കൊറോണാ വൈറസ്: വിദ്യാര്‍ഥി ചികിത്സയില്‍ തുടരുന്നത് തൃശൂര്‍ ജില്ലാ ആശുപത്രിയില്‍, ആശങ്കവേണ്ടെന്ന് ആരോഗ്യ മന്ത്രി
തിരുവനന്തപുരം: ചൈനയില്‍ നിന്നെത്തിയ മലയാളി വിദ്യാര്‍ഥിക്ക് കൊറോണാ വൈറസ് സ്ഥിരീകരിച്ച് ആരോഗ്യ മന്ത്രി കെ.കെ ഷൈലജയും. കേരളത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അവര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കേരളത്തില്‍ നിരീക്ഷണത്തിലുള്ള 20 പേരുടെ രക്തസാമ്പിളായിരുന്നു പരിശോധനക്ക് അയച്ചിരുന്നത്. ഇവരില്‍ ഒരാളുടെ റിസള്‍ട്ട് മാത്രമാണ് ഇത്തരത്തിലുണ്ടായിട്ടുള്ളത്. വിദ്യാര്‍ഥിയെ നേരത്തെ തന്നെ ഐസലേഷന്‍ വാര്‍ഡിലേക്കു മാറ്റിയിരുന്നു. തൃശൂര്‍ ജില്ലാ ആശുപത്രിയിലെ ഐസലേഷന്‍ വാര്‍ഡിലാണ് വിദ്യാര്‍ഥി ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. വിദ്യാര്‍ഥിയുടെ ആരോഗ്യ നില തൃപ്തികരമാണ്. ഇവിടെ ഇപ്പോള്‍ നാലുപേരാണ് പ്രത്യേക നിരീക്ഷണത്തിലുള്ളത്. ഇവരിലൊരാള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
കേരളത്തിലിപ്പോള്‍ 896 പേര് കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുണ്ടെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. മെഡിക്കല്‍ കോളേജുകളില്‍ പ്രത്യേക വാര്‍ഡുകള്‍ ആരംഭിക്കും. പനിയും ചുമയുമായി ബന്ധപ്പെട്ട് ചികിത്സക്കെത്തുന്നവര്‍ ജാഗ്രത പാലിക്കണം. ഭാവി പരിപാടികള്‍ തീരുമാനിക്കാന്‍ ആരോഗ്യമന്ത്രിയും ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഉടനെ തൃശൂരിലേക്കു പുറപ്പെടും. ഭാവികാര്യങ്ങള്‍ അവിടെവെച്ച് യോഗം ചേര്‍ന്ന് തീരുമാനിക്കും. അതേ സമയം തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്ന് വിദ്യാര്‍ഥിയെ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്കു മാറ്റുമെന്നും അവിടെ പ്രത്യേക വാര്‍ഡ് സജ്ജീകരിക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."