ജ്വല്ലറി കവര്‍ച്ച: പ്രതികള്‍ വലയിലായത് മോഷണത്തിനുള്ള ആസൂത്രണത്തിനിടെ
നാദാപുരം: കല്ലാച്ചി ജ്വല്ലറി കവര്‍ച്ചയില്‍ പ്രതികള്‍ വലയിലാകുന്നത് മറ്റൊരു കവര്‍ച്ച നടത്താനുള്ള ആസൂത്രണത്തിനിടെ. ചേളന്നൂരിനടുത്തുള്ള ഒരു ജ്വല്ലറി കൊള്ളയടിക്കാന്‍ തയാറെടുക്കുന്നതിനിടയിലാണ് ഇവര്‍ വലയിലാകുന്നത്. അതേസമയം തെളിവുകള്‍ അവശേഷിപ്പിക്കാതെ നടത്തുന്ന കവര്‍ച്ചയില്‍ പ്രതികളെ കണ്ടെത്തിയത് പൊലിസിന്റെ അന്വേഷണ മിടുക്ക്. മാസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ആസൂത്രണത്തിലൂടെയാണു പ്രതികള്‍ കവര്‍ച്ച നടത്തുന്നത്. ഇതിനായി സ്ഥലവും പരിസരവും മുന്‍കൂട്ടി കണ്ടുവയ്ക്കും. സി.സി.ടി.വി കാമറകള്‍ കടയിലും പരിസരത്തും ഇല്ലെന്നു ഉറപ്പിച്ചതിനു ശേഷമാണു കൃത്യം നടത്തുന്നതെന്ന് പ്രതികള്‍ പൊലിസിനോട് സമ്മതിച്ചു. കല്ലാച്ചിയിലെ തന്നെ മാര്‍ക്കറ്റ് റോഡിലെ മറ്റൊരു ജ്വല്ലറിയായിരുന്നു ആദ്യം പ്രതികള്‍ ലക്ഷ്യംവച്ചത്. എന്നാല്‍ സംഘത്തലവന്‍ അഞ്ചാംപുലി ഇവിടം സന്ദര്‍ശിച്ചപ്പോള്‍ സുരക്ഷിതമല്ലെന്നുകണ്ട് റിന്‍സി ജ്വല്ലറി തിരഞ്ഞെടുക്കുകയായിരുന്നു. നേരത്തെ സി.സി.ടി.വിയുള്ള ജ്വല്ലറികളിലും സംഘം മോഷണം നടത്തിയിരുന്നു. ഇത്തരം ജ്വല്ലറികളില്‍ അകത്തുകടന്ന ഉടനെ കാമറ തകര്‍ക്കുകയും ഹാര്‍ഡ് ഡിസ്‌ക് നശിപ്പിക്കുകയുമാണു ചെയ്തിരുന്നത്. പൂര്‍ണമായും സൈബര്‍ വിങ്ങിന്റെ സഹായത്തോടെയാണു പ്രതികളെ പിടികൂടിയതെന്നു പൊലിസ് പറഞ്ഞു. സംഭവസ്ഥലത്തു നിന്ന് ലഭിച്ച കമ്പിപ്പാര മാത്രമാണ് പൊലിസിനു തെളിവായി ലഭിച്ചിരുന്നത്. ഇതില്‍ നിന്നാണ് അന്വേഷണത്തിന്റെ തുടക്കം. എന്നാല്‍ പ്രാദേശികമായി നിര്‍മിച്ച കമ്പിപ്പാരയായതിനാല്‍ ഇവിടെയും പൊലിസിന്റെ അന്വേഷണം വഴിമുട്ടി.
കമ്പിപ്പാരയ്ക്കായുള്ള അന്വേഷണത്തിനിടെ വടകരയിലുള്ള ഒരു ഹാര്‍ഡ്‌വെയര്‍ ഷോപ്പില്‍ നിന്ന് കളവിനുപയോഗിക്കുന്ന സാധനങ്ങള്‍ വാങ്ങിയതായി പൊലിസ് മനസിലാക്കി. തുടര്‍ന്ന് സൈബര്‍ പൊലിസ് സഹായത്തോടു കൂടി പ്രതികളെ പിന്തുടരുകയായിരുന്നു.
സമാന കളവുകള്‍ നടന്ന തമിഴ് നാട്, ആന്ധ്ര, കര്‍ണാടക എന്നിവിടങ്ങളില്‍ വിശ്രമമില്ലാതെ പൊലിസ് നടത്തിയ അന്വേഷണം മലപ്പുറം വളാഞ്ചേരി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന മോഷണ സംഘത്തില്‍ എത്തുകയായിരുന്നു. തമിഴ്‌നാട്ടില്‍ കഴിയുന്ന പ്രതികള്‍ കേരളം ബെയ്‌സ് ക്യാംപായി തിരഞ്ഞെടുക്കുകയും വിദഗ്ധമായ ആസൂത്രണത്തിനു ശേഷം കവര്‍ച്ച നടത്തി മുതലുകള്‍ വീതിച്ചെടുക്കുകയുമാണു ചെയ്യുന്നത്. നിരവധി കേസുകളില്‍ ശിക്ഷിക്കപ്പെട്ട അഞ്ചാംപുലി ആണ് സംഘത്തലവന്‍. കവര്‍ച്ചയ്ക്കു ശേഷം പുലര്‍ച്ചെയുള്ള കെ.എസ്.ആര്‍.ടി.സി ബസില്‍ വടകരയില്‍ എത്തി ട്രെയിന്‍ മാര്‍ഗം വളാഞ്ചേരിയില്‍ എത്തുകയായിരുന്നു ഇവര്‍. പിന്നീടുള്ള ആസൂത്രണം ഇവിടം കേന്ദ്രീകരിച്ചായിരുന്നു. റൂറല്‍ എസ്.പി പി. ജയദേവന്റെയും ഡിവൈ.എസ്.പി ഇ. സുനില്‍ കുമാറിന്റെയും നേതൃത്വത്തില്‍ നാദാപുരം എസ്.ഐ എന്‍. പ്രജീഷ്, മറ്റു ഉദ്യോഗസ്ഥരായ നിഖില്‍, ശ്രീധരന്‍, മജീദ്, രാജഗോപാല്‍, സുധീഷ്, ലിനീഷ്, അബ്ദുല്‍ മജീദ്, ബിനീഷ്, സി.എച്ച് ഗംഗാധരന്‍, രാജീവന്‍, കെ. യൂസഫ്, വി.ബി ഷാജി എന്നിവരും സൈബര്‍ സെല്ലിലെ സത്യന്‍, ടി.വി റിജേഷ്, ശാരിഷ് എന്നിവരുമാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."