സെന്‍സസ് നടപടികള്‍ക്ക് വേഗംകൂട്ടി സര്‍ക്കാര്‍ പ്രത്യേക ലേഖകന്‍
പാലക്കാട് : കേരള ജനതയെ വഞ്ചിച്ച് സംസ്ഥാനത്ത് എന്‍.പി.ആര്‍ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വേഗം കൂട്ടുന്നതായി രേഖകള്‍. സെന്‍സസ് നടപടികളുടെ ഭാഗമായി പാലക്കാട്, മലപ്പുറം ജില്ലകളില്‍ കലക്ടര്‍മാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രധാനാധ്യാപകര്‍ക്ക് അയച്ച കത്തു പുറത്തായി. കഴിഞ്ഞ ദിവസം മത-രാഷ്ട്രീയ ഭേദമില്ലാതെ മഹാശൃംഖലയില്‍ പങ്കെടുത്തവരെ നിരാശരാക്കുന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ ഈ നടപടി. എന്‍.പി.ആര്‍ നടപ്പാക്കുന്നതുമായി ബന്ധപെട്ടു സര്‍ക്കാര്‍ നല്‍കിയ ഉത്തരവില്‍ താമരശേരി തഹസില്‍ദാര്‍ ഒരു കുറിപ്പ് നല്‍കിയത് ഏറെ വിവാദങ്ങള്‍ സൃഷിച്ചിരുന്നു. തുടര്‍ന്ന് നടപടി നിര്‍ത്തിവച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കുകയും ചെയ്തു.
അതിനു പിന്നാലെയാണ് മലപ്പുറത്തും പാലക്കാടും ജില്ലാ കലക്ടര്‍മാര്‍ കേന്ദ്ര സര്‍ക്കാരിന്റെ കത്ത് സൂചനയായി നല്‍കി ഉത്തരവ് ഇറക്കിയിരിക്കുന്നത്.
കണക്കെടുപ്പിനായി അധ്യാപകരെ ചുമതലപെടുത്തുന്നതിനാണ് ഉത്തരവ്. നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിറക്കി എന്നു മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയതിനു വിരുദ്ധമായാണ് ഇന്നലെ പുതിയ നിര്‍ദേശം വന്നിരിക്കുന്നത്.
ഇക്കാര്യത്തില്‍ വിശദാംശങ്ങള്‍ തേടി മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ടപ്പോള്‍ കിട്ടിയ മറുപടി സംസ്ഥാനത്ത് ജനസംഖ്യാ റജിസ്റ്ററും പൗരത്വ റജിസ്റ്ററും നടപ്പാക്കില്ലെന്നും എന്നാല്‍ സെന്‍സസ് നടപടികളുമായി മുന്നോട്ടു പോകുമെന്നുമായിരുന്നു.
എന്നാല്‍ ഇപ്പോള്‍ നടക്കാനിരിക്കുന്ന സെന്‍സസിന്റെ തുടര്‍ച്ചയല്ലേ എന്‍.പി.ആറെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി മുഖ്യമന്ത്രിയുടെ ഓഫിസ് നല്‍കിയില്ല.
ജനസംഖ്യാ രജിസ്റ്ററും സെന്‍സസും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നതും സര്‍ക്കാരിന്റെ പുതിയ നീക്കവും ന്യൂനപക്ഷങ്ങളെയാകെ കേരള സര്‍ക്കാര്‍ വഞ്ചിക്കുകയാണെന്ന ചിന്ത ഉടലെടുത്തതായി പൗരത്വനിയമഭേദഗതി വിരുദ്ധ സമരരംഗത്തുള്ളവര്‍ വ്യക്തമാക്കുന്നു. സെന്‍സസിനൊപ്പം ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കലും നടക്കുന്ന വിധമാണു കേന്ദ്രത്തിന്റെ നടപടി.
ഒരേ എന്യൂമറേറ്റര്‍മാരാണ് രണ്ടും ചെയ്യേണ്ടത്. സെന്‍സസും ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കലും രാജ്യത്തു വലിയ ഭയപ്പാടു സൃഷ്ടിച്ച സാഹചര്യത്തില്‍പോലും കേന്ദ്രസര്‍ക്കാരിന്റെ സഖ്യകക്ഷിസര്‍ക്കാരെന്ന നിലയില്‍ പിണറായി സര്‍ക്കാര്‍ നീങ്ങുന്നത് ഉള്‍ക്കൊള്ളാനാകാതെ അന്ധാളിച്ചുനില്‍ക്കുകയാണ് സമരരംഗത്തുള്ളവര്‍.
ലക്ഷങ്ങളെ അണിനിരത്തി നടത്തിയ മഹാശൃംഖലയിലൂടെ മോദിസര്‍ക്കാരിനേക്കാള്‍ വലിയ വഞ്ചനയാണ് ന്യൂനപക്ഷ വിഭാഗങ്ങളോട് കേരള സര്‍ക്കാര്‍ കാണിച്ചതെന്ന ചിന്തയാണ് ശക്തമാകുന്നത്. യു.എ.പി.എയ്‌ക്കെതിരെ വാചാലരാകുകയും ആ നിയമം പ്രയോഗിക്കുകയും ചെയ്ത അനുഭവം മുന്നിലുള്ളതുകൊണ്ടാണ് ന്യൂനപക്ഷങ്ങളുടെ ആശങ്കയുടെ ശക്തികൂടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."