മൊയ്തിക്കയുടെ വിയോഗം നാടിനെ ദുഃഖത്തിലാഴ്ത്തി
കിനാലൂര്‍: കിനാലൂരിലെ നടമ്മല്‍ മൊയ്തിക്കയുടെ വിയോഗം നാടിനെ ദുഃഖത്തിലാഴ്ത്തി. ആദ്യകാലങ്ങളില്‍ കിനാലൂരില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തനത്തിന് ഊര്‍ജം പകര്‍ന്നവരില്‍ മുന്‍പന്തിയിലുണ്ടായിരുന്നു മൊയ്തിക്ക. പനങ്ങാട് പഞ്ചായത്തില്‍ ദീര്‍ഘകാലം വളണ്ടിയര്‍ ക്യാപ്റ്റനായിരുന്നു. ബാലുശ്ശേരി മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ വളണ്ടിയര്‍ കോര്‍ രൂപീകരിക്കുന്നതില്‍ നിര്‍ണായകമായ പങ്കുവഹിച്ചു.
നൂറുകണക്കിന് പ്രവര്‍ത്തകന്‍മാരെ വളണ്ടിയര്‍ രംഗത്തേക്ക് കൊണ്ടുവരാന്‍ അക്കാലത്ത് മൊയ്തിക്കയുടെ നേതൃത്വം വഴി സാധിച്ചു.
പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളനങ്ങള്‍ക്ക് പല തവണ വളണ്ടിയറായി അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. 85വര്‍ഷം നീണ്ട ജീവിതത്തില്‍ സിംഹഭാഗവും മൊയ്തിക്ക ചിലവഴിച്ചത് മുസ്‌ലിം ലീഗ് പാര്‍ട്ടിക്ക് വേണ്ടിയാണ്.
നൂറുകണക്കിനാളുകള്‍ മയ്യിത്ത് നിസ്‌കാരത്തില്‍ പങ്കെടുത്തു. വൈകിട്ട് നടന്ന അനുസ്മരണ യോഗത്തില്‍ മുസ്‌ലിം ലീഗ് വാര്‍ഡ് പ്രസിഡന്റ് കെ. അബ്ദുല്ല അധ്യക്ഷനായി. പനങ്ങാട് പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡന്റ് മുഹമ്മദ് ഷാഫി, ജനറല്‍ സെക്രട്ടറി ഷംസീര്‍ ആശാരിക്കല്‍, വാര്‍ഡ് മെമ്പര്‍ നാസര്‍ പി.കെ, അബ്ദുല്‍ ലത്തീഫ് കണ്ടോത്ത്, അജ്മല്‍ തുടങ്ങിയവര്‍ അനുശോചിച്ചു. നൗഷാദ് സി.പി സ്വാഗതവും മനാഫ് ആശാരിക്കല്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."