വൈവാഹിക വെബ്‌സൈറ്റുകള്‍ക്ക് കര്‍ശന നിയന്ത്രണവുമായി കേന്ദ്രം
തിരുവനന്തപുരം:രാജ്യത്തു പ്രവര്‍ത്തിക്കുന്ന വൈവാഹിക വെബ്‌സൈറ്റുകളെ കര്‍ശനമായി നിയന്ത്രിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര സര്‍ക്കാര്‍. ഇത്തരം സൈറ്റുകള്‍ ഉപയോഗിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ ശക്തമാക്കണമെന്ന് കേന്ദ്ര കമ്യൂണിക്കേഷന്‍സ് ആന്റ് ഐ.ടി മന്ത്രാലയം സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ച സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു.
വെബ്‌സൈറ്റുകളുടെ പ്രസക്തി അംഗീകരിച്ചുതന്നെയാണ് നിയന്ത്രണ നടപടികള്‍ നിര്‍ദേശിക്കുന്നത്. സൈറ്റുകളുമായി ബന്ധപ്പെട്ട പരാതികള്‍ വിവിധ ഭാഗങ്ങളില്‍ നിന്ന് ഉയരുന്ന സാഹചര്യത്തിലാണ് നിര്‍ദേശം. ഇതുമായി ബന്ധപ്പെട്ട നിയമങ്ങളെല്ലാം സര്‍ക്കുലറില്‍ എടുത്തുപറയുന്നുണ്ട്. വിവാഹമെന്ന ലക്ഷ്യം തന്നെയാണോ സൈറ്റില്‍ റജിസ്റ്റര്‍ ചെയ്യുന്നയാള്‍ക്ക് ഉള്ളതെന്ന് ഉറപ്പുവരുത്തണമെന്ന് സര്‍ക്കുലര്‍ നിര്‍ദേശിക്കുന്നു.
അയാള്‍ നല്‍കുന്ന വ്യക്തിപരമായ വിവരങ്ങളെല്ലാം ശരിയാണെന്നും ആ വ്യക്തിയുടെ അറിവോടെയാണ് നല്‍കുന്നതെന്നും ഉറപ്പുവരുത്തണം. മൊബൈല്‍ നമ്പര്‍ പരിശോധിച്ച് ഉറപ്പാക്കണം. ഉപയോഗിക്കുന്നയാളുടെ സ്വകാര്യത പൂര്‍ണമായി സംരക്ഷിക്കണം. ഒരാളുടെ വിവരങ്ങള്‍ അയാളുടെ അറിവോ സമ്മതമോ ഇല്ലാതെ മറ്റാര്‍ക്കും കൈമാറരുത്.
ആളുകള്‍ നല്‍കുന്ന രേഖകളുടെ ഒറിജിനല്‍ പരിശോധിച്ച് ഉറപ്പുവരുത്തണം. സൈറ്റ് കര്‍ശനമായും വൈവാഹിക ബന്ധങ്ങള്‍ക്കുള്ളതാണെന്നും മറ്റു ബന്ധങ്ങള്‍ക്കായി ദുരുപയോഗപ്പെടുത്തരുതെന്നും അശ്ലീലമായ ഒന്നും പ്രചരിപ്പിക്കരുതെന്നുമുള്ള വ്യക്തമായ മുന്നറിയിപ്പ് സൈറ്റുകളും സേവനദാതാക്കളും ആളുകള്‍ക്കു നല്‍കണം. ഹോം പേജില്‍ ഈ അറിയിപ്പ് പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കണം. വിവരങ്ങളുടെ സംരക്ഷണത്തിനായി സൈറ്റുകള്‍ ദേശീയ, അന്തര്‍ദേശീയ നിലവാരത്തിലുള്ള ക്രമീകരണങ്ങളുണ്ടാക്കണം. ഉപയോഗിക്കാനുള്ള വ്യവസ്ഥകള്‍ പ്രസിദ്ധീകരിക്കണം. വിവരങ്ങളുടെ ആധികാരികത ഉപയോഗിക്കുന്നവര്‍ ഉറപ്പുവരുത്തണമെന്നും അറിയിക്കണം. ചില ബെബ്‌സൈറ്റുകള്‍ വഴി പലരും പണവും പാരിതോഷികങ്ങളും ആവശ്യപ്പെട്ട് തട്ടിപ്പു നടത്തുന്ന സംഭവങ്ങളുണ്ട്. അതിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കണം. എന്തെങ്കിലും തട്ടിപ്പു നടന്നാല്‍ നിയമപാലന സംവിധാനങ്ങളില്‍ പരാതി നല്‍കാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കണം.
പരാതികള്‍ സൈറ്റുകളെ അറിയിക്കുന്നതിന് അവര്‍ ഒരു ഗ്രീവന്‍സ് ഓഫിസറെ നിയമിച്ച് ബന്ധപ്പെടാനുള്ള വിവരങ്ങള്‍ നല്‍കണം. പരാതി പരിഹാരത്തിന്റെ നടപടിക്രമങ്ങള്‍ പരസ്യപ്പെടുത്തണം. സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്ന അക്കൗണ്ടുകള്‍ക്ക് നിശ്ചിത കാലാവധി ഏര്‍പ്പെടുത്തണമെന്നും മന്ത്രാലയം നിര്‍ദേശിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."