ഗവര്‍ണറും സര്‍ക്കാരും ഒത്തുകളിക്കുന്നു: മുനീര്‍
കോഴിക്കോട്: ഗവര്‍ണറും സര്‍ക്കാരും ഒത്തുക്കളിക്കുകയാണെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍. നയപ്രഖ്യാപന ചടങ്ങില്‍ പ്രതിപക്ഷം പ്രതിഷേധിച്ചത് സംസ്ഥാന സര്‍ക്കാരിനെയും കേരളത്തിലെ ജനങ്ങളെയും അപമാനിച്ച ഗവര്‍ണര്‍ക്കെതിരേയാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
എന്നാല്‍ അതു തടയാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ഇതുപോലെ കേരളത്തിലെ ജനങ്ങളെ അപമാനിച്ച ഒരു ഗവര്‍ണര്‍ മുന്‍പുണ്ടായിട്ടില്ല. എന്നാല്‍ അതിനെതിരേ പ്രതികരിക്കാന്‍ സര്‍ക്കാര്‍ തയാറായില്ല. പകരം പ്രതികരിച്ച തങ്ങളെ ബലം പ്രയോഗിച്ചു തടയാനാണ് ശ്രമിച്ചത്.
നിയമസഭയ്ക്കു പുറത്തു മാത്രമല്ല അകത്തും പ്രതിപക്ഷത്തെ കൈകാര്യം ചെയ്യുമെന്ന സര്‍ക്കാര്‍ നിലപാടാണ് ഇതിലൂടെ വെളിവായത്. നയപ്രഖ്യാപനത്തിനു ശേഷം ജന്മഭൂമിയില്‍ മുഖ്യമന്ത്രിയെ പ്രകീര്‍ത്തിച്ച് ലേഖനം വന്നു. ഇതെല്ലാം ഈ ഒത്തുക്കളിയുടെ ഫലമാണ്.
വെറുപ്പിന്റെ രാഷ്ട്രീയമാണ് ബി.ജെ.പി കൈക്കൊള്ളുന്നത്. എന്‍.പി.ആര്‍ നടപ്പാക്കാന്‍ പോകുന്നുവെന്നു പറയുമ്പോള്‍ ജനങ്ങള്‍ അസ്വസ്ഥരാവുകയാണ്. സ്വന്തം രാജ്യം വിട്ടുപോകണമെന്ന ചിന്തയില്‍ അവര്‍ നീറുകയാണ്. സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം ദേശീയ പതാക കൈയിലെടുക്കാന്‍ അറച്ചവരാണ് മറ്റുള്ളവരെ രാജ്യദ്രോഹികളായി കാണുന്നത്.
എന്‍.ആര്‍.സി നടപ്പിലാക്കാന്‍ യു.ഡി.എഫ് ഒരിക്കലും സമ്മതിക്കില്ല. സെന്‍സസിന്റെ മറവില്‍ എന്‍.ആര്‍.സി നടപ്പിലാക്കാണ് ശ്രമം. പുറത്തൊന്നു പറയുകയും അകത്തു മറ്റൊന്നു പ്രവര്‍ത്തിക്കുകയും ചെയ്യുകയാണ് മുഖ്യമന്ത്രി. ഇതിലൂടെ മുഖ്യമന്ത്രി മോദിയെ സഹായിക്കുകയാണ്. അവര്‍ തമ്മിലും ഒത്തുകളിക്കുകയാണെന്നെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."