളജ് വിദ്യാര്‍ഥികളാണ് ഇവര്‍.
സംഘ്പരിവാര്‍ പ്രവര്‍ത്തകരായ രവി, മകന് കിരണ്‍, കിഷോര്‍ എന്നിവര്‍ ചേര്‍ന്ന് കുട്ടികളെ അക്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.
ബംബ്രാണ കക്കളംകുന്ന് മസ്ജിദിനു സമീപത്തെ വീട്ടില്‍ നിന്നും രാത്രി ഭക്ഷണം കഴിച്ച ശേഷം കോളജിലേക്ക് തിരികെ പോവുകയായിരുന്ന കുട്ടികളെ അത് വഴി കാറിലെത്തിയ സംഘം തടഞ്ഞു നിര്‍ത്തി അക്രമിക്കുകയായിരുന്നു.
വിദ്യാര്‍ഥികളെ തടഞ്ഞു നിര്‍ത്തി തൊപ്പി ധരിച്ചത് എന്തിനാണെന്ന് ചോദിച്ച സംഘം സി.എ.എ, എന്‍.ആര്. സി എന്നിവ അംഗീകരിക്കുന്നില്ലെങ്കില്‍ പാക്കിസ്താനിലേക്ക് പോകണമെന്ന് ആക്രോശിച്ചു ഭീഷണിപ്പെടുത്തിയതായി വിദ്യാര്‍ഥികള്‍ പറഞ്ഞു.
കാറില്‍ മാരക ആയുധങ്ങളുമായാണ് സംഘം എത്തിയത്. സംഘത്തില്‍പ്പെട്ട കിരണിനെ നാട്ടുകാര്‍ പിടികൂടി പൊലിസില്‍ ഏല്പിച്ചു. കാറും ആയുധങ്ങളും പൊലിസ് കസ്റ്റഡിയിലെടുത്തു. നിരവധി കേസുകളില്‍ പ്രതികളാണ് സംഘത്തില്‍ പെട്ടവര്‍.
അതിനിടെ നാട്ടുകാര്‍ പിടികൂടി പൊലിസില്‍ ഏല്പിച്ച പ്രതിയെ വിട്ടയച്ചത് വിവാദത്തിനിടയാക്കി. പ്രതിയെ മര്‍ദിച്ചതിന് കോസെടുക്കുമെന്ന് പൊലിസ് ഭീഷണിപ്പെടുത്തിയതായി നാട്ടുകാര്‍ ആരോപിച്ചു.
സി.എ.എ പ്രശ്നം നാടാകെ പ്രതിഷേധം ഉയര്‍ത്തി വരുന്നതിനിടയില്‍ മംഗളൂരുവില്‍ നിന്നും ആയുധ ധാരികളായ ഒട്ടനവധി സംഘങ്ങള്‍ ജില്ലയില്‍ കലാപം ഉണ്ടാക്കാന്‍ എത്തിയതായി രഹസ്യാന്വേഷണ വിഭാഗത്തിന് സൂചന ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് ജില്ലയില്‍ ജാഗ്രത പാലിച്ചു വരുന്നതിനിടയിലാണ് വിദ്യാര്‍ഥികളെ അക്രമിച്ച സംഭവം. സംഭവത്തില്‍ കണ്ടാലറിയാവുന്ന 50 പേര്‍ക്കെതിരേ കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."