പട്ടികജാതി വികസനം: കില പരിശീലനം നല്‍കുന്നു
തൃശൂര്‍: പട്ടികജാതിവികസനവുമായി ബന്ധപ്പെട്ട് വിവിധ കേന്ദ്രങ്ങളില്‍ കില നടത്തിവരുന്ന പരിശീലന പരിപാടി പുരോഗമിക്കുന്നു. പട്ടികജാതി വികസനത്തിതനായി ഗ്രാമപഞ്ചായത്തുകള്‍ സമഗ്രപദ്ധതി തയാറാക്കുമ്പോള്‍ വിവിധ കേന്ദ്ര-സംസ്ഥാന-പ്രാദേശിക പദ്ധതികളുമായുള്ള ഏകോപനവും സംയോജനവും എങ്ങനെ ഫലപ്രദമായി നടപ്പാക്കാന്‍ കഴിയുമെന്നതിനെക്കുറിച്ചാണ് പരിശീലനം.
കിലയ്ക്കു പുറമെ അടൂര്‍, ആലുവ, കാസര്‍കോട് എന്നീ കേന്ദ്രങ്ങളിലാണ് ദ്വിദിന പരിശീലനപരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. പട്ടികജാതി പ്രമോട്ടര്‍മാര്‍, പട്ടികജാതിവികന ഓഫിസര്‍മാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ഗ്രാമപഞ്ചായത്ത് അസി. സെക്രട്ടറിമാര്‍, പട്ടികജാതി വര്‍ക്കിങ് ഗ്രൂപ്പ് ചെയര്‍മാന്മാര്‍, വൈസ് ചെയര്‍മാന്മാര്‍ എന്നിവര്‍ക്കാണ് പരിശീലനം.
സംസ്ഥാനത്ത് മൊത്തം 6,000 പേര്‍ക്കു പരിശീലനം നല്‍കാനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്നു കില ഡയറക്ടര്‍ ഡോ. പി.പി ബാലന്‍ പറഞ്ഞു. പരിശീലനത്തിനായി 350 ല്‍ പരം പേജുള്ള രണ്ടു പരിശീലനസഹായികളും കില തയാറാക്കിയിട്ടുണ്ട്.
കേരളത്തിലെ പട്ടികജാതിക്കാരുടെ സ്ഥിതിവിശേഷം, തൊഴില്‍, സ്വയംതൊഴില്‍ സ്‌കീമുകള്‍, ആരോഗ്യവുമായി ബന്ധപ്പട്ട സ്‌കീമുകള്‍, പട്ടികജാതി വികസനത്തില്‍ പ്രായോഗികതലത്തില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, വെല്ലുവിളികള്‍, പരിഹാരങ്ങള്‍, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍, ക്ഷേമപദ്ധതികള്‍ വിവിധ വകുപ്പുസേവനങ്ങള്‍ എന്നീ വിഷയങ്ങളെ ആസ്പദമാക്കിയാണ് പരിശീലനം. പരിശീലനം നല്‍കുന്നതിനു 60 ഫാക്കല്‍റ്റികളെ കില സജ്ജമാക്കിയിട്ടുണ്ട്. കോഴ്‌സ് ഡയറക്ടര്‍ ഡോ. പീറ്റര്‍ എം.രാജ്, കോര്‍ഡിനേറ്റര്‍ എം.കെ രവീന്ദ്രനാഥ് എന്നിവരാണ് പരിശീലനത്തിനു നേതൃത്വം നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."