പശ്ചിമബംഗാളില്‍ ലൈംഗിക തൊഴിലാളികള്‍ക്ക് രണ്ടു രൂപയ്ക്ക് അരി
കൊല്‍ക്കത്ത: സംസ്ഥാനത്ത ലൈംഗിക തൊഴിലാളികള്‍ക്കും എച്ച്.ഐ.വി ബാധിതര്‍ക്കും രണ്ടു രൂപയ്ക്ക് ഒരു കിലോ അരി നല്‍കാന്‍ പശ്ചിമബംഗാള്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ആശയമായ പദ്ധതിയുടെ ആദ്യഘട്ടത്തില്‍ കുഷ്ഠരോഗികള്‍, സംസാര ശേഷിയില്ലാത്തവര്‍, ബധിരര്‍ എന്നിവരടങ്ങുന്ന ഒരു ലക്ഷത്തോളം പേര്‍ ഇതിന്റെ ഉപഭോക്താക്കളാകുമെന്ന് ഭക്ഷ്യവിതരണ മന്ത്രി ജ്യോതിപ്രിയോ മല്ലിക് പറഞ്ഞു.
നഗരത്തിലെ സൊനാഗച്ചി എന്ന ചുവന്നതെരുവില്‍ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്. ഭക്ഷ്യവിതരണ വിഭാഗത്തിലെ പ്രവര്‍ത്തകര്‍ പ്രദേശത്തെ ഭരണാധികാരികളുമായി ചേര്‍ന്നായിരുന്നു സര്‍വേ നടത്തിയത്. ഇനിയും ലിസ്റ്റില്‍പ്പെടാത്ത എച്ച്.ഐ.വി ബാധിതരെ കണ്ടെത്താന്‍ സംസ്ഥാനത്തെ മുഴുവന്‍ ആശുപത്രികളിലെയും ഡാറ്റകള്‍ പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു. ആദ്യഘട്ട പരിശോധന പൂര്‍ത്തിയായെന്നും എച്ച്.ഐ.വി ബാധിതര്‍ക്ക് അവരുടെ അടുത്തുള്ള റേഷന്‍കടകളില്‍ നിന്നും അരി ലഭ്യമാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇന്ത്യയില്‍ ലൈംഗിക തൊഴിലാളികള്‍ ഏറെയുള്ള സ്ഥലമാണ് കൊല്‍ക്കത്ത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."