ഇത്തിരിക്കുഞ്ഞന്‍ മരങ്ങളുമായി ബോണ്‍സായ് സ്റ്റാള്‍
തിരുവനന്തപുരം: പറമ്പില്‍ തണല്‍ വിരിച്ചു നില്‍ക്കുന്ന വമ്പന്‍ മരങ്ങള്‍ ചെറുചട്ടികളിലാക്കി വീടിന്റെ അകത്തളങ്ങളില്‍ വയ്ച്ചാലോ? അതാണ് ബോണ്‍സായ്കള്‍.
ഇത്തരത്തിലുള്ള നൂറുകണക്കിന് ബോണ്‍സായ് മരങ്ങളാണ് കനകക്കുന്നില്‍ നടക്കുന്ന വസന്തോത്സവത്തില്‍ അണിനിരത്തിയിട്ടുള്ളത്.
പാലോട് ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ നിന്നെത്തിയ മുപ്പത് വര്‍ഷത്തിലേറെ പ്രായമുള്ള അരയാലാണ് കൂട്ടത്തില്‍ താരം. പാലോട് ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ സീനിയര്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ആയ ഡോ. മോഹനന്റെ നേതൃത്വത്തല്‍ പരിപാലിപ്പിക്കപ്പെടുന്ന വര്‍ഷങ്ങള്‍ പ്രായമുള്ള നൂറിലേറെ ബോണ്‍സായ് മരങ്ങള്‍ പ്രദര്‍ശനത്തിലുണ്ട്.പുളി, അരയാല്‍, പേരാല്‍, കല്ലാല്‍, അശോകം, പുളിഞ്ചി, മരോട്ടി, ഇലഞ്ഞി, മാവ് തുടങ്ങി കൂറ്റന്‍ മരങ്ങളുടെയൊക്കെ ചെറു രൂപങ്ങള്‍ ഇവിടെ കാണാം. ചൈനീസ് കൊട്ടാരങ്ങളും ജപ്പാനിലെ ഉദ്യാനങ്ങളും അലങ്കരിക്കാനായി രണ്ടായിരത്തിലേറെ വര്‍ഷം മുന്‍പ് രൂപംകൊണ്ട ബോണ്‍സായ് മരങ്ങള്‍ക്കാണ് ഇന്ന് ഏറെ വിപണിയുള്ളത്.
വലിയ മരങ്ങളേതും ചെറു ചട്ടികളില്‍ ബോണ്‍സായ് ആയി വളര്‍ത്താം. ചില്ലകളും വേരുകളും വര്‍ഷത്തിലൊരിക്കല്‍ വെട്ടിയൊതുക്കുന്ന പ്രൂണിങ് രീതിയാണ് ഇതിനായി അവലംബിക്കുന്നത്. കൂറ്റന്‍ മരങ്ങള്‍ ചെറു രൂപങ്ങളായി സ്വീകരണ മുറിയിലെത്തുന്ന കൗതുകം ബോണ്‍സായിക്ക് വന്‍ വിപണിയാണ് ഒരുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."