ഗൂഢാലോചനക്കാരെ തുരത്തി കരിപ്പൂരിനെ രക്ഷിക്കാന്‍ പോരാടിയേ പറ്റൂ
കരിപ്പൂര്‍ വിമാനത്താവളത്തിന്റെ പ്രതിസന്ധിക്കു പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്ന ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണ് പുറത്തുവരുന്ന ഓരോ വിവരങ്ങളും. ഹജ്ജ് എംബാര്‍ക്കേഷന്‍ കരിപ്പൂരിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ കൂട്ടായ ശ്രമങ്ങള്‍ ആവശ്യമാണ്. ഇക്കാര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളും ഭരണനേതൃത്വവും ഒരേ മനസ്സോടെ പ്രവര്‍ത്തിക്കണം. ജീവന്‍മരണ പോരാട്ടത്തിനിറങ്ങേണ്ട സമയമാണിത്. ഇപ്പോഴത്തെ സമരങ്ങളില്‍ പലതും വരാനിരിക്കുന്ന മലപ്പുറം ലോക്‌സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള രാഷ്ട്രീയ നാടകമാണ്. ഹജ്ജ് സര്‍വിസ് ഇത്തവണയെങ്കിലും കരിപ്പൂരില്‍ പുനരാരംഭിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നീടൊരിക്കലും നടക്കില്ല.
കരിപ്പൂര്‍ വിമാനത്താവളത്തെ സംരക്ഷിക്കാനുള്ള ശ്രമങ്ങളെ ഒരു സമുദായത്തിന്റെ പ്രശ്‌നമായി പരിമിതപ്പെടുത്താനുള്ള ശ്രമങ്ങള്‍ അംഗീകരിക്കാനാവില്ല. ഹജ്ജ് തീര്‍ഥാടനത്തെ മാത്രമല്ല, വിദേശ രാജ്യങ്ങളിലേക്കുള്ള എല്ലാ വിഭാഗം യാത്രക്കാരെയും ബാധിക്കുന്നതാണ് കരിപ്പൂരിലെ യാത്രാപ്രശ്‌നം. റണ്‍വേ നവീകരണം തുടങ്ങി അഞ്ചുമാസം കഴിഞ്ഞപ്പോള്‍ തന്നെ മലബാര്‍ ഡെവലപ്‌മെന്റ് ഫോറത്തിന്റെയും കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെയും ആഭിമുഖ്യത്തില്‍ ഞങ്ങള്‍ സമരം തുടങ്ങിയിരുന്നു. കരിപ്പൂര്‍ വിമാനത്താവളത്തെ തകര്‍ക്കാന്‍ വന്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് അന്നുതന്നെ ചൂണ്ടിക്കാട്ടിയെങ്കിലും ഇക്കാര്യം മുഖവിലയ്‌ക്കെടുക്കാന്‍ ആരും തയാറായില്ല. ഇതിന്റെ പരിണിത ഫലമാണിപ്പോള്‍ അനുഭവിക്കുന്നത്. നേരത്തേ സമരത്തിന്റെ മുന്‍പന്തിയില്‍ ഉണ്ടായിരുന്ന പല സംഘടനകളും പിന്‍മാറിയത് സംശയകരമാണ്.
ഹജ്ജുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ തങ്ങള്‍ പ്രതികരിക്കേണ്ടെന്ന നിലപാടിലാണ് പലരും. ഈ മനോഭാവം മാറ്റാന്‍ സംഘടനകള്‍ തയാറാകണം. റണ്‍വേ നവീകരണത്തിന് മുന്നോടിയായി ജിദ്ദയിലേക്കുള്ള സര്‍വിസ് നിര്‍ത്തിയതാണ് കരിപ്പൂരിനെ തകര്‍ക്കാനുള്ള ഗൂഢാലോചനയുടെ ആദ്യഘട്ടം. ഭൂമി ഏറ്റെടുത്തു നല്‍കിയാലേ റണ്‍വേ വികസനം നടത്തൂ എന്ന ഡി.ജി.സി.എയുടേയും ഉദ്യോഗസ്ഥ മേധാവികളുടേയും വാദവും ആത്മാര്‍ഥമല്ല.
12 വര്‍ഷം കോഴിക്കോട്ടുനിന്ന് നേരത്തെയുള്ള റണ്‍വേ ഉപയോഗിച്ച് ഹജ്ജ് സര്‍വിസ് നടത്തിയത് എങ്ങനെയെന്ന് ഡി.ജി.സി.എ വ്യക്തമാക്കണം. ഭാഗികമായ നിയന്ത്രണം ഉണ്ടായ കാലത്തുപോലും ഹജ്ജ് സര്‍വിസ് തടസ്സമില്ലാതെ നടന്നിരുന്നു. ബോയിങ് 777, 787 വിമാനങ്ങള്‍ക്ക് വെറും ഏഴായിരം അടി റണ്‍വേ മതിയെന്നാണ് എയര്‍ ഇന്ത്യയുടെ ഓപറേഷന്‍ വകുപ്പ് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
ഇക്കാര്യങ്ങള്‍ വിസ്മരിച്ചുകൊണ്ടാണ് ഉദ്യോഗസ്ഥ ലോബി വിമാനത്താവളത്തെ തകര്‍ക്കാനുള്ള ഗൂഢാലോചനയ്ക്ക് കൂട്ടുനില്‍ക്കുന്നത്. കൊച്ചി കേന്ദ്രീകരിച്ചുള്ള വന്‍കിടക്കാരും ഹോട്ടല്‍വ്യവസായികളും കരിപ്പൂരിനെ തകര്‍ക്കാനുള്ള ഗൂഢാലോചനയില്‍ പങ്കാളികളാണ്.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള ഗള്‍ഫ് സര്‍വിസുകള്‍ ഭൂരിഭാഗവും നിലച്ചതോടെ മലബാറിന്റെ ടൂറിസം, ഐ.ടി മേഖലകളും തകര്‍ച്ചയിലേക്ക് നീങ്ങുകയാണ്. കരിപ്പൂരിനെ പഴയ പ്രതാപത്തിലേക്ക് വൈകാതെ കൊണ്ടുവന്നില്ലെങ്കില്‍ ലോക ടൂറിസം ഭൂപടത്തില്‍ നിന്നുതന്നെ മലബാര്‍ അപ്രത്യക്ഷമാകും. അറേബ്യന്‍ സഞ്ചാരികളുടെ വരവു കുറഞ്ഞതിനെ ഗൗരവത്തോടെ നാം കാണണം. കരിപ്പൂരിന്റെ പ്രതിസന്ധി തീര്‍ക്കാന്‍ മലപ്പുറത്തെ രാഷ്ട്രീയ നേതൃത്വം ഇച്ഛാശക്തി കാണിക്കണമെന്ന വാദത്തില്‍ കഴമ്പില്ല. കേരളത്തിലെ ഭരണ-പ്രതിപക്ഷ കക്ഷികളും ജനപ്രതിനിധികളും ഒന്നിച്ചുനിന്ന് പോരാടിയാലേ പ്രശ്‌നത്തിന് പരിഹാരം കാണാനാകൂ.
എന്‍ജിനീയര്‍
ടി.പി.എം ഹാഷിര്‍ അലി
ജനറല്‍ കണ്‍വീനര്‍,
സേവ് കരിപ്പൂര്‍ സമരസമിതി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."