പൊന്നാനിയിലെ വന്‍ വികസന പദ്ധതികള്‍ കടലാസിലൊതുങ്ങുന്നു
പൊന്നാനി: ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ പൊന്നാനിയുടെ പാലൊളിക്കാലത്തെ വന്‍കിട വികസന പദ്ധതികള്‍ക്ക് തുടര്‍ച്ചയുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു ജനം. എന്നാല്‍ പ്രഖ്യാപിക്കപ്പെട്ട വന്‍ വികസന പദ്ധതികളൊക്കെയും കടലാസില്‍ തന്നെയാണ്. നിര്‍മാണോദ്ഘാടനം കഴിഞ്ഞതാകട്ടെ അതേ അവസ്ഥയില്‍ തന്നെയും. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം രാഷ്ട്രീയ വിയോജിപ്പിന്റെ പേരില്‍ പാലൊളി കൊണ്ടുവന്ന വന്‍ വികസന പദ്ധതികള്‍ക്ക് തുടര്‍ച്ചയുണ്ടായിരുന്നില്ല. ഇക്കുറി പൊന്നാനിയുടെ എം.എല്‍.എ സ്പീക്കര്‍ ആകുകയും ഭരണം ഇടത് സര്‍ക്കാരിന് ലഭിക്കുകകൂടി ചെയ്തതോടെ വന്‍വികസനപദ്ധതികള്‍ക്ക് ഇത്തവണ തുടര്‍ച്ചയുണ്ടാകുമെന്ന പ്രതിക്ഷയിലായിരുന്നു ജനം. എന്നാല്‍ സ്പീക്കറുടെ മണ്ഡലമായിട്ടും പൊന്നാനിയോടുള്ള അവഗണനയ്ക്ക് മാറ്റമൊന്നുമില്ലെന്നതാണ് വാസ്തവം.
കഴിഞ്ഞ ഇടത് സര്‍ക്കാറിന്റെ കാലത്ത് കൊണ്ട് വന്ന ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജ് മുഴുവന്‍ ഷട്ടറുകളും ചോരുന്ന നിലയിലാണ്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ചോര്‍ച്ചയടക്കാന്‍ സര്‍ക്കാര്‍ ഒരു പദ്ധതിയും വിഭാവനം ചെയ്തിട്ടില്ല. കോടികള്‍ ചെലവ് വരുന്ന പരിഹാര നടപടിക്ക് ഫണ്ടില്ലെന്ന് പറഞ്ഞ് ധനകാര്യ വകുപ്പ് അനുമതി നിഷേധിക്കുകയായിരുന്നു . ഇത്തവണ ചോര്‍ച്ചയടക്കാന്‍ ഇടത് സര്‍ക്കാര്‍ കഴിഞ്ഞ ബജറ്റില്‍ ഫണ്ട് അനുവദിച്ചെങ്കിലും ജലസംഭരണി ഇപ്പോഴും ചോര്‍ന്നു തന്നെയാണ്. ചോര്‍ച്ചയടക്കാന്‍ പഠനങ്ങള്‍ മാത്രമാണ് ഇതിനകം നടന്നിട്ടുള്ളത്.
മണ്ഡലത്തിലെ വികസനമെത്താത്ത മറ്റൊന്നാണ് മാതൃശിശു ആശുപത്രി. ഇതിന്റെ ഉദ്ഘാടനം ജനുവരിയില്‍ നടക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരുന്നത്. പക്ഷെ ഇപ്പോള്‍ സര്‍ക്കാര്‍ ഇത് മറന്നമട്ടാണ്. കോടികള്‍ ചിലവഴിച്ച് തീരദേശത്ത് നിര്‍മാണം പൂര്‍ത്തിയാക്കിയ മാതൃശിശു അശുപത്രിയില്‍ ആവശ്യമായ ജീവനക്കാരെ നിയമിക്കാന്‍ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ തയാറായിരുന്നില്ല. പണമില്ലെന്ന് പറഞ്ഞാണ് അന്ന് 250 പേരുടെ സ്റ്റാഫ് പാറ്റേണ്‍ സര്‍ക്കാര്‍ അംഗീകരിക്കാതിരുന്നത്. നിരവധി തവണ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ആരോഗ്യ ഡയറക്ടര്‍ക്ക് അപേക്ഷ നല്‍കിയിട്ടും ഫലമുണ്ടായിരുന്നില്ല. കഴിഞ്ഞ ഇടത് സര്‍ക്കാരിന്റെ കാലത്ത് തുടങ്ങി വെച്ച ഈ ആശുപത്രിയില്‍ സ്റ്റാഫുകളെ നിയമിക്കാത്തത് രാഷ്ട്രീയ വൈരാഗ്യം മൂലമെന്നാണ് എം.എല്‍.എ ആരോപിച്ചിരുന്നത്. ഇത് പ്രവര്‍ത്തനം തുടങ്ങിയാല്‍ സ്ഥല പരിമിതി മൂലം വീര്‍പ്പ് മുട്ടുന്ന താലൂക്കാശുപത്രിയിലെ മാതൃശിശു ചികിത്സാ വിഭാഗം ഇങ്ങോട്ട് മാറ്റാനാവും.
വികസനം എത്തിനോക്കാത്ത മറ്റൊന്നാണ് ഫിഷര്‍മെന്‍ കോളനി. കോടികള്‍ ചിലവഴിച്ച് പൊന്നാനി എം.ഇ.എസ് സ്‌കൂളിനടുത്ത് നിര്‍മിച്ച ഫിഷര്‍മെന്‍ കോളനി ഉപഭോക്താക്കള്‍ കൈയൊഴിഞ്ഞിട്ട് അഞ്ച് വര്‍ഷമായി .കഴിഞ്ഞ ഇടത് സര്‍ക്കാറിന്റെ കാലത്ത് നിര്‍മിച്ചതാണ് ഈ പദ്ധതി. യു.ഡി.എഫ് സര്‍ക്കാര്‍ ഒന്നരലക്ഷം രൂപ ഗുണഭോക്തൃ വിഹിതം അടച്ചുവെന്നല്ലാതെ ഈ കോളനിക്കായി യാതൊന്നും ചെയ്തിരുന്നില്ല.
പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതോടെ ഇക്കാര്യത്തില്‍ നയപരമായ തീരുമാനങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷ. 120 വീടുകളാണ് ഈ കോളനിയില്‍ നിര്‍മിച്ചിട്ടുള്ളത്. കടലാക്രമണത്തില്‍ വീട് തകര്‍ന്നവര്‍ ബന്ധുവീടുകളിലും നഗരസഭയുടെ ഷെല്‍ട്ടറിലും താമസിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി .ഈ വീടുകള്‍ താമസയോഗ്യമാക്കി മാറ്റാന്‍ നിലവിലെ സര്‍ക്കാര്‍ ഇനിയും ശ്രമിച്ചിട്ടില്ല .ഇതിനോടൊപ്പം നൈതല്ലൂരില്‍ നിര്‍മിക്കേണ്ട 120 വീടുകള്‍ അടങ്ങിയ മറ്റൊരു കോളനിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഇതുവരെ തുടങ്ങിയിട്ടുമില്ല.
കോടികള്‍ ചിലവഴിച്ച് നിര്‍മിച്ച ഫിഷിങ് ഹാര്‍ബറിന്റെ അവസ്ഥയും വിഭിന്നമല്ല. കോടികള്‍ ചെലവഴിച്ച് കഴിഞ്ഞ ഇടത് സര്‍ക്കാര്‍ കാലത്ത് പണികഴിപ്പിച്ച ഈ തുറമുഖം അശാസ്ത്രിയ നിര്‍മാണമായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ തിരിഞ്ഞ് നോക്കിയതുപോലുമില്ല .
വാണിജ്യ തുറമുഖം നിര്‍മിക്കാന്‍ തുടങ്ങിയാല്‍ നിലവിലെ മത്സ്യബന്ധന തുറമുഖത്ത് നിന്ന് തൊഴിലാളികള്‍ മാറേണ്ടി വരും. എന്നിട്ടും ഈ പുതിയ തുറമുഖത്തേക്ക് മത്സ്യത്തൊഴിലാളികളെ കൊണ്ട് വരാന്‍ അധികൃതര്‍ക്കായിട്ടില്ല. പുതിയ തുറമുഖത്തിന്റെ പല ഭാഗങ്ങളും നശിച്ച് തുടങ്ങി. മാത്രമല്ല ഇവിടെ മീന്‍ ചാപ്പകള്‍ നിര്‍മിക്കേണ്ടതുമുണ്ട്. ഇതിനൊന്നും പരിഹാരം കാണാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. വകുപ്പ് മന്ത്രി സ്ഥലം സന്ദര്‍ശിച്ച് ചില പ്രഖ്യാപനങ്ങള്‍ നടത്തി എന്നല്ലാതെ മറ്റൊന്നുമുണ്ടായില്ല.
2000 കോടിയുടെ സ്വകാര്യ പങ്കാളിത്തത്താല്‍ പൊന്നാനിയില്‍ നിര്‍മിക്കുന്ന വാണിജ്യ തുറമുഖത്തിന് കഴിഞ്ഞ ആഗസ്റ്റിലാണ് മുഖ്യമന്ത്രി തറക്കല്ലിട്ടത്. എന്നാല്‍ ഇതുവരെയും നിര്‍മാണം തുടങ്ങാനായിട്ടില്ല. ഇപ്പോള്‍ നിര്‍മാണക്കരാര്‍ ഏറ്റെടുത്ത കമ്പനിയെ ഒഴിവാക്കി മുഖം രക്ഷിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍ . തീരപ്രദേശത്തെ കടല്‍ ഭിത്തി നിര്‍മാണവും മാറഞ്ചേരി ഗവ. ഐ ടി ഐ ക്ക് സ്വന്തം കെട്ടിടം നിര്‍മിക്കലും എത്രയും പെട്ടെന്ന് ചെയ്ത് തീര്‍ക്കേണ്ട കാര്യങ്ങളാണ്.
പക്ഷെ എല്ലാം പ്രഖ്യാപനത്തില്‍ മാത്രം. ഇതിനു പുറമെ പൊന്നാനിയുടെ ബീച്ച് ടൂറിസത്തിന് പുതിയ പദ്ധതികള്‍ നല്‍കുകയും പ്രഖ്യാപിച്ച പദ്ധതികള്‍ പൂര്‍ത്തിയാക്കുകയും വേണം. ബിയ്യത്തെ പുതിയ പാര്‍ക്ക് നിര്‍മാണം പൂര്‍ത്തിയാക്കിയിട്ട് മാസങ്ങളായി. ഉദ്ഘാടനം ഇതുവരെ നടന്നിട്ടില്ല . സംസ്ഥാനത്തെ ആദ്യത്തെ മറൈന്‍ മ്യൂസിയം തുടങ്ങി വെച്ചിട്ട് ഒരു കൊല്ലമായി. നിര്‍മാണ പ്രവൃത്തികള്‍ ഇതുവരെ തുടങ്ങിയിട്ടില്ല . വേഗത്തില്‍ നിലച്ചു പോയ കര്‍മ റോഡിന്റെ പൂര്‍ത്തീകരണം ഇതുവരെ പൂര്‍ത്തിയാക്കാനും കഴിഞ്ഞിട്ടില്ല . നിള കലാഗ്രാമം മ്യൂസിയത്തിന്റെ നിര്‍മാണവും പാതിവഴിയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."