സര്‍വ്വകക്ഷി യോഗം വിളിക്കാന്‍ നിര്‍ദേശം
കല്‍പ്പറ്റ: ക്വാറികള്‍ക്കും മണല്‍ വാരുന്നതിനും നിയന്ത്രണമുള്ള സാഹചര്യത്തില്‍ നിര്‍മാണ രംഗത്തും തൊഴില്‍ മേഖലയിലുമുണ്ടായ സ്തംഭനാവസ്ഥയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സര്‍വ്വകക്ഷിയോഗം വിളിച്ചുചേര്‍ക്കാന്‍ മുന്‍കൈയ്യെടുക്കാന്‍ സി.കെ ശശീന്ദ്രന് എം.എല്‍.എ നിര്‍ദേശിച്ചു. കലക്ടറേറ്റില്‍ നടന്ന ജില്ലാ വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയന്ത്രണമുള്ളതുകാരണം പാവപ്പെട്ടവര്‍ക്കുള്ള വിവിധ ഭവന നിര്‍മാണ പദ്ധതികള്‍ തടസപ്പെടുന്ന അവസ്ഥയുണ്ടെന്നും ഇക്കാര്യത്തില്‍ പരിഹാര നടപടികള്‍ ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സൂര്യാതപത്തെ തുടര്‍ന്ന് ജില്ലയില്‍ ഒരാള്‍ മരണപ്പെട്ട പശ്ചാത്തലത്തില്‍ തോട്ടങ്ങളിലും തൊഴിലുറപ്പ് പദ്ധതിയിലും ജോലിയെടുക്കുന്നവര്‍ മുന്‍കരുതല്‍ നടപടി സ്വീകരിക്കണമെന്ന് തൊഴിലാളികള്‍ക്കും തൊഴിലുടമകള്‍ക്കും യോഗം മുന്നറിയിപ്പു നല്കി.
മുപ്പൈനാട് ഗ്രാമപഞ്ചായത്തില്‍ സൗരോര്‍ജ പാനല്‍ സ്ഥാപിക്കുന്ന പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചു. കല്‍പ്പറ്റ- പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ്-എമിലി റോഡ് അറ്റകുറ്റപ്പണികള്‍ക്ക് ഒമ്പത് ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് നഗരസഭ കൗണ്‍സിലിന്റെ അംഗീകാരത്തിന് സമര്‍പ്പിച്ചിട്ടുണ്ട്.
യോഗത്തില്‍ ജില്ലാ കലക്ടര്‍ ഡോ.ബി.എസ് തിരുമേനി അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി, വൈസ് പ്രസിഡന്റ് പി.കെ അസ്മത്ത്, ജില്ലാ പ്ലാനിങ് ഓഫിസര്‍ സോമ സുന്ദരലാല്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ വകുപ്പ്തല ഉദ്യാഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."