ആശ്രയ ഗുണഭോക്താക്കള്‍ക്ക് ഭക്ഷണവും മരുന്നും ലഭിച്ചിട്ട് മൂന്നുമാസം
വെട്ടത്തൂര്‍: അധികൃതരുടെ അനാസ്ഥ കാരണം വെട്ടത്തൂര്‍ പഞ്ചായത്തിലെ ആശ്രയ പദ്ധതിയില്‍പ്പെട്ട ഗുണഭോക്താക്കള്‍ക്ക് ഭക്ഷണസാമഗ്രികളും മരുന്നുമടക്കമുള്ളവ ലഭിച്ചിട്ട് മൂന്നുമാസം. പദ്ധതി തുകയുടെ ചെക്ക് പഞ്ചായത്ത് ഓഫിസില്‍ നിന്നു ഒപ്പിട്ടു നല്‍കാത്തതാണ് പ്രശ്നം.
മെമ്പര്‍ സെക്രട്ടറി, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ എന്നിവരുടെ പേരിലുള്ള ജോയിന്റ് അക്കൗണ്ട് മുഖേനയാണ് പണം നല്‍കേണ്ടത്. എന്നാല്‍, ചുമതലയുള്ള അസി. സെക്രട്ടറി നവംബറില്‍ സ്ഥലം മാറിപോയതോടെ ചെക്ക് ഒപ്പിട്ടു നല്കാന് ആളില്ലാതെയായി. സാധാരണ ഉദ്യോഗസ്ഥര്‍ സ്ഥലം മാറി പോകുമ്പോള്‍ വി.ഇ.ഒ, ഹെഡ്ക്ലര്‍ക്ക്, സൂപ്പര്‍ വൈസര്‍ എന്നിവര്‍ക്ക് ചുമതല നല്‍കണം. എന്നാല്‍ ഈ ഉദ്യോഗസ്ഥരും ഈ ചുമതല ഏറ്റെടുക്കാന്‍ തയാറായിട്ടില്ല. സെക്രട്ടറിയും ഇക്കാര്യത്തില്‍ അലംഭാവം കാണിക്കുന്നതായി പ്രതിപക്ഷം ആരോപിക്കുന്നു.
പഞ്ചായത്തില്‍ 77 കുടുംബമാണ് ആശ്രയ പദ്ധതിയിലുള്ളത്. മുഴുവന്‍ പേരും കിടപ്പിലായ രോഗികളാണ്. ഇവര്‍ക്ക് ഭക്ഷണത്തിനുള്ള സാമഗ്രികള്‍, മരുന്ന്, ഭക്ഷണം, വീട് അറ്റകുറ്റപ്രവൃത്തി തുടങ്ങിയവയാണ് പദ്ധതി പ്രകാരം നല്‍കേണ്ടത്. പണം പിന്‍വലിക്കാന്‍ കഴിയാത്തതിനാല്‍ കുടുംബശ്രീ പ്രവര്‍ത്തകരുടെ ഓണറേറിയം, യാത്രാ അലവന്‍സ് എന്നിവയും മുടങ്ങിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."