സമാധാനം തകര്‍ക്കാനാണോയെന്ന് ഹൈക്കോടതി
കൊച്ചി: ശബരിമലയില്‍ ദര്‍ശനം നടത്തുന്നതിനായി ഇളവുതേടി ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന് ഹൈക്കോടതിയെ സമീപിച്ചു.
സുരേന്ദ്രന് ശബരിമല സന്ദര്‍ശിക്കുന്നത് സമാധാന അന്തരീക്ഷം തകര്‍ക്കാനാണോയെന്ന് ഹൈക്കോടതി ഹരജി പരിഗണിക്കവെ ചോദിച്ചു. അവിടെ ഇപ്പോള്‍ സ്ഥിതി ശാന്തമാണെന്നും കോടതി പരാമര്‍ശിച്ചു. താന്‍ കെട്ടുനിറച്ചിട്ടുണ്ടെന്നും ദര്‍ശനം നടത്തേണ്ടതുണ്ടെന്നും സുരേന്ദ്രന് കോടതിയില്‍ വ്യക്തമാക്കി.
തുടര്‍ന്ന് ഈ സീസണില്‍ തന്നെ പോകണോയെന്ന് ചോദിച്ച കോടതി ഏതെങ്കിലും ഒന്നാം തിയതി ദര്‍ശനം നടത്തിയാല്‍ മതിയാകില്ലേയെന്നും ആരാഞ്ഞു.അതേസമയം, ശബരിമലയിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് പ്രതി നടത്തുന്നതെന്നും ഈ മണ്ഡലകാലത്ത് സുരേന്ദ്രനെ ശബരിമലയില്‍ പ്രവേശിപ്പിക്കരുതെന്നും പ്രോസിക്യൂഷന് കോടതിയില്‍ ആവശ്യപ്പെട്ടു.
ചിത്തിര ആട്ട വിശേഷത്തിന് സന്നിധാനത്തെത്തിയ 52 വയസുകാരിയെ ആക്രമിച്ചെന്ന കേസില്‍ നേരത്തെ കോടതി സുരേന്ദ്രന് ജാമ്യം അനുവദിച്ചിരുന്നു. 23 ദിവസത്തെ ജയില്‍വാസത്തിനു ശേഷം കര്‍ശന ഉപാധികളോടെയാണ് സുരേന്ദ്രന് ജാമ്യം ലഭിച്ചത്.
പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുതെന്നാണ് കോടതി നിര്‍ദേശം. സുരേന്ദ്രന്റെ ഹരജി കൂടുതല്‍ വാദത്തിനായി തിങ്കളാഴ്ച പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."