വെള്ളാപ്പള്ളിക്ക് തിരിച്ചടി; മാവേലിക്കര യൂനിയന്‍ പിരിച്ചുവിട്ട നടപടി കൊല്ലം കോടതി തടഞ്ഞു
സ്വന്തം ലേഖകന്‍
കൊല്ലം: വെള്ളാപ്പള്ളി-സുഭാഷ് വാസു പോരില്‍ വെള്ളാപ്പള്ളിക്ക് തിരിച്ചടി. സുഭാഷ് വാസു പ്രസിഡന്റായിരുന്ന എസ്.എന്‍.ഡി.പി യോഗം മാവേലിക്കര യൂനിയന്‍ ഭരണസമിതി പിരിച്ചുവിട്ട വെള്ളാപ്പള്ളി നടേശന്റെ നടപടി കൊല്ലം സബ് കോടതി തടഞ്ഞു. യൂനിയന്‍ പിരിച്ചുവിട്ട നടപടി ചോദ്യം ചെയ്ത് സുഭാഷ് വാസു നല്‍കിയ ഹരജിയിലാണ് നടപടി.
സുഭാഷിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെ കാലാവധി പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചു. നടപടി നിയമവിരുദ്ധമെന്നു കണ്ടെത്തിയ കോടതി സുഭാഷ് വാസുവിനും ഭാരവാഹികള്‍ക്കും തല്‍സ്ഥാനത്ത് തുടരാമെന്നും എന്നാല്‍ നയപരമായ തീരുമാനം കൈക്കൊള്ളരുതെന്നും നിര്‍ദേശം നല്‍കി.
ഭരണസമിതിയുടെ കാലാവധി തീരാന്‍ ഇനിയും ഒന്നരവര്‍ഷം കൂടി ഉള്ളതിനാല്‍ കാലാവധി പൂര്‍ത്തിയാകുംവരെ സുഭാഷ് വാസുവിന് പദവിയില്‍ തുടരാം. കോടതിവിധിയില്‍ അവ്യക്തതയുണ്ടെന്നും കേസില്‍ അപ്പീല്‍ പോകുമെന്നുമാണ് എസ്.എന്‍.ഡി.പി യോഗത്തിന്റെ അഭിഭാഷകന്‍ അറിയിച്ചത്.
പിരിച്ചുവിടലിനെതിരായ കോടതിവിധിയെ തുടര്‍ന്ന്, വെള്ളാപ്പള്ളിക്കെതിരായ നീക്കം സുഭാഷ് വാസു വിഭാഗം കൂടുതല്‍ ശക്തമാക്കും. സുഭാഷ് വാസുവിനെ അനുകൂലിക്കുന്ന 19 യൂനിയന്‍ പ്രസിഡന്റുമാരുടെ യോഗം ചേര്‍ന്നതിനു തൊട്ടുപിറകേയായിരുന്നു മൈക്രോഫൈനാന്‍സ് തിരിമറിക്കേസില്‍ മാവേലിക്കര യൂനിയന്‍ പിരിച്ചുവിട്ട് വെള്ളാപ്പള്ളി അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തിയത്.
വെള്ളാപ്പള്ളിക്ക് എതിരായ നിലപാടെടുക്കുന്ന യൂനിയനുകളെ പിരിച്ചുവിട്ട് അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തുന്ന പതിവുരീതിക്ക് തടയിടാന്‍ കോടതിവിധിക്ക് കഴിയുമെന്നതിനാല്‍ സുഭാഷ് വാസുവിനെ രഹസ്യമായി അനൂകൂലിക്കുന്നവര്‍ ഇനി പരസ്യമായി രംഗത്തുവരുമെന്നാണ് സുഭാഷ് വാസു വിഭാഗം കണക്കുകൂട്ടുന്നത്.
സുഭാഷ് വാസുവിന്റെ നേതൃത്വത്തില്‍ എല്ലാവര്‍ഷവും മാവേലിക്കര യൂനിയന്‍ ശിവഗിരി തീര്‍ഥാടന പദയാത്ര സംഘടിപ്പിക്കാറുണ്ടായിരുന്നു. പിരിച്ചുവിടല്‍ ഭീഷണി മുന്‍നിര്‍ത്തി ഇത്തവണ ശിവഗിരി തീര്‍ഥാടനത്തിന് വെള്ളാപ്പള്ളി സുഭാഷ് വാസുവിനെ അനുവദിച്ചെങ്കിലും അടുത്ത ദിവസംതന്നെ യൂനിയന്‍ പിരിച്ചുവിട്ടതോടെ പദയാത്ര അനൗദ്യോഗികമായി മാറുകയായിരുന്നു.
ദുരൂഹ മരണങ്ങള്‍ ഉള്‍പ്പെടെ വെള്ളാപ്പള്ളി കുടുംബത്തിനെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ച് സുഭാഷ് വാസുവും ടി.പി സെന്‍കുമാറും രംഗത്തുവന്നതിന് പിന്നാലെ മറുപടിയുമായി വെള്ളാപ്പള്ളി വിഭാഗവും ആരോപണങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടിയിരുന്നു. ഇതിനിടെ, എസ്.എന്‍.ഡി.പിയോഗം,എസ്.എന്‍ ട്രസ്റ്റ് എന്നിവിടങ്ങിലെ അഴിമതി ചൂണ്ടിക്കാട്ടിയും റിസീവര്‍ ഭരണം ഏര്‍പ്പെടുത്തണമെന്നു ആവശ്യപ്പെട്ടും എസ്.എന്‍.ഡി.പിയോഗം സംരക്ഷണസമിതി കൊല്ലം കോടതിയില്‍ നല്‍കിയ കേസില്‍ ഈ മാസം വാദം കേള്‍ക്കാനിരിക്കെയാണ് വെള്ളാപ്പള്ളി വിരുദ്ധര്‍ക്ക് ഉര്‍ജ്ജം നല്‍കുന്ന കോടതിവിധി വന്നത്.
കഴിഞ്ഞ ഡിസംബര്‍ 26ന് ആയിരുന്നു സുഭാഷ് വാസുവിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയെ പുറത്താക്കി യൂനിയന്‍ ഭരണം അഡ്മിനിസ്‌ട്രേറ്റര്‍ക്ക് കൈമാറിയത്. 28ന് അഡ്മിനിസ്‌ട്രേറ്റര്‍ ചുമതല ഏറ്റെടുക്കുകയും ചെയ്തിരുന്നു. മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് യൂനിയന്‍ പ്രസിഡന്റ് സ്ഥാനത്തുനിന്ന് സുഭാഷിനെ മാറ്റി അഡ്മിനിസ്‌ട്രേഷന്‍ ഭരണം നടപ്പാക്കിയതെന്നായിരുന്നു വെള്ളാപ്പള്ളിയുടെ വാദം.
പന്തളം എസ്.എന്‍.ഡി.പി യൂനിയന്‍ പ്രസിഡന്റ് സിനില്‍ മുണ്ടപ്പള്ളിയായിരുന്നു അഡ്മിനിസ്‌ട്രേറ്റര്‍. ഇതിനിടെ,തൊണ്ണൂറു ദിവസത്തിനുള്ളില്‍ വെള്ളാപ്പള്ളിയെയും മകന്‍ തുഷാറിനെയും ജയിലിലാക്കുമെന്നാണ് സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍കൂടിയായ സുഭാഷ് വാസുവിന്റെ വെല്ലുവിളി.
ശാശ്വതീകാനന്ദയുടെ മരണത്തിലെ ദുരൂഹതകള്‍ പുറത്തു കൊണ്ടു വരുന്ന തെളിവുകള്‍ ഈ മാസം ആറിന് തിരുവനന്തപുരത്ത് വിളിച്ചുചേര്‍ക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ പുറത്തുവിടുമെന്നും സുഭാഷ് വാസു രണ്ടുദിവസം മുമ്പ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ സുഭാഷ് വാസുവിന് അനുകൂലമായ കോടതിവിധിക്കു പിന്നില്‍ എസ്.എന്‍.ഡി.പിയോഗം സംരക്ഷണ സമിതിയുടെ സഹായവും ലഭ്യമായിരുന്നു. എസ്.എന്‍.ഡി.പി യോഗത്തില്‍ റിസീവര്‍ ഭരണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ ഹരജി നല്‍കിയ സംരക്ഷണ സമിതി നേതാവ് അഡ്വ. ചന്ദ്രസേനനാണ് സുഭാഷ് വാസുവിന്റെ പിന്നിലെ ബുദ്ധികേന്ദ്രം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."