ഭിന്നിപ്പിച്ച് ഭരിക്കല്‍ നയം ഇപ്പോഴും ഇന്ത്യയെ വേട്ടയാടുന്നു: തുഷാര്‍ ഗാന്ധി
കൊച്ചി: ബ്രീട്ടിഷുകാരുടെ ഭിന്നിപ്പിച്ച് ഭരിക്കല്‍ നയം ഇപ്പോഴും ഇന്ത്യയെ വേട്ടയാടുകയാണെന്ന് ഗാന്ധിജിയുടെ പൗത്രന്‍ തുഷാര്‍ ഗാന്ധി. ഫ്രണ്ട്‌സ് ഓഫ് തിബറ്റ് ഫൗണ്ടേഷന്‍ ഫോര്‍ ദി വെല്‍ബീയിങ് സംഘടിപ്പിച്ച തിബത്ത് കാര്‍ട്ടൂണ്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലിംഗം, ജാതി, മതം, വംശം എന്നിങ്ങനെ ഇന്ത്യയില്‍ വിഭാഗീയത വര്‍ധിച്ചു വരികയാണ്. ഇത്തരമൊരു അന്തരീക്ഷത്തിലെങ്ങനെ ഏകതയെന്ന വികാരം ഉയര്‍ന്നുവരുമെന്നും അദ്ദേഹം ചോദിച്ചു.
മൂന്നു വര്‍ഷം മുന്‍പുള്ള അഴിമതി വിരുദ്ധനീക്കം പ്രതീക്ഷ നല്‍കിയെങ്കിലും യാഥാര്‍ഥ്യമായില്ല. അഴിമതിയെ ചോദ്യം ചെയ്യാനുള്ള തന്റേടമാണ് ഇന്ത്യന്‍ ജനത നേടിയെടുക്കേണ്ടത്. ഇന്ത്യയിലെ സംസ്ഥാനങ്ങള്‍ തമ്മില്‍ ഇപ്പോഴും പല കാര്യങ്ങളിലും അഭിപ്രായവ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇത് പലപ്പോഴും പ്രക്ഷോഭങ്ങളാവുകയാണ്. മുല്ലപ്പെരിയാര്‍, കാവേരി പ്രശ്‌നങ്ങളില്‍ സംസ്ഥാനങ്ങള്‍ പരസ്പരം പഴിചാരുന്ന അവസ്ഥയാണുണ്ടായത്. ഈ സ്ഥിതിക്കാണ് മാറ്റംവരേണ്ടത്.
പുതിയൊരു നയം സ്വീകരിക്കുമ്പോള്‍ ലാഭത്തേക്കാള്‍ ആവശ്യത്തിനാണ് പ്രാധാന്യം നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
തിബറ്റിലെ പ്രശ്‌നങ്ങളെ സമകാലിക ചിത്രകലയിലൂടെ അവതരിപ്പിച്ച കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍, ചിത്രകാരന്‍മാരായ ഫ്രാന്‍സിസ് കോടംകണ്ടത്ത്, അലക്‌സാണ്ടര്‍ ദേവസ്യ എന്നിവരെ തുഷാര്‍ ഗാന്ധി പൊന്നാടയണിയിച്ചു. പക്ഷാഘാതത്തില്‍നിന്ന് മുക്തരായി വരുന്ന രോഗികളെ സഹായിക്കുന്നതിനായി പുതുതായി രൂപീകരിക്കപ്പെട്ട സ്‌ട്രോക്ക് സര്‍വൈവേഴ്‌സ് യുനൈറ്റ് എന്ന സംഘടനയുടെ ലോഗോ പ്രകാശനം എബ്രഹാം ലോറന്‍സിന് നല്‍കി അദ്ദേഹം നിര്‍വഹിച്ചു. ഗാന്ധിയന്‍ രവി പാലത്തിങ്കല്‍ തുഷാര്‍ ഗാന്ധിക്ക് ഉപഹാരം സമ്മാനിച്ചു. ഈശ്വര്‍ ആനന്ദന്‍, ദിവ്യ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."