എ.എസ് കനാല്‍തീരത്തെ റോഡിനു ബലക്ഷയം
മണ്ണഞ്ചേരി :എ.എസ് കനാല്‍തീരത്തെ റോഡിനുബലക്ഷയം സംഭവിച്ചതായി സൂചന. ഇതുമൂലം ഈ ഭാഗത്തു ദുരന്തത്തിന് സാദ്ധ്യതയേറി. ആലപ്പുഴ - ചേര്‍ത്തല കനാലിന് കിഴക്കുഭാഗത്തു സമാന്തരമായി സ്ഥിതിചെയ്യുന്ന നഗരത്തിലെ മട്ടാഞ്ചേരി - കൊമ്മാടി പാലം റോഡിനാണു പലയിടത്തും ബലക്ഷയം സംഭവിച്ചിട്ടുള്ളത്. കനാലിന്റെ തീരത്ത് ഒട്ടുമിക്കയിടങ്ങളിലും സംരക്ഷണഭിത്തി നിലവില്‍ ഇല്ലാത്ത സ്ഥിതിയിലാണ്.
ഇവിടെ പലഭാഗത്തായി റോഡിന് വിള്ളല്‍ വീണുകഴിഞ്ഞു. ദേശീയപാതയില്‍ ഗതാഗതതടസം ഒഴിവാക്കാന്‍ പലപ്പോഴും വാഹനങ്ങള്‍ ഈ ഭാഗത്തുകൂടിയാണു വഴിതിരിച്ചുവിടുന്നത്. സ്വാകാര്യ ബസുകള്‍ അടക്കം സഞ്ചരിക്കുന്ന ഈ പാതയില്‍ പകല്‍സമയത്തു നീണ്ടനിരയായി ആണ് ഈ ഭാഗത്തുകൂടിയുള്ള വാഹനഗതാഗതം. കുറച്ചുനാളുകള്‍ക്കു മുന്‍പായി ഈ കനാലില്‍ നിന്നും മണല്‍ വാരിയിരുന്നു. നൂറുകണക്കിനു ലേഡ് മണലാണു നഗരസഭയുടെ അനുമതിയോടെ ഇവിടെ നിന്നും വാരിയെടുത്തത്. ഇത്തരം അശാസ്ത്രിയമായ മണല്‍ ഖനനവും ബലക്ഷയത്തിനു കാരണമായിട്ടുണ്ട്.
ഈ നിലയില്‍ മട്ടാഞ്ചേരി - കൊമ്മാടി പാലം റോഡിലൂടെ വടക്കോട്ടുപോകുന്ന ഭാരവാഹനങ്ങള്‍ മണല്‍തിട്ടയിടിഞ്ഞ് കനാലില്‍ പതിക്കാന്‍ സാദ്ധ്യതയേറെയാണ്. രാവിലെയും വൈകുന്നേരത്തായും നിരവധി സ്‌കൂള്‍ ബസുകളും ഈ ഭാഗത്തുകൂടി സഞ്ചിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കലവൂരില്‍ എ.എസ്.കനാല്‍ തീരത്ത് മെറ്റില്‍പൊടി കയറ്റിവന്ന ടോറസ് ലോറി കനാലില്‍ പതിച്ചിരുന്നു. പൊതുമരാമത്ത് വിഭാഗം റോഡിന്റെ നിലവിലെ സ്ഥിതി അടിയന്തിരമായി പരിശോധിച്ച് റോഡിന്റെ ബലക്ഷയം പരിഹരിച്ചില്ലെങ്കില്‍ നാടിനെ നടുക്കുന്ന ദുരന്തമായിരിക്കും സംഭവിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."