എടപ്പാള്‍ മേല്‍പാല നിര്‍മാണം 19ന് തുടങ്ങും; എങ്ങുമെത്താതെ ബൈപാസ് നിര്‍മാണം
എടപ്പാള്‍: മേല്‍പാലം നിര്‍മാണം 19ന് തുടങ്ങാനിരിക്കെ വാഹനങ്ങള്‍ കടന്നുപോകേണ്ട ബൈപാസുകളുടെ നിര്‍മാണം എങ്ങുമെത്തിയില്ല. നിര്‍മാണം ആരംഭിക്കുന്നതോടെ എടപ്പാള്‍ വഴി വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ സാധിക്കില്ല. കുറ്റിപ്പുറത്തു നിന്നുള്ള വാഹനങ്ങള്‍ ആനക്കര കുമ്പിടി വഴിയും തൃശൂരില്‍ നിന്നുള്ള വാഹനങ്ങള്‍ നടുവട്ടം കരിങ്കല്ലത്താണി വഴിയും തിരിച്ച് വിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ഭാഗങ്ങളിലെ റോഡുകള്‍ അറ്റകുറ്റപ്പണികള്‍ നടത്തേണ്ടതുണ്ട്.
അത്താണി മുതല്‍ കുണ്ടുകടവ് ജങ്ഷന് വരെ റോഡ് പൂര്‍ണമായും തകര്‍ന്ന അവസ്ഥയിലാണ്. ടൗണിലെ റിങ് റോഡുകള്‍ക്കും വീതി കുറവ് ഇതുവരെ പരിഹരിച്ചിട്ടില്ല. ഇവയെല്ലാം നവീകരിക്കുമെന്ന് നേരത്തെ അധികൃതര്‍ പറഞ്ഞിരുന്നെങ്കിലും നടപടികളുണ്ടായിട്ടില്ല. ഈ റോഡുകളുടെ നവീകരണം അടിയന്തരമായി പൂര്‍ത്തീകരിച്ചാല്‍ മാത്രമേ മേല്‍പാലം നിര്‍മാണം തുടങ്ങാന്‍ സാധിക്കൂ. മേല്‍പാലം നിര്‍മാണം ആരംഭിക്കാനിരിക്കെ വ്യാപാരികളുടെ യോഗം വിളിച്ച് ആശങ്കകള്‍ തീര്‍ക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.
കഴിഞ്ഞ ദിവസം എടപ്പാളില്‍ സ്വാഗത സംഘം യോഗം ചേര്‍ന്നെങ്കിലും മന്ത്രി പങ്കെടുത്തിരുന്നില്ല. നിര്‍മാണം ഒരു വര്‍ഷത്തോളം നീണ്ടുനില്‍ക്കുമെന്നതിനാല്‍ ബുദ്ധിമുട്ട് ഉണ്ടാകാത്ത വിധത്തില്‍ ക്രമീകരണങ്ങള്‍ നടത്തണമെന്നാണ് വ്യാപാരികള്‍ ആവശ്യപ്പെടുന്നത്. നിര്‍മാണ സമയത്ത് വാഹനങ്ങള്‍ വഴിതിരിച്ചു വിടുന്നതിനാല്‍ എടപ്പാളിലേക്ക് ആളുകള്‍ക്ക് എത്തിച്ചേരാന്‍ സാധിക്കാത്ത അവസ്ഥയുണ്ടാകും. ഇത് കച്ചവടത്തെ ബാധിക്കുമെന്നാണ് വ്യാപാരികളുടെ ആശങ്ക. ഓട്ടോകളും ടാക്സികളും മറ്റും എവിടെ നിര്‍ത്തുമെന്ന ആശങ്ക ഡ്രൈവര്‍മാര്‍ക്കുമുണ്ട്. വ്യാപാരികള്‍, വിവിധ സംഘടനാ ഭാരവാഹികള്‍, ഡ്രൈവര്‍മാര്‍ എന്നിവരെ ഉള്‍പ്പെടുത്തി യോഗം വിളിച്ച് ആശങ്കകള്‍ പരിഹരിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."