തുടര്‍ച്ചയായ തോല്‍വികളില്‍ പരിശീലകനെ മാറ്റാന്‍ ഗോകുലം
കോഴിക്കോട്: തുടര്‍ച്ചയായ തോല്‍വികള്‍ കാരണം കേരള ഗോകുലം എഫ്.സി പരിശീലകനെ മാറ്റാനൊരുങ്ങുന്നു. ഇതിനായി ഐസ്വാള്‍ എഫ്.സിയുടെയും നെരോക്കയുടെയും പരിശീലകനായിരുന്ന ഗിഫ്റ്റ് റൈഹാനാണ് പുതിയ ചുമതലയുമായി ഗോകുലത്തിലെത്തുന്നത്. ടെക്നിക്കല്‍ ഡയരക്ടറുടെ റോളിലാണ് ഗോകുലത്തിലെത്തുന്നതെങ്കിലും ടീമിന്റെ മുഴുവന്‍ ചുമതലയും റൈഹാനായിരിക്കും. ബിനോ ജോര്‍ജിനെ ടെക്നിക്കല്‍ ഡയരക്ടറുടെ റോളിലേക്ക് മാറ്റി റൈഹാനെ ടീമിന്റെ കടിഞ്ഞാണ്‍ ഏല്‍പ്പിക്കും.
മണിപ്പൂര്‍ സ്വദേശിയായ റൈഹാന്റെ കീഴിലായിരുന്നു നെരോക്ക എഫ്.സി സെക്കന്‍ഡ് ഡിവിഷന് ചാംപ്യന്മാരായത്. പുതിയ സീസണില്‍ ഐസ്വാളുമായി കരാറുണ്ടായിരുന്നെങ്കിലും പാതിവഴിയില്‍ കരാര്‍ ഉപേക്ഷിക്കുകയായിരുന്നു. നെരോക്ക എഫ്.സിയില്‍ സഹ പരിശീലകനായിരുന്ന റൈഹാന്റെ കോച്ചിങ് കരിയറിന്റെ തുടക്കമാണിത്. മുന്‍പ് ചര്‍ച്ചില്‍ ബ്രദേഴ്സ്, വാസ്കോ എഫ്.സി, പൂനെ എഫ്.സി എന്നീ ക്ലബുകള്‍ക്ക് വേണ്ടി റൈഹാന്‍ ബൂട്ടുകെട്ടുകയും ചെയ്തിട്ടുണ്ട്. ഫുട്ബോളിന്റെ ചൂടുള്ള നാട്ടിലേക്ക് പരിശീലകനായി എത്തുന്നതില്‍ അഭിമാനമുണ്ടെന്ന് റൈഹാന്‍ പറഞ്ഞു. രണ്ടാം സീസണിലും മോശം ഫോമില്‍ തുടരുന്ന ഗോകുലത്തിന്റെ ഗതിമാറ്റുതിന് വേണ്ടിയാണ് പുതിയ പരിശീലകനെ എത്തിച്ചിട്ടുള്ളത്.
അവസാനമായി കളിച്ച ഏഴ് മത്സരങ്ങളില്‍ ഗോകുലം ജയം കണ്ടിട്ടില്ല. ഇതില്‍ അവസാന മത്സരത്തിലും ഗോകുലം പരാജയപ്പെടുകയായിരുന്നു. സീസണിലെ പകുതിയിലധികം മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 10 പോയിന്റ് മാത്രമേ ഗോകുലം സ്വന്തമാക്കിയിട്ടുള്ളു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."