'ഇതൊന്നും പുതിയ കാര്യമല്ല, ഇതിനെക്കാള്‍ വലിയ പ്രതിഷേധങ്ങള്‍ കണ്ടിട്ടുണ്ട്' പ്രതിപക്ഷത്തിനെതിരേ ഗവര്‍ണര്‍
തിരുവനന്തപുരം: പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തെ പരിഹസിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നിയമസഭയില്‍ ബജറ്റ് സമ്മളേനത്തിന് തുടക്കം കുറിച്ചു കൊണ്ട് നയപ്രഖ്യാപന പ്രസംഗത്തിനെത്തിയപ്പോള്‍ പ്രതിപക്ഷം ഗവര്‍ണറെ തടഞ്ഞിരുന്നു. ഇതിനു മറുപാടിയുമായാണ് ഗവര്‍ണര്‍ രംഗത്ത് വന്നത്.
'ഇതൊന്നും പുതിയ കാര്യമല്ല. അസംബ്ലിയില്‍ ഉള്ള സമയത്ത് ഇതിനെക്കാള്‍ വലിയ പ്രതിഷേധങ്ങള്‍ കണ്ടിട്ടുണ്ട്' നയപ്രഖ്യാപനത്തിന് ശേഷം നിയമസഭയില്‍നിന്ന് മടങ്ങവേ ഗവര്‍ണര്‍ പറഞ്ഞു.
നിയമസഭയിലേക്ക് സ്പീക്കറും മുഖ്യമന്ത്രിയും ചേര്‍ന്ന് ആനയിച്ച ഗവര്‍ണറെ പ്രതിപക്ഷം ബാനറുകളും പ്ലക്കാര്‍ഡുമായി തടയുകയായിരുന്നു. 'ഗോബാക്ക്' വിളികളുമായി ഗവര്‍ണക്കുമുന്നില്‍ ഉപരോധം സൃഷ്ടിച്ച പ്രതിപക്ഷത്തെ വാച്ച് ആന്‍ഡ് വാര്‍ഡ് പിടിച്ചുമാറ്റുകയായിരുന്നു. പ്രധാന കവാടം കടന്ന് ഗവര്‍ണറും സംഘവുമെത്തിയ വഴയില്‍ കുത്തിയിരുന്ന് പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിച്ചതോടെ ഗവര്‍ണര്‍ക്ക് പോഡിയത്തിലേക്ക് കടക്കാന്‍ പറ്റാത്ത സ്ഥിതിയായി. പത്തുമിനുട്ടോളം ഗവര്‍ണര്‍ക്ക് അവിടെ നില്‍ക്കേണ്ടിവന്നു.
സ്പീക്കര്‍, മന്ത്രി എ.കെ. ബാലന്‍, മുഖ്യമന്ത്രി എന്നിവര്‍ പ്രതിപക്ഷവുമായി ചര്‍ച്ച നടത്തിയെങ്കിലും പിന്‍മാറാന്‍ തയാറായില്ല. വാച്ച് ആന്‍ഡ് വാര്‍ഡ് എത്തി പ്രതിപക്ഷ അംഗങ്ങളെ നീക്കി ഗവര്‍ണര്‍ക്ക് വഴിയൊരുക്കി. തുടര്‍ന്ന് പ്രതിപക്ഷ സഭ ബഹിഷ്‌കരിച്ച് സഭയ്ക്കു പുറത്തെ കവാടത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. അതിനുശേഷമാണ് ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം തുടങ്ങിയത്.
അതേസമയം, നിയമസഭയിലെ നയപ്രഖ്യാപന പ്രസംഗത്തില്‍ പൗരത്വ നിയമത്തിനെതിരായ വിമര്‍ശനമുള്ള ഖണ്ഡിക വായിക്കില്ലെന്ന നിലപാട് അവസാനനിമിഷം മാറ്റി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിവാദ പരാമര്‍ശമുള്ള 18ാം ഖണ്ഡിക വായിക്കില്ലെന്ന് സര്‍ക്കാരിനെ അറിയിച്ച ഗവര്‍ണര്‍ പ്രസംഗം വായിച്ചുതുടങ്ങിയശേഷമാണ് നിലപാട് മാറ്റിയത്. എതിര്‍പ്പുണ്ടെങ്കിലും മുഖ്യമന്ത്രിയുടെ അപേക്ഷ പരിഗണിച്ച്, അദ്ദേഹത്തോടുള്ള ബഹുമാനസൂചകമായി വായിക്കുകയാണെന്ന് ഗവര്‍ണര്‍ പറഞ്ഞു.
കൈയടിയോടെയാണ് ഭരണപക്ഷം ഗവര്‍ണറുടെ വാക്കുകളെ സ്വീകരിച്ചത്. പൗരത്വം മതാധിഷ്ഠിതമാകരുതെന്നും ഭരണഘടനാമൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നുമുള്ള കാര്യങ്ങളാണ് പതിനെട്ടാം ഖണ്ഡികയിലുള്ളത്. സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത് ശരിവയ്ക്കുന്ന രീതിയിലായിരുന്നു പ്രസംഗം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."