ജിദ്ദ വസന്തം 2020 ഫെസ്റ്റ് സംഘടിപ്പിച്ചു
ജിദ്ദ: സമസ്‌ത ഇസ്‌ലാമിക് സെന്റർ ജിദ്ദ സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വസന്തം 2020 ഫെസ്റ്റ് സമാപിച്ചു. ചരിത്രമുറങ്ങുന്ന തിരുഗേഹങ്ങളുടെ കവാട നഗരിയായ ജിദ്ദയിലെ പ്രവാസി സമൂഹത്തിന് മറക്കാനാവാത്ത ഓർമ്മകൾ സമ്മാനിച്ച പരിപാടി പഠനാർഹമായ ക്‌ളാസ്സുകളും കലാ - സാഹിത്യ പരിപാടികളൂം ക്വിസ് മത്സരങ്ങളും കൊണ്ട് ധന്യമായിരുന്നു. ഹയ്യ് സാമറിൽ വെച്ച് നടന്ന പരിപാടി എസ്.ഐ. സി. സഊദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങൾ മേലാറ്റൂർ ഉത്ഘാടനം ചെയ്തു. ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് അൻവർ തങ്ങൾ അധ്യക്ഷത വഹിച്ചു.
ക്യാമ്പ് അമീർ മുസ്തഫ ബാഖവിയുടെ ഉല്ബോധനത്തോടെ ആരംഭിച്ച പരിപാടിയുടെ ആദ്യ സെഷനിൽ ‘യുവതയെ വഴി തെറ്റിക്കുന്ന യുക്തിവാദം’ എന്ന വിഷയത്തിൽ നജ്മുദ്ധീൻ ഹുദവി കൊണ്ടോട്ടി ക്ലാസ് എടുത്തു. യുക്തിവാദത്തെയും നിരീശ്വര വാദത്തെയും നേരിടാനുള്ള ഏറ്റവും വലിയ പ്രതിരോധം വിശുദ്ധ ഖുർആൻ ആണെന്നും വിശുദ്ധ ഖുർആനിന്റെ വെളിച്ചം വീടുകളിൽ സജീവമാക്കണമെന്നും അദ്ദേഹം പറഞ്ഞു. തുടർന്നുള്ള സെഷനുകളിൽ ‘മരുമരങ്ങളുടെ മർമ്മരം’ എന്ന വിഷയത്തിൽ എസ്.ഐ.സി. സഊദി നാഷണൽ കമ്മിറ്റി വർക്കിംഗ് സെക്രട്ടറി അറക്കൽ അബ്ദുറഹ്മാൻ മൗലവിയും ‘ആത്മ വിചിന്തനം’ എന്ന വിഷയത്തിൽ മുസ്തഫ ബാഖവി ഊരകവും ക്‌ളാസ് എടുത്തു. എം.സി. സുബൈർ ഹുദവി എസ്. ഐ. സി യുടെ പ്രവർത്തനങ്ങൾ പരിചയപ്പെടുത്തി.
റാസിൻ ബഷീറും സംഘവും അവതരിപ്പിച്ച ഖവ്വാലി സദസ്സ് ഏറെ ആസ്വദിച്ചു. വിദ്യാർത്ഥികളുടെ സ്കൗട് പരിപാടിയും ശ്രദ്ധേയമായിരുന്നു. സി.എച്ച്. നാസർ, സൽമാനുൽ ഫാരിസ്, ഷബീർ മോളൂർ, മാസ്റ്റർ മുഹമ്മദ് റയാൻ, മാസ്റ്റർ ഫാദി മുഹിയുദ്ധീൻ എന്നിവർ ഗാനങ്ങൾ ആലപിച്ചു. തത്സമയം ക്വിസ് മത്സരം നടത്തി വിജയികൾക്ക് സമ്മാനദാനം നൽകിയത് സദസ്യർക്കു വേറിട്ട അനുഭവമായിരുന്നു. എസ് .ഐ. സി യുടെ കീഴിൽ നടന്നു വരുന്ന വിവിധ കോഴ്‌സുകളിൽ വിജയം നേടിയവർക്ക് പ്രത്യേക സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും പരിപാടിയിൽ വെച്ച് വിതരണം ചെയ്തു. വിഖായ വളണ്ടിയർമാരുടെ മികച്ച സേവനം പരിപാടിയുടെ സുഗമമായ നടത്തിപ്പിന് ഏറെ സഹായകമായി. എസ് .ഐ. സി. ചെയർമാൻ മുജീബ് റഹ്മാനി മൊറയൂർ സമാപന സന്ദേശം നൽകി. അബുബക്കർ ദാരിമി ആലമ്പാടി, അലി മൗലവി നാട്ടുകൽ, സൈനുൽ ആബിദീൻ തങ്ങൾ, സുബൈർ ഹുദവി കൊപ്പം, നൗഷാദ് അൻവരി മോളൂർ, മുസ്തഫ ഫൈസി ചേരൂർ, , അൻവർ ഹുദവി, ഗഫൂർ പട്ടിക്കാട്, ഇസ്മായിൽ മുണ്ടക്കുളം, എൻ. പി. അബുബക്കർ ഹാജി, ഉസ്മാൻ എടത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു .റഷീദ് മണിമൂളി ഖിറാഅത് നടത്തി. എസ്. ഐ. സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ദിൽഷാദ് തലാപ്പിൽ സ്വാഗതവും വർക്കിങ് സെക്രട്ടറി ജാബിർ നാദാപുരം നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."