മലയോര മഹോത്സവത്തിന് തുടക്കം
മുക്കം: മലയോര മഹോത്സവത്തിനു അഗസ്ത്യന്‍ മുഴി ജില്ലാ പഞ്ചായത്ത് സ്റ്റേഡിയത്തില്‍ തുടക്കം. മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ജോര്‍ജ് എം. തോമസ് എം.എല്‍.എ അധ്യക്ഷനായി. സമ്മേളന നഗരിയില്‍ ഒരുക്കിയ രാജീവ് സ്മാര്‍ട്ടിന്റെ പ്രളയസാക്ഷ്യം ചിത്രപ്രദര്‍ശനവും പി.ആര്‍.ഡി സ്റ്റാളും മന്ത്രി ഉദ്ഘാടനം ചെയ്തു. മുക്കം പഴയ ബസ് സ്റ്റാന്‍ഡില്‍ നിന്ന് ആരംഭിച്ച ഘോഷയാത്രയോടെയാണു പരിപാടിക്ക് തുടക്കമായത്.
ജനപ്രതിനിധികള്‍, കുടുംബശ്രീ അംഗങ്ങള്‍, രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ഉള്‍പ്പെടെ നിരവധി പേര്‍ ഘോഷയാത്രയില്‍ പങ്കാളികളായി. ഇനിയുള്ള രണ്ടാഴ്ചക്കാലം കലാപരിപാടികള്‍, അമ്യൂസ്‌മെന്റ് പാര്‍ക്ക്, ബോട്ടിങ്, വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സ്റ്റാളുകള്‍ എന്നിവ മഹോത്സവ നഗരിയെ ഉത്സവ സാന്ദ്രമാക്കും.
പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ക്ക് എം.എല്‍.എയുടെ ശകാരം
മുക്കം: മലയോര മഹോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ക്ക് എം.എല്‍.എയുടെ ശകാരം. സ്വാഗത പ്രാസംഗികന്‍ ബാബു പറശ്ശേരി തന്റെ പ്രസംഗത്തിനു ശേഷം എം.എല്‍.എ ജോര്‍ജ് എം. തോമസിനെ അധ്യക്ഷ സ്ഥാനത്തേക്ക് ക്ഷണിച്ചിരുന്നു. എം.എല്‍.എ പ്രസംഗിക്കാന്‍ നില്‍ക്കുമ്പോള്‍ പരിപാടിയുടെ അനൗണ്‍സറായ പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ പി.ജെ അഗസ്റ്റിന്‍ വീണ്ടും എം.എല്‍.എയെ ക്ഷണിക്കുകയും പുകഴ്ത്തി ചില വാക്കുകള്‍ പറഞ്ഞതുമാണ് എം.എല്‍.എയെ ചൊടിപ്പിച്ചത്.
ഇത്തരം പ്രവണതകള്‍ ആവര്‍ത്തിക്കരുതെന്ന് എം.എല്‍.എ തുറന്നടിച്ചത് ഉദ്ഘാടന ചടങ്ങിലെ കല്ലുകടിയായി മാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."