ജോണിയുടെയും കുടുംബത്തിന്റെയും മരണം: വിറങ്ങലിച്ച് മത്തനങ്ങാടി നിവാസികള്‍
കുന്നംകുളം: കേച്ചേരിയില്‍ ഭാര്യയെയും മക്കളെയും കഴുത്തറുത്ത് കൊന്നു ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിറങ്ങലിച്ചു മത്തനങ്ങാടി നിവാസികള്‍.
വെള്ളിയാഴ്ച ജോണിയെ അന്വേഷിച്ചെത്തിയ സുഹൃത്ത് ജോസിന് ഇപ്പോഴും യാഥാര്‍ഥ്യം ഉള്‍ക്കൊളളാനായിട്ടില്ല. കണ്‍മുന്നില്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന സുഹൃത്തിനെയും കുടുംബത്തിനെയും കണ്ട നടുക്കത്തിലാണ് ജോസ് ഇപ്പോഴും.
രാവിലെ കേച്ചേരിയിലുള്ള ജോണിയുടെ കട തുറക്കാത്തതിനെ തുടര്‍ന്ന് നിരവധി തവണ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതികരണം ഒന്നുമുണ്ടായില്ല. രാത്രി കട അടച്ചുപോവുമ്പോഴാണ് വിവരമന്വേഷിക്കാനായി ജോണിയുടെ വീട്ടില്‍ എത്തിയത്.വീടിനു മുന്നില്‍ ജോണിയുടെ ബൈക്ക് കണ്ടെങ്കിലും വിളിച്ചുനോക്കിയപ്പോള്‍ മറുപടിയൊന്നും ഉണ്ടായില്ല. തുടര്‍ന്ന് വീടിനു പുറത്തു ചെരുപ്പുകള്‍ കൂട്ടിയിട്ടത് കണ്ടു സംശയം തോന്നിയ ജോണി പരിസരവാസികളോട് അന്വേഷിച്ചിരുന്നെങ്കിലും വിവരമൊന്നും ലഭിച്ചില്ല.
ഇതേതുടര്‍ന്ന് അയല്‍ക്കാരുടെ സഹായത്തോടെ വീടിന്റെ പുറകുവശത്തു കൂടി വീടിനു അകത്തേക്ക് കയറിയപ്പോഴാണ് ജോണിയേയും കുടുംബത്തെയും മരിച്ച നിലയില്‍ കണ്ടത്. ജോസാണ് പൊലിസില്‍ വിവരമറിയച്ചത്. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നു ജോണിയെന്നു ജോസ് പറയുന്നു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അതുമായി ബന്ധപ്പെട്ടു അയാള്‍ അസ്വസ്ഥനായിരുന്നുവെന്നും ജോസ് പൊലിസിനോട് പറഞ്ഞു. എട്ടുവര്‍ഷം മുമ്പാണ് കോഴിക്കോട് സ്വദേശിയായ ജോണി മഴുവഞ്ചേരിയില്‍ എത്തുന്നത്. വേലൂര്‍ സ്വദേശിനിയായ സോമയെ വിവാഹം കഴിച്ചതിനു ശേഷമായിരുന്നു ഇത്. തുടര്‍ന്ന് കേച്ചേരി സെന്ററില്‍ സുഹൃത്തുമായ ജോസും ചേര്‍ന്ന് കൂള്‍ ഡ്രിങ്ക്‌സ് കട ആരംഭിച്ചു.
രണ്ടു വര്‍ഷം മുമ്പ് കേച്ചേരിയില്‍ തന്നെ ഇരുവരും രണ്ടാമത്തെ സ്ഥാപനവും തുടങ്ങി. കേച്ചേരിയിലെ സ്വകാര്യ ഫൈനാന്‍സ് സ്ഥാപനത്തില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നുമായി വലിയൊരു തുകയുടെ കട ബാധ്യത ജോണിക്കുണ്ടായിരുന്നു.
വീട്ടില്‍ ഭാര്യക്കും മക്കള്‍ക്കും പുറമേ ഭാര്യ സോമയുടെ അമ്മയും താമസിക്കുന്നുണ്ടായിരുന്നു. വ്യാഴാഴ്ച ഇവരെ തലക്കോട്ടുക്കരയിലുള്ള സ്വന്തം വീട്ടില്‍ കൊണ്ടുവിട്ടിരുന്നു. കൊലപാതകം മുന്‍കൂട്ടി നിശ്ചയിച്ചതാകാമെന്നാണ് ഇതിലൂടെ കരുതുന്നത്. വീടിനുള്ളില്‍ രക്തം കട്ട പിടിച്ച നിലയിലായിരുന്നു.
അതുകൊണ്ടു തന്നെ വ്യാഴാഴ്ച തന്നെ ഭാര്യയേയും മക്കളെയും കൊലപ്പെടുത്തിയിട്ടുണ്ടാകുമെന്നു കരുതുന്നു . ഇന്നലെ പൂരം എഴുന്നെള്ളിപ്പ് കൊണ്ടുപോകുന്ന സമയത്തു കുട്ടികളെ പുറത്തു കാണാതിരുന്നതും കൊലപാതകം വ്യാഴാഴ്ച നടത്തിയിട്ടുണ്ടാകുമെന്ന സംശയത്തെ ബലപ്പെടുത്തുന്നു. അതേസമയം ഇന്നലെ വൈകീട്ട് ജോണിയെ വീടിനു സമീപത്തു കണ്ടതായി പരിവാസികളില്‍ ചിലര്‍ പറയുന്നുണ്ട്.
കഴുത്തറുത്താണ് സോമയെയും മക്കളെയും കൊലപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ ഇതുസംബന്ധിച്ച് വീട്ടില്‍ നിന്ന് ബഹളമൊന്നും കേട്ടതായി അയവാസികള്‍ പറയുന്നില്ല. പുറകുവശത്തെ വാതില്‍ തുറന്നു കിടന്നതും സംശയം ജനിപ്പിക്കുന്നുണ്ട്. കുന്നംകുളം ഡി.വൈ.എസ്.പി പി വിശ്വംഭരന്റെ നേതൃത്വത്തിലുള്ള സംഘം രാവിലെ ഇന്‍ക്വസ്റ്റ് നടത്തി. ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. ഇന്ന് വൈകീട്ട് സംസ്‌കരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."