HOME
DETAILS

മാരീചന്മാര്‍ ഇറങ്ങുന്ന സമയം

  
backup
January 28 2020 | 18:01 PM

appukuttan-vallikunn-todays-article-29-jan-2020

 

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അദ്ദേഹത്തിന്റേതെന്നും എല്‍.ഡി.എഫ് സര്‍ക്കാര്‍ അവരുടേതെന്നും പറയുന്ന ഭരണഘടനാ നിലപാടില്‍ ഉറച്ചുനില്‍ക്കുമ്പോഴാണ് കേരള നിയമസഭാ സമ്മേളനം ഇന്നുചേരുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരായ സര്‍ക്കാര്‍ നിലപാട് ഉള്‍ക്കൊള്ളുന്ന പ്രസംഗ ഖണ്ഡിക നീക്കംചെയ്യണമെന്ന് ഗവര്‍ണര്‍ സര്‍ക്കാറിനെ അറിയിച്ചിരുന്നു. സര്‍ക്കാറിന്റെ നയമാണ് അതെന്നതുകൊണ്ട് മാറ്റാനാകില്ലെന്ന നിലപാട് ആവര്‍ത്തിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്.
ഗവര്‍ണറും സര്‍ക്കാറും നിലപാട് മയപ്പെടുത്തിയതോടെ നയപ്രഖ്യാപന വിവാദം തീരുമെന്ന് മാധ്യമങ്ങള്‍ പ്രവചിച്ചുകഴിഞ്ഞു. വിയോജിപ്പുള്ള പ്രസംഗഭാഗം വായിക്കാതെ വിടുകയും അപമാനമുണ്ടാക്കുന്ന നടപടികള്‍ ഭരണപക്ഷത്തുനിന്ന് ഗവര്‍ണര്‍ക്കെതിരേ ഉണ്ടാകില്ലെന്ന ധാരണയിലുമാണ് ഒത്തുതീര്‍പ്പെന്ന് ചില മാധ്യമങ്ങള്‍ വിലയിരുത്തുന്നു. ഗവര്‍ണറും സര്‍ക്കാറുമായുള്ള പരസ്യവിവാദം മാധ്യസ്ഥ്യത്തിലൂടെ പരിഹരിക്കാവുന്നതേയുള്ളൂ എന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് ഒ. രാജഗോപാല്‍ ആവര്‍ത്തിച്ചു വിശ്വാസം പ്രകടിപ്പിച്ചിരുന്നു. നിയമസഭാ പ്രമേയത്തെ പരസ്യമായി വിമര്‍ശിച്ച ഗവര്‍ണര്‍ ആരിഫ് ഖാനെ തിരിച്ചുവിളിക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ പ്രമേയംകൂടി സ്പീക്കറുടെ മുമ്പിലെത്തിയിട്ടുണ്ട്. തുടര്‍ന്ന് മുഖ്യമന്ത്രിയെ റിപ്പബ്ലിക്ദിന പ്രസംഗത്തില്‍ ഗവര്‍ണര്‍ വാഴ്ത്തുകയുണ്ടായി. അതിന്റെകൂടി പശ്ചാത്തലത്തിലാണ് ഗവര്‍ണറും മുഖ്യമന്ത്രിയും തല്‍ക്കാലം പുഞ്ചിരിക്കുന്നതും അടുത്തുവരുന്നതും എന്ന് മാധ്യമങ്ങള്‍ വിലയിരുത്തുന്നു.
മന്ത്രിസഭ അംഗീകരിച്ച് എത്തിച്ച നയപ്രഖ്യാപന പ്രസംഗഭാഗം ഗവര്‍ണര്‍ സഭയില്‍ വായിക്കാത്തതുകൊണ്ട് ഡിജിറ്റല്‍ സാങ്കേതികവിദ്യ കൈവരിച്ച നിയമസഭയില്‍ അതൊരു ചെറിയ തടസംപോലുമാകുന്നില്ല. അതിനൊക്കെ അതീതമായി ഉയര്‍ന്നുനില്‍ക്കുന്നത് പൗരത്വ നിയമത്തിനെതിരായി ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് കേരളമടക്കം പല സംസ്ഥാനങ്ങളും നിയമനിര്‍മ്മാണസഭയിലെ അംഗങ്ങളും സംഘടനകളും സുപ്രിംകോടതിയില്‍ തുടങ്ങിവെച്ച പോരാട്ടമാണ്. അതിനുമുമ്പേ പൗരസമൂഹമാകെ ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് രാജ്യത്താരംഭിച്ചതും അനുദിനം ശക്തിപ്പെടുന്നതുമായ അസാധാരണമായ പോരാട്ടവും.
ഈ വിഷയത്തില്‍ കേരളത്തിലെ ഭരണഘടനാ തലവന്‍ എന്ന നിലയിലല്ല ഭരണഘടനയെ തകര്‍ക്കുന്ന, മതത്തിന്റെ പേരില്‍ ജനങ്ങളെ വിഭജിക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ രാഷ്ട്രീയ പ്രതിനിധിയെന്ന നിലയിലാണ് ആരിഫ് മുഹമ്മദ് ഖാന്‍ പ്രവര്‍ത്തിക്കുന്നത്. പൗരത്വ നിയമ ഭേദഗതിക്കും ദേശീയ പൗര രജിസ്റ്ററിനും എതിരേ ആദ്യം ഒന്നിച്ചും ഇപ്പോള്‍ സ്വന്തം നിലയിലും സംസ്ഥാനത്തെ ജനങ്ങളെ അണിനിരത്തുന്ന ഭരണമുന്നണിയും പ്രതിപക്ഷ മുന്നണിയും ഇനി മുന്നോട്ട് എങ്ങനെ നീങ്ങുമെന്നതാണ് ജനങ്ങള്‍ക്കു പ്രധാനം. പൗരത്വ നിയമത്തിനെതിരായ പോരാട്ടത്തില്‍ കേരളം രാജ്യത്തിനുതന്നെ മാതൃകയായതു പരിഗണിക്കുമ്പോള്‍ പ്രത്യേകിച്ചും.
തോപ്പില്‍ ഭാസിയുടെ പ്രസിദ്ധമായ നാടകത്തില്‍ ഞാനൊരു സല്‍സ്വഭാവിയും സര്‍വ്വോദയക്കാരനുമാണെന്ന് ആവര്‍ത്തിക്കുന്ന ഒരു കഥാപാത്രത്തെപ്പോലെയാണ് ഇപ്പോള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സംസാരിച്ചുകൊണ്ടിരിക്കുന്നത്. നേരത്തെ നിയമസഭ പാസാക്കിയ പ്രമേയം ചരിത്ര കോണ്‍ഗ്രസിലെ ക്രിമിനലുകളുടെ പ്രേരണകൊണ്ടാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാനത്ത് ഭരണഘടനാ സ്ഥാപനങ്ങളെയും അധികാര സ്ഥാനങ്ങളെയും ഭരണഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നു എന്ന് മാധ്യമങ്ങളിലൂടെ ആവര്‍ത്തിച്ചു വിമര്‍ശിച്ചിരുന്നു.
മാധ്യമവാര്‍ത്ത ശരിയാണെങ്കില്‍, പൗരത്വ നിയമ ഭേദഗതിക്കെതിരേ സുപ്രിംകോടതിയില്‍ കേരളം ഫയല്‍ചെയ്ത സ്യൂട്ട് സംബന്ധിച്ച ഫയലുകള്‍ ഹാജരാക്കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മന്ത്രിസഭയുടെ ഉപദേശം ഗവര്‍ണര്‍ അംഗീകരിക്കുന്നതുവരെ അത് ഉപദേശമോ തീരുമാനമോ ആയി രൂപപ്പെടുകയില്ലെന്നു ഏറ്റവുമൊടുവില്‍ രാജ്ഭവനില്‍ നടത്തിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിട്ടുമുണ്ട്. തെറ്റുകണ്ടാല്‍ സര്‍ക്കാറിനെ തിരുത്താനും ശാസിക്കാനും ഉപദേശിക്കാനുമുള്ള അവകാശം ഗവര്‍ണര്‍ക്കുണ്ടെന്നും അദ്ദേഹം അവകാശപ്പെടുന്നു.
പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കില്ലെന്ന് പ്രഖ്യാപിച്ചതും സുപ്രിംകോടതിയെ സമീപിച്ചതും കേരളം മാത്രമല്ല. പഞ്ചാബ്, രാജസ്ഥാന്‍ നിയമസഭകള്‍ കേരളത്തെ മാതൃകയാക്കി. ബംഗാള്‍ തുടങ്ങി എന്‍.ഡി.എ സഖ്യകക്ഷി ഭരിക്കുന്ന ബിഹാര്‍വരെ പല സംസ്ഥാനങ്ങളും പൗരത്വ നിയമവും രജിസ്റ്ററും നടപ്പാക്കില്ലെന്ന് തീരുമാനിച്ചു. രാഷ്ട്രപതി ഒപ്പുവെച്ച നിയമത്തിനെതിരേ തന്നെയാണ് ബി.ജെ.പി ഭരിക്കുന്ന അസം, ത്രിപുര സംസ്ഥാനങ്ങള്‍ സുപ്രിംകോടതിയെ സമീപിച്ചത്. അവിടങ്ങളിലെ ഗവര്‍ണര്‍മാര്‍ പ്രകടിപ്പിക്കാത്ത ഭരണഘടനാ ലംഘനപ്രശ്‌നം ആരിഫ് മുഹമ്മദ് ഖാന് മാത്രം എന്തുകൊണ്ട് ? 143ലേറെ ഹര്‍ജികള്‍ സുപ്രംകോടതി ഭരണഘടനാ ബെഞ്ച് പരിഗണിക്കാന്‍ പോകുമ്പോഴാണ് കേരളംമാത്രം ഭരണഘടനാ ലംഘനം നടത്തിയെന്ന് ഗവര്‍ണര്‍ കുറ്റപ്പെടുത്തുന്നത്. നിയമത്തിനുവേണ്ടി കേന്ദ്ര സര്‍ക്കാറിന്റെ പ്രചാരണ ഓഫിസറായാണ് മാധ്യമങ്ങള്‍ക്കുമുമ്പില്‍ ഗവര്‍ണര്‍ പ്രത്യക്ഷപ്പെടുന്നത്.
ജനങ്ങള്‍ തെരഞ്ഞെടുത്ത, ഭരണഘടനാ പിന്‍ബലമുള്ള സര്‍ക്കാറിനെതിരേ ഒരു ദുര്‍ഗുണ പരിഹാര പാഠശാലയിലെ പ്രധാന അധ്യാപകനെപ്പോലെ സംസാരിക്കുകയാണ് നിര്‍ഭാഗ്യവശാല്‍ ആരിഫ് മുഹമ്മദ് ഖാന്‍. തന്നെ രാഷ്ട്രപതി നിയമിച്ചതാണെന്ന് ഇടയ്ക്കിടെ ആവര്‍ത്തിക്കുന്ന അദ്ദേഹം ഗവര്‍ണറേക്കാള്‍ ഭരണഘടനാ അവകാശാധികാരങ്ങളുള്ള രാഷ്ട്രപതിക്കുപോലും അതിന് അവകാശമില്ലെന്ന് ഓര്‍ക്കാന്‍ ശ്രമിക്കുന്നില്ല.
ഇന്ത്യ റിപ്പബ്ലിക്കായി മൂന്നുമാസം തികയുംമുമ്പുതന്നെ രാഷ്ട്രപതിയുടെ അധികാരങ്ങളെപ്പറ്റി രാജേന്ദ്രപ്രസാദ് പ്രധാനമന്ത്രി നെഹ്‌റുവില്‍നിന്ന് വിശദീകരണം തേടുകയുണ്ടായി. മന്ത്രിസഭയുടെ ഉപദേശത്തിനെതിരായി പ്രവര്‍ത്തിക്കാന്‍ അധികാരമുണ്ടോ എന്നതുമുതല്‍ സായുധസേനയുടെ കമാന്‍ഡറെന്ന നിലയില്‍ നേരിട്ടിടപെടാന്‍ അധികാരമുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് ചോദിച്ചത്. പ്രധാനമന്ത്രി നെഹ്‌റു അറ്റോര്‍ണി ജനറല്‍ എം.സി സെത്തല്‍വാദിന്റെ അഭിപ്രായംതേടി. ജനങ്ങളെ പ്രതിനിധീകരിക്കുന്ന നിയമസഭയ്ക്ക് മേധാവിത്വമുള്ളതാണ് ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന തത്വമെന്ന് സുദീര്‍ഘമായി വിശദീകരിച്ച അറ്റോര്‍ണി ജനറല്‍ ഇങ്ങനെ സമര്‍ഥിച്ചു: മന്ത്രിസഭയിലൂടെ ജനങ്ങളോട് ഉത്തരവാദിത്വം വഹിക്കുന്നത് ഭരണ നിര്‍വ്വഹണ വിഭാഗമാണ്. മന്ത്രിസഭയ്ക്കാണ് നിയമസഭയുടെ വിശ്വാസം. ഭരണഘടനയനുസരിച്ച് രാഷ്ട്രപതി എല്ലാ കാര്യങ്ങളിലും മന്ത്രിസഭയുടെ ഉപദേശവും സഹായവും അനുസരിച്ചാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് അറ്റോര്‍ണി ജനറല്‍ ഉപദേശിച്ചു. മന്ത്രിസഭയുടെ ഉപദേശം രാഷ്ട്രപതി നിരാകരിക്കുന്ന നിമിഷം ഭരണഘടനാ സംവിധാനത്തിന്റെ തകര്‍ച്ച സംഭവിക്കും. രാഷ്ട്രപതി സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരായി പ്രസംഗിക്കുന്നതും പറയുന്നതും ഭരണഘടനാ തലവനെന്ന നിലയ്ക്ക് ഒഴിവാക്കണമെന്നും അതില്‍ വ്യക്തമാക്കിയിരുന്നു.
163-ാം വകുപ്പനുസരിച്ചുള്ള ഗവര്‍ണര്‍മാരുടെ പ്രവര്‍ത്തനത്തെ സംബന്ധിച്ചും അറ്റോര്‍ണി ജനറല്‍ അഭിപ്രായമറിയിച്ചു. മന്ത്രിമാരുടെ ഉപദേശവും സഹായവും അനുസരിച്ചും തന്റെ വിവേചനാധികാരമനുസരിച്ചും തീരുമാനമെടുക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമുണ്ട്. വിവേചനമനുസരിച്ചുള്ള പ്രവര്‍ത്തനം അനുച്ഛേദം 244(2) റൂള്‍ 18(3) എന്നിങ്ങനെ ഭരണഘടനയുടെ ആറാം പട്ടിക അനുസരിച്ചുള്ള കാര്യങ്ങളില്‍ മാത്രമാണ്. മറ്റെല്ലാ കാര്യങ്ങളിലും മന്ത്രിസഭയുടെ ഉപദേശവും സഹായവും അനുസരിച്ചു മാത്രമേ ഗവര്‍ണര്‍ക്ക് പ്രവര്‍ത്തിക്കാനാകൂ.
രാജീവ്ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ മന്ത്രിസഭയുടെ ഉപദേശം മറികടന്ന് രാഷ്ട്രപതി സെയില്‍സിങ് പ്രവര്‍ത്തിക്കാന്‍ ശ്രമിക്കയുണ്ടായി. ഗവര്‍ണര്‍മാരുടെ വിവേചനാധികാരം സുപ്രിംകോടതി ഇടപെട്ട് സുതാര്യവും ഫെഡറല്‍ അധികാരങ്ങള്‍ സംരക്ഷിക്കുന്നതുമാക്കി തീര്‍ക്കാന്‍ ശ്രമിക്കുന്നുണ്ട്. ഭരണഘടനാ അധികാരി എന്ന നിലയ്ക്കല്ലാതെ തങ്ങളുടെ നിര്‍ദേശപ്രകാരം രാഷ്ട്രപതി നിയമിച്ച ആളെന്ന നിലയില്‍ കേന്ദ്ര സര്‍ക്കാറിന്റെ ഏജന്റായി ഗവര്‍ണര്‍ പ്രവര്‍ത്തിച്ചുകൂടെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്.
തന്റെ വിവേചനാധികാരത്തെപ്പറ്റി പരോക്ഷമായി നിരന്തരം ആവര്‍ത്തിക്കുകയും 356-ാം വകുപ്പിനെക്കുറിച്ച് ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്ന ആരിഫ് മുഹമ്മദ് ഖാന്‍ ഇക്കാര്യത്തില്‍ കേരളത്തിന്റെ രാഷ്ട്രീയചരിത്രം കുറച്ചുകൂടി ആഴത്തില്‍ ഉള്‍ക്കൊള്ളേണ്ടതുണ്ട്.
സംസ്ഥാനം രൂപീകരിച്ചശേഷം ഇ.എം.എസ് മന്ത്രിസഭയടക്കം 22 സര്‍ക്കാറുകള്‍ കേരളത്തില്‍ അധികാരത്തില്‍ വന്നിട്ടുണ്ട്. കമ്മ്യൂണിസ്റ്റുപാര്‍ട്ടി, കോണ്‍ഗ്രസ്, സി.പി.ഐ, മുസ്‌ലിം ലീഗ്, സി.പി.എം എന്നീ കക്ഷികളുടെ നേതൃത്വത്തിലുള്ള കൂട്ടുകക്ഷി മന്ത്രിസഭകളാണ് ഭരണത്തിലുണ്ടായിരുന്നത്. ഇവയുടെ തലപ്പത്ത് ബി. രാമകൃഷ്ണറാവു, വി.വി ഗിരി തുടങ്ങി 21 ഗവര്‍ണര്‍മാര്‍. ഇതില്‍ അവസാന ഗവര്‍ണറായ ജസ്റ്റിസ് പി. സദാശിവം മൂന്നുവര്‍ഷം പിണറായി വിജയന്‍ മുഖ്യമന്ത്രിയായ സര്‍ക്കാറിന്റെകൂടി ഭരണത്തലവനായിരുന്നു. ഈ നീണ്ട കാലയളവില്‍ ഇല്ലാത്ത പരസ്യമായ കടന്നാക്രമണമാണ് ഭരണഘടനയുടെ പേരില്‍ നാലരമാസത്തിനകം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തിയത്.
സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായി തെരഞ്ഞെടുത്ത സര്‍ക്കാറിനെ പിരിച്ചുവിട്ടത് പട്യാല ഈസ്റ്റ് പഞ്ചാബ് സ്റ്റേറ്റ്‌സ് യൂണിയന്‍ എന്നറിയപ്പെട്ട പൂര്‍വ പഞ്ചാബിലെ പെപ്‌സുവിലാണ്. അതിനുശേഷം 1959ല്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റു ഗവണ്മെന്റിനെ പിരിച്ചുവിട്ടു. കേന്ദ്ര സര്‍ക്കാറിന്റെയും കോണ്‍ഗ്രസ് അധ്യക്ഷ ഇന്ദിരാഗാന്ധിയുടെയും നേതൃത്വത്തില്‍ വിമോചനസമരം സംഘടിപ്പിച്ച് ക്രമസമാധാനം തകര്‍ത്തായിരുന്നു അത്. എന്നിട്ടും അന്ന് ഗവര്‍ണര്‍ ബി. രാമകൃഷ്ണറാവു സര്‍ക്കാറിനെതിരേ ഇതുപോലെ രംഗത്തുവന്നില്ല. കേന്ദ്ര ആഭ്യന്തരമന്ത്രി പണ്ഡിറ്റ് പന്തിന്റെ 36 പേജുള്ള കുറ്റപത്രം ഡല്‍ഹിയില്‍ തയാറാക്കി ഒരാഴ്ചമുമ്പ് ഗവര്‍ണര്‍ക്ക് അയക്കുകയായിരുന്നു. സര്‍ക്കാറിനെ പിരിച്ചുവിടാനുള്ള റിപ്പോര്‍ട്ട് കേന്ദ്രം അങ്ങനെ സമ്മര്‍ദം ചെലുത്തി എഴുതിവാങ്ങിച്ചതിന്റെ വിശദാംശങ്ങള്‍ സാക്ഷിയായിരുന്ന അന്നത്തെ ഇന്റലിജന്റ്‌സ് ബ്യൂറോ മേധാവി ബി.എന്‍ മല്ലിക് തന്റെ പുസ്തകത്തില്‍ വിശദമായി വെളിപ്പെടുത്തുന്നുണ്ട്. 356-ാം വകുപ്പ് പ്രയോഗിക്കുന്നതൊഴിവാക്കാന്‍ രാജിവെച്ച് തെരഞ്ഞെടുപ്പിനെ നേരിടണമെന്ന് ഇ.എം.എസിനെ വിളിച്ച് നെഹ്‌റു ചര്‍ച്ചചെയ്യുകപോലുമുണ്ടായി. കേന്ദ്രത്തിന്റെ വിമോചന സമരത്തിന് വഴങ്ങേണ്ടെന്ന് കമ്മ്യൂണിസ്റ്റുപാര്‍ട്ടി തീരുമാനിക്കുകയായിരുന്നു.
പിന്നീട് ആന്ധ്രയില്‍ അധികാരത്തില്‍വന്ന എന്‍.ടി രാമറാവുവിന്റെ ഗവണ്മെന്റിനെ ഹിമാചലിലെ കോണ്‍ഗ്രസ് നേതാവ് രാംലാലിനെ ഗവര്‍ണറാക്കി പിരിച്ചുവിടുവിച്ചു. ജനങ്ങളെ അണിനിരത്തി ജനാധിപത്യം സംരക്ഷിക്കാന്‍ രാമറാവുവിനൊപ്പം ഇടതുപാര്‍ട്ടികളും മറ്റുള്ളവര്‍ക്കൊപ്പം അണിനിരന്നു. ഗവര്‍ണര്‍ രാംലാലിനെ പിരിച്ചുവിടുവിച്ചാണ് എന്‍.ടി രാമറാവുവിനെ ജനങ്ങള്‍ അധികാരത്തില്‍ അവരോധിച്ചത്.
ഈ ചരിത്ര പാഠങ്ങള്‍ ഓര്‍ക്കേണ്ട സന്ദര്‍ഭമാണിത്. ഫെഡറല്‍ അധികാരം തകര്‍ക്കുന്നതിനപ്പുറം ഭരണഘടനയും റിപ്പബ്ലിക്കുമാണ് തകര്‍ക്കപ്പെടുന്നത്. അതിനെതിരായ പൊതു സമൂഹത്തിന്റെ ധീരോദാത്ത പോരാട്ടമാണ് ഡല്‍ഹിയില്‍ ഇന്ത്യാഗേറ്റില്‍നിന്ന് ദൂരെയല്ലാതെ ഷഹീന്‍ ബാഗിലും ലഖ്‌നൗവിനടുത്ത ഘണ്ഡാഘറിലും സ്ത്രീകളുടെ നേതൃത്വത്തില്‍ പതിനായിരങ്ങളുടെ പിന്തുണയാര്‍ജ്ജിച്ച് തുടരുന്നത്. ദേശീയ വികാരത്തിന്റെ ഉജ്ജ്വലമായ പ്രവാഹമാണ് ഈ സമരം. കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും അതു മറന്നുകൂട. ഇടതുമുന്നണി നേതൃത്വംനല്‍കിയ മനുഷ്യ മഹാശൃംഖലയിലേക്ക് യു.ഡി.എഫില്‍നിന്നും മറ്റു സംഘടനകളില്‍നിന്നും ആളുകളൊഴുകിയെത്തി. മാത്രമല്ല, യു.ഡി.എഫിന്റെ ഭൂപട സമരമുഖത്തേക്കു മറിച്ചും ഒഴുക്കുണ്ടാകും. അതിനെ ഇടുങ്ങിയ രാഷ്ട്രീയ പക്ഷപാതത്തോടെ കാണുകയല്ല വേണ്ടത്. ഈ മുന്നേറ്റംകണ്ട് ജനങ്ങളെ വിഭജിക്കുന്ന അധികാര കേന്ദ്രങ്ങള്‍ മാരീചന്മാരെ ഇറക്കിയിട്ടുണ്ട്. അത് തിരിച്ചറിയേണ്ടതും പരാജയപ്പെടുത്തേണ്ടതും പൗരസമൂഹമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മരിച്ചയാളോട് കുറച്ച് ബഹുമാനം കാണിക്കൂ; എം.എം ലോറന്‍സിന്റെ മൃതദേഹ തര്‍ക്കം തീര്‍ക്കാന്‍ മധ്യസ്ഥനെ നിയോഗിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

Kerala
  •  11 days ago
No Image

തേങ്ങലടക്കാനാവാതെ സഹപാഠികള്‍; പ്രിയകൂട്ടുകാര്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

Kerala
  •  11 days ago
No Image

രാഹുല്‍ ഗാന്ധി നാളെ സംഭലിലേക്ക്; വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കും

National
  •  11 days ago
No Image

നവീന്‍ബാബുവിന്റെ മരണം: കണ്ണൂര്‍ കലക്ടര്‍ക്കും ടി.വി പ്രശാന്തിനും കോടതി നോട്ടിസ്

Kerala
  •  11 days ago
No Image

കളര്‍കോട് അപകടം; റെന്റ് എ കാര്‍ ലൈസന്‍സ് ഇല്ല; വാഹന ഉടമയ്‌ക്കെതിരെ നടപടിയുണ്ടാകും

Kerala
  •  11 days ago
No Image

കുവൈത്ത്; നിര്‍മാണ സ്ഥലത്തെ അപകടം; തൊഴിലാളി മരിച്ചു 

Kuwait
  •  11 days ago
No Image

അധികാരത്തിലേറും മുന്‍പ് മുഴുവന്‍ ബന്ദികളേയും വിട്ടയച്ചില്ലെങ്കില്‍ വലിയ വില നല്‍കേണ്ടി വരും; ഹമാസിന് ട്രംപിന്റെ മുന്നറിയിപ്പ്

International
  •  11 days ago
No Image

'മുനമ്പം: പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നത്' കേരള വഖഫ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍

Kerala
  •  11 days ago
No Image

കളര്‍കോട് അപകടം: ഓവര്‍ലോഡും വണ്ടിയുടെ പഴക്കവും അപകടത്തിന്റെ വ്യാപ്തി കൂട്ടി: ആലപ്പുഴ ആര്‍.ടി.ഒ

Kerala
  •  11 days ago
No Image

കൊടികുത്തി വിഭാഗീയത; പ്രതിസന്ധിയിലുലഞ്ഞ് സി.പി.എം; പുറത്തുപോകുന്നത് 'മൂക്കാതെ പഴുത്തവര്‍

Kerala
  •  11 days ago